
തിരുവനന്തപുരം: സംസ്ഥാനത്തെ ഒൻപത് നഗരങ്ങളിലെ ജലവിതരണത്തിനും മലിനജല നിർമ്മാർജനത്തിനുമായി നടപ്പാക്കിയ കേന്ദ്രാവിഷ്‌കൃത പദ്ധതിയായ 'അമൃത് (അടൽ മിഷൻ ഫോർ റെജുവനേഷൻ ആൻഡ് അർബൻ ട്രാൻസ്‌ഫോർമേഷൻ) നിർവഹണവുമായി ബന്ധപ്പെട്ട് വാട്ടർ അതോറിട്ടിയുടെ വീഴ്ചകൾ തുറന്നുകാട്ടി സി.എ.ജി റിപ്പോർട്ട്. പദ്ധതി രൂപീകരണത്തിനും നടപ്പാക്കാൻ ഏജൻസികളെ നിശ്ചയിക്കുന്നതിലടക്കം വീഴ്ചയുണ്ടായി.
മതിയായ വൈദഗ്ദ്ധ്യമില്ലാതെയും ആസൂത്രമില്ലാതെയുമാണ് വാട്ടർ അതോറിട്ടി പ്രവർത്തിച്ചത്. ഇതുകാരണം പദ്ധതി നടത്തിപ്പിൽ പരാജയപ്പെട്ടു. ആരംഭിച്ച് ഒമ്പതുവർഷം കഴിഞ്ഞിട്ടും ജലവിതരണ, സ്വീവേജ് മേഖലയിലെ പദ്ധതികൾ പൂർത്തീകരിക്കാനായില്ല. ജലവിതരണ മേഖലയിൽ സാർവത്രിക കവറേജ് കൈവരിക്കുകയായിരുന്നു ലക്ഷ്യമെങ്കിലും അതിനുള്ള ആസൂത്രണമുണ്ടായില്ല.
തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശൂർ, കോഴിക്കോട്, കണ്ണൂർ കോർപ്പറേഷനുകളേയും ആലപ്പുഴ, ഗുരുവായൂർ, പാലക്കാട് നഗരസഭകളേയുമാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയത്. ശരിയായ സ്ഥലപരിശോധന, പൊതുജനാഭിപ്രായം തേടൽ എന്നിവയുണ്ടായില്ല. ഇങ്ങനെ തയ്യാറാക്കിയ എസ്റ്റിമേറ്റുകൾമൂലം പദ്ധതി ചെലവുകൂടി. 233.55 കോടിയുടെ പദ്ധതികൾ ഉപേക്ഷിക്കേണ്ട സ്ഥിതിയുണ്ടായി.
ഫണ്ട് വിതരണത്തിൽ
കാലതാമസം
കേന്ദ്രഫണ്ട് വിതരണം ചെയ്യുന്നതിൽ സംസ്ഥാനം 43 ദിവസം മുതൽ 15 മാസംവരെ കാലതാമസം വരുത്തി. ഫണ്ട് വാട്ടർ അതോറിറ്റിയുടെ പക്കൽ നിലനിറുത്തിയത് കേന്ദ്ര നിർദ്ദേശങ്ങൾ ലംഘിച്ച്. തിരുവനന്തപുരം, കൊച്ചി, കണ്ണൂർ ഒഴികെയുള്ള നഗരങ്ങൾക്ക് സ്വീവേജ് ശേഖരണ-സംസ്‌കരണ സംവിധാനങ്ങൾ സ്ഥാപിക്കാനായില്ല.
ലക്ഷ്യം കൈവരിക്കാനായില്ല
1.കുടുംബങ്ങളിൽ ആളൊന്നിന് 135 ലിറ്റർ കുടിവെള്ളം ലഭ്യമാക്കുകയെന്ന ലക്ഷ്യം കൈവരിക്കാനായില്ല. പദ്ധതി നടപ്പാക്കിയ നഗരങ്ങളിലെ ജലവിതരണ കവറേജ് 9.39- 89.16% വരെ മാത്രം
2.കൊല്ലത്ത് 40.62 കോടി ചെലവിട്ട് നിർമ്മിച്ച പ്ലാന്റ് പ്രവർത്തിപ്പിക്കുന്നതിൽ വീഴ്ച. കൊച്ചി, തൃശൂർ, പാലക്കാട് എന്നിവിടങ്ങളിൽ ഓവർഹെഡ് സർവീസ് റിസർവോയറുകൾ ഉപയോഗിക്കാനായില്ല
3.ഭൂമിയുടെ ലഭ്യത, വകുപ്പുകളുടെ എൻ.ഒ.സി എന്നിവയിലുണ്ടായ തടസം പദ്ധതികൾ ഉപേക്ഷിക്കാൻ കാരണമായി. പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട കമ്മിറ്റി കൃത്യമായി യോഗം ചേർന്നില്ല
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |