SignIn
Kerala Kaumudi Online
Saturday, 21 February 2026 2.52 PM IST

'മൃഗീയമായി പാമ്പിനെ പിടിക്കുന്നവർ എന്നെ വിമർശിച്ചു, ആ ചർച്ചയിൽ എല്ലാവരും വളഞ്ഞിട്ട് ആക്രമിച്ചു'; വെളിപ്പെടുത്തി വാവാ സുരേഷ്

Increase Font Size Decrease Font Size Print Page
vava-suresh

പാമ്പ് ഭയപ്പെടുത്തുന്ന ഒരു ജീവിയാണെന്ന് പലരും മുദ്രകുത്തിയപ്പോൾ അതിനെ അതിഥിയെന്ന് വിശേഷണം നൽകി മുന്നോട്ടുവന്നയാളാണ് വാവാ സുരേഷ്. കേരളത്തിൽ ഇപ്പോഴും സജീവമായി പ്രവർത്തിക്കുന്ന പാമ്പുപിടുത്തക്കാരനും കൗമുദി ടിവിയിൽ സംപ്രേഷണം ചെയ്യുന്ന സ്നേക്ക് മാസറ്റർ ഷോയുടെ അവതാരകൻ കൂടിയാണ് വാവാ സുരേഷ്. കഴിഞ്ഞ കുറച്ചുനാൾക്കുമുൻപ് ഒരു വാർത്താചാനലിന്റെ ചർച്ചയിൽ വാവാ സുരേഷിനെതിരെ രൂക്ഷവിമർശനങ്ങളുയർന്നിരുന്നു. കേരളത്തിലെ വെറ്ററിനറി ഡോക്ടർമാരും വനംവകുപ്പിലെ പാമ്പുപിടുത്തക്കാരും വാവാ സുരേഷും പങ്കെടുത്ത ചർച്ചയായിരുന്നു. ഇപ്പോഴിതാ വാവാ സുരേഷ് അന്നുനടന്ന ചർച്ചയെക്കുറിച്ചും ചിലരുടെ ലക്ഷ്യങ്ങളെക്കുറിച്ചും ഒരു യൂട്യൂബ് ചാനലിനോട് പറഞ്ഞിരിക്കുകയാണ്.

'ആ വാർത്താചാനലിലെ പരിപാടിയിൽ പാമ്പുപിടുത്തവുമായി ബന്ധപ്പെട്ടയാളുകളാണെത്തിയത്. അവർക്കൊന്നും എന്നെ ചോദ്യം ചെയ്യാൻ യാതൊരു അവകാശവുമില്ല. അവർ അശാസ്ത്രീയമായി പാമ്പിനെ പിടിക്കുന്ന ചിത്രങ്ങളും വീഡിയോകളും ഇപ്പോഴും എന്റെ കൈവശമുണ്ട്. ഫോറസ്​റ്റ് ഓഫീസറായ റോഷ്നി എന്നെ വിമർശിച്ചു. അവർക്കെതിരെ തന്നെ വനംവകുപ്പിൽ നിരവധി ആരോപണങ്ങളും കേസുകളുമുണ്ട്. അങ്ങനെയുള്ളവർക്ക് എന്നെ വിമർശിക്കാൻ യാതൊരു അവകാശവുമില്ല. വനംവകുപ്പിലെ ഓഫീസർമാർക്കുമാത്രമേ എന്നെ ചോദ്യം ചെയ്യാൻ അവകാശമുള്ളൂ.

ആ ചർച്ചയിൽ ഇരുന്നവർക്ക് അതിനുള്ള അവകാശമില്ല. മൃഗീയമായ രീതിയിൽ പാമ്പിനെ പിടിക്കുന്നവർ വരെ എന്നെ അന്ന് വിമർശിച്ചു. എറണാകുളത്ത് നായയെ പിടിക്കുന്ന ഒരു ചെറുപ്പക്കാരനും ആ ചർച്ചയിലുണ്ടായിരുന്നു. അയാൾക്ക് പാമ്പുപിടുത്തവുമായി യാതൊരു ബന്ധവുമില്ല. അതൊക്കെ എന്നെ വളഞ്ഞിട്ട് ആക്രമിക്കുന്നതുപോലെ തോന്നി. അതിനെല്ലാം ഞാൻ കൃത്യമായി മറുപടി കൊടുത്തിട്ടുണ്ട്.

യഥാർത്ഥത്തിൽ സർപ്പയെന്ന ആപ്ലിക്കേഷൻ സർക്കാരിന്റെയല്ല. ജോസ് ലൂയിസ് എന്നയാളാണ് ആ ആപ്പ് കൈകാര്യം ചെയ്യുന്നത്. സർക്കാരിന്റെ ആപ്പ് എങ്ങനെയാണ് ഒരാളുമാത്രം കൈകാര്യം ചെയ്യുന്നത്. ഇന്ത്യൻ സ്‌നേക്ക് ഡോട്ട് ഒ ആർ ജി എന്നായിരുന്നു ആപ്പിന്റെ ആദ്യത്തെ പേര്. ഇത് കേരളത്തിൽ വിജയിച്ചെന്നുപറഞ്ഞ് തമിഴ്നാടുമായി ഡീൽ നടത്താനുള്ള നീക്കത്തിലാണ് ജോയ് ലൂയിസ്. വനംവകുപ്പിനെ തെ​റ്റിദ്ധരിപ്പിച്ചാണ് നല്ല പണം വാങ്ങി ആപ്പ് നിർമിച്ചിരിക്കുന്നത്. പാമ്പുകടി ഇതുവരെയേൽക്കാത്തവരാണ് ക്യാച്ചർമാരാണെന്നാണ് ഇവർ പറയുന്നത്.

കഴിഞ്ഞ അഞ്ചുവർഷത്തിനുള്ളിൽ നൂറിലധികം പാമ്പുപിടുത്തകാർക്കാണ് കടിയേ​റ്റത്. അതിൽ എത്ര പേർ മരണപ്പെട്ടു. ഇതിന് കണക്കുവല്ലതുമുണ്ടോ? അതൊന്നും വെളിയിൽ പറയില്ല. വാവാ സുരേഷിന് കടിയേൽക്കുമ്പോൾ മാത്രമേ ഇതൊക്കെ ആഘോഷിക്കുള്ളൂ. സർപ്പയെ ചോദ്യം ചെയ്യാൻ ആരുമില്ല. വിവിധ ജില്ലകളിൽ ഇതിനുവേണ്ടി പ്രവർത്തിച്ചിരുന്ന പലരും മാറിപോകുന്ന അവസ്ഥയാണ്. കാരണം സർപ്പയെ ചോദ്യം ചെയ്യാൻ ആരുമില്ല.

പാമ്പുകടിയേ​റ്റാൽ ഉപ്പുവെള്ളം കുടിച്ചാൽ രക്ഷപ്പെടുമെന്ന് ഞാൻ എവിടെയും പറഞ്ഞിട്ടില്ല. അതൊരു പ്രാഥമിക ചികിത്സ മാത്രമാണ്. അതിന്റെ പേരിലും ചർച്ചയിൽ വിമർശനങ്ങളുണ്ടായി. അഷ്ടാംഗ സംഗ്രഹത്തിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. നാഭിക്ക് മുകളിലായി കടിയേ​റ്റാൽ, വിഷം മുകളിലേക്ക് പടരുമ്പോൾ ഉണ്ടാകുന്ന ലക്ഷണങ്ങളായ കഫക്കെട്ട്. ഓക്കാനം, ഉമിനീർ എന്നിവയ്ക്ക് വാമനം (ഛർദ്ദിപ്പിക്കൽ) പ്രതിവിധിയായി നിർദ്ദേശിക്കുന്നുണ്ട്. അതാണ് ഞാൻ അന്ന് പറഞ്ഞത്. ഉപ്പുവെള്ളം കുടിക്കുന്നത് നല്ലതാണ്. ഗ്രന്ഥങ്ങളിലെല്ലാം പറയുന്നത് മണ്ടത്തരമാണെന്നാണോ പറയുന്നത്.

എന്നെ വിമർശിക്കുന്നവരാണ് കൂടുതലുള്ളത്. ഇന്ത്യയുടെ ചരിത്രത്തിൽ തന്നെ വനംവകുപ്പിന് പാമ്പുപിടുത്തവുമായി ബന്ധപ്പെട്ട് ആദ്യമായി പരിശീലനം കൊടുക്കുന്നത് ഞാനാണ്. എന്റെ പേര് പലയിടത്തും പറയുന്നത് ചിലർക്ക് ഇഷ്ടപ്പെടുന്നില്ല. ഞാൻ പല കാര്യങ്ങളും ചോദ്യം ചെയ്യുന്നതുകൊണ്ടാണ് എന്നെ പൂട്ടാനായി പലരും ശ്രമിക്കുന്നത്. ഈ മേഖലയിൽ ഞാൻ ഉണ്ടാകരുതെന്ന് ആഗ്രഹിക്കുന്ന ഒരുപാടുപേരുണ്ട്. ഞാൻ പാമ്പുപിടിക്കാതിരിക്കാൻ അഞ്ചുലക്ഷം രൂപയ്ക്ക് പന്തയം വച്ച ആളുകളുണ്ട്. ഉത്രാവധക്കേസ് പുറത്തുവരാൻ കാരണമായതും ഞാനാണ്. ഇതൊക്കെയായിരിക്കാം അവർക്ക് ഇഷ്ടപ്പെടാത്തതെന്ന് എനിക്ക് തോന്നുന്നു'- വാവാ സുരേഷ് പറഞ്ഞു.

TAGS: VAVASURESH, SNAKE CATCHER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.