കാസർകോട്: തെറാപ്പിസ്റ്റുകൾ ഇല്ലാത്തതിനാൽ എൻഡോസൾഫാൻ ദുരിതബാധിത പഞ്ചായത്തുകളിലെ മാതൃകാ ശിശു പുനരധിവാസ കേന്ദ്രങ്ങളുടെ പ്രവർത്തനം അവതാളത്തിലായി.
ആറ് ബഡ്സ് സ്‌കൂളുകളിലായി സ്പീച്ച്, ഒക്യുപ്പേഷണൽ, ഫിസിയോ വിഭാഗങ്ങളിലായി 18 തെറാപ്പിസ്റ്റ് തസ്തികകളുണ്ട്. നാലുപേർ മാത്രമാണ് നിലവിലുള്ളത്.
ബഡ്സ് സ്‌കൂളുകളിലെത്തുന്ന 75 ശതമാനം ഭിന്നശേഷിക്കാർക്കും തെറാപ്പി അത്യാവശ്യമാണ്.
വൻതുക കൊടുത്ത് സ്വകാര്യ തെറാപ്പി കേന്ദ്രങ്ങളെ ആശ്രയിക്കേണ്ട ഗതികേടിലാണ് എൻഡോസൾഫാൻ ദുരിതബാധിതർ.
സാമൂഹിക സുരക്ഷാ മിഷൻ ഒഴിവുകൾ നികത്തുന്നില്ലെന്നാണ് രക്ഷിതാക്കളുടെ പരാതി.ഓരോ കേന്ദ്രത്തിലും സ്പീച്ച് തെറാപ്പിസ്റ്റ്, ഫിസിയോ തെറാപ്പിസ്റ്റ്, ഒക്യൂപേഷണൽ തെറാപ്പിസ്റ്റ് ഒഴിവുകളാണുള്ളത്. എല്ലാ കേന്ദ്രങ്ങളിലും ലക്ഷക്കണക്കിന് രൂപയുടെ ഉപകരണങ്ങൾ നശിക്കുകയാണ്. തെറാപ്പിസ്റ്റുകൾ ഇല്ലാതെ ഇവ പ്രവർത്തിപ്പിക്കാനാവില്ല.
ബെള്ളൂർ, കാറഡുക്ക, പെരിയ, മുളിയാർ, കുമ്പഡാജെ, കയ്യൂർ പഞ്ചായത്തുകളിൽ 2011ലാണ് ബഡ്സ് സ്‌കൂളുകൾ തുടങ്ങിയത്. ഇവ 2019ൽ സാമൂഹ്യ സുരക്ഷാ മിഷന്റെ മോഡൽ ചൈൽഡ് റിഹാബിലിറ്റേഷൻ സെന്ററിൽ (എം.സി.ആർ.സി) അഫിലിയേറ്റ് ചെയ്തിരുന്നു.
സൗകര്യങ്ങൾ ഇല്ലാത്തതിനാൽ രക്ഷിതാക്കൾ ദുരിതബാധിതരെ സ്‌കൂളിൽ അയയ്‌ക്കുന്നില്ല. 72 പേർ രജിസ്റ്റർ ചെയ്ത മുളിയാറിലെ സ്‌കൂളിൽ 40 പേരാണ് സ്ഥിരമായി എത്തുന്നത്. സർക്കാർ അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ സ്‌കൂളുകൾ പൂട്ടേണ്ടി വരുമെന്നാണ് ആശങ്ക.
5 മുതൽ 40 വയസ് വരെയുള്ള ദുരിത ബാധിതർ ബഡ്സ് സ്‌കൂളിലുണ്ട്. പുനരധിവാസ കേന്ദ്രം ഇല്ലാത്തതിനാൽ പ്രായം കൂടിയവരെ മാറ്റാനാവില്ല. തെറാപ്പിസ്റ്റുകൾ ഇല്ലാത്തതാണ് കാരണം.
-കെ. സുമ,പ്രിൻസിപ്പൽ
മുളിയാർ ബഡ്സ് സ്‌കൂൾ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |