
കൊച്ചി: ബർഗറിലെ ചിക്കൻസ്ട്രിപ്പിന്റെ അളവ് കുറഞ്ഞതിനെച്ചൊല്ലിയുണ്ടായ തർക്കത്തിൽ ഔട്ട്‌ലെറ്റിൽ ഭക്ഷണം കഴിക്കാനെത്തിയവർക്ക് നേരെ കത്തിവീശി ഭീഷണിപ്പെടുത്തിയ മാനേജരെ ജോലിയിൽനിന്ന് പിരിച്ചുവിട്ടതായി മാനേജ്മെന്റ് അറിയിച്ചു. എറണാകുളം എം.ജി റോഡിൽ പ്രവർത്തിക്കുന്ന ചിക്കിംഗ് ഔട്ട്ലെറ്റിന്റെ മാനേജർ ജോഷ്വായെ ആണ് പിരിച്ചുവിട്ടത്. ഔട്ട്ലെറ്റിലുണ്ടായ സംഘർത്തെ തുടർന്ന് ജോഷ്വ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
സ്ഥാപനത്തിൽ അക്രമവും അച്ചടക്കരാഹിത്യവും വച്ചുപൊറുപ്പിക്കില്ലെന്നും നിയമം കൈയിലെടുക്കാൻ ആരെയും അനുവദിക്കില്ലെന്നും മാനേജ്മെന്റ് വ്യക്തമാക്കി. അന്വേഷണവുമായി പൂർണമായി സഹകരിക്കുമെന്നും മാനേജ്മെന്റ് അറിയിച്ചു.
കഴിഞ്ഞ 30ന് ഉച്ചയ്ക്കാണ് ഔട്ട്ലെറ്റിൽ ഭക്ഷണം കഴിക്കാനെത്തിയ വിദ്യാർത്ഥികളും മാനേജരും തമ്മിൽ തർക്കമുണ്ടായത്. വിദ്യാർത്ഥികൾ വിളിച്ചുപറഞ്ഞതിനെ തുടർന്ന് സ്ഥലത്തെത്തിയ നാലംഗ സംഘവുമായുള്ള വാക്കേറ്റത്തിനിടെ ജോഷ്വ കത്തിയെടുത്ത് വീശി ഭീഷണിപ്പെടുത്തിയെന്നാണ് കേസ്. തന്നെ മർദ്ദിക്കുകയും പൂട്ടിയിടുകയും ചെയ്തെന്ന ജോഷ്വയുടെ പരാതിയിൽ നാലംഗ സംഘത്തിനെതിരെയും എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |