രാമനാട്ടുകര: നിയന്ത്രണം വിട്ട ബസ് മതിലിടിച്ചുതകർത്ത് വീട്ടിനുള്ളിലേക്ക് കയറി. വീടിന്റെ കിടപ്പുമുറിയുടെ ചില്ലടക്കം തകർത്തെങ്കിലും ബസ് നിന്നുപോയതിനാൽമാത്രം കിടിപ്പുമുറിയിൽ ഉറങ്ങുകയായിരുന്ന കുടുംബം രക്ഷപ്പെട്ടു. ഇന്നലെ രാവിലെ എഴിന് ഫാറൂഖ് കോളേജ് കാരാട് റൂട്ടിൽ അഴിഞ്ഞിലം കരുമകൻകാവിനു സമീപത്താണ് അപകടം. ഫാറൂഖ് കോളേജിൽ നിന്ന് കാരാട്ടേക്ക് പോകുകയായിരുന്നു ബസ്. ആദ്യ ട്രിപ്പിനായി പുറപ്പെടുന്ന സമയത്തായതിനാൽ മെഡിക്കൽ കോളേജ് -കാരാട് റൂട്ടിൽ ഓടുന്ന ഫ്രൻസ് ബസിൽ ഡ്രൈവർ അസ്‌ലം മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇദ്ദേഹം നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.
ബസ് നിറുത്തിയിട്ടതിന് ഏതാണ്ട് അരകിലോമീറ്റർ അപ്പുറത്തായുള്ള മേത്തിൽതൊടി പ്രദീപിന്റെ വീടിന്റെ ചുറ്റുമതിൽ തകർത്താണ് വീട്ടിലേക്ക് ഇടിച്ചു കയറിയത്. മതിൽ തകർത്തുവരുന്ന ബസിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ കണ്ടാൽ അമിത വേഗതയിലായിരുന്നു ബസെന്ന് വ്യക്തം. പ്രദീപിന്റെ ഭാര്യയും കുട്ടിയും കിടന്നുറങ്ങുകയായിരുന്ന മുറിയുടെ ചില്ലുഗ്ലാസുകളെല്ലാം ഇടിയുടെ ആഘാതത്തിൽ തകർന്നു. വലിയ ശബ്ദം കേട്ട് ഞെട്ടിയുണർന്നപ്പോഴാണ് മുറിക്ക് മുമ്പിൽ ബസ് വന്നു നിൽക്കുന്നത് കണ്ടതെന്ന് പ്രദീപിന്റെ ഭാര്യ പറഞ്ഞു. മതിലുള്ളതിനാൽ മാത്രമാണ് തങ്ങളിപ്പോൾ ജീവിച്ചിരിക്കുന്നതെന്നും ഇല്ലെങ്കിൽ വീട്ടിനുള്ളിലൂടെ ബസ് ഇറങ്ങിപ്പോവുമായിരുന്നെന്നും അവർ പറഞ്ഞു. അപകടത്തിൽ ഡ്രൈവർക്ക് വലിയ പരിക്കൊന്നും സംഭവിച്ചിട്ടില്ല. ബസിൽ നിന്നും പുറത്തിറങ്ങിയ ഡ്രൈവർ അസ്ലം നടന്നാണ് ആശുപത്രിയിലേക്ക് പോയതെന്ന് സമീപവാസികൾ പറഞ്ഞു. ഇയാൾക്കെതിരെ അശ്രദ്ധമായ ഡ്രൈവിംഗിന് പൊലീസ് കേസെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |