
തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിൽ കാണാതായ തൃശൂർ കോട്ടപ്പുറം സ്വദേശി ഗിരീഷിന്റെ അമ്മ ഗൗരിയമ്മ (74) അന്തരിച്ചു. പക്ഷാഘാതത്തെത്തുടർന്ന് കഴിഞ്ഞ കുറച്ച് നാളുകളായി ചികിത്സയിൽ കഴിയുകയായിരുന്നു ഗൗരിയമ്മ. വെടിക്കെട്ട് അപകടത്തിന്റെ തലേദിവസമാണ് ഡിസ്‌ചാർജ് വാങ്ങി വീട്ടിലേക്ക് വന്നത്.
ഇതിനിടെയാണ് പടക്കനിർമാണശാലയിലുണ്ടായ സ്‌ഫോടനത്തിൽ മകനെ കാണാതാകുന്നത്. ഇതിൽ കടുത്ത മാനസിക വിഷമത്തിലായിരുന്നു. ഇടയ്‌ക്കിടെ ബോധം വരുമ്പോഴെല്ലാം ഗൗരിയമ്മ മകനെക്കുറിച്ച് അന്വേഷിച്ചിരുന്നു. ഗൗരിയമ്മയുടെ സംസ്‌കാര ചടങ്ങുകൾ ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് പാറമേക്കാവ് ശാന്തിഘട്ടിൽ നടക്കും.
തിരുവമ്പാടി ദേവസ്വവുമായും ഫെസ്റ്റിവൽ കമ്മിറ്റിയുമായും ചേർന്ന് സജീവമായി പ്രവർത്തിച്ചിരുന്ന വ്യക്തിയായിരുന്നു ഗിരീഷ്. ചൊവ്വാഴ്‌ച ഉണ്ടായ വെടിക്കെട്ട് അപകടത്തിന് ശേഷം ഇദ്ദേഹത്തെക്കുറിച്ച് യാതൊരു വിവരവുമില്ല. സ്‌ഫോടനത്തിൽ മൃതദേഹം കണ്ടെത്താൻ സാധിക്കാത്തവരുടെ പട്ടികയിൽ ഗിരീഷും ഉൾപ്പെട്ടിട്ടുണ്ട്.
കാണാതായവർക്കായുള്ള തെരച്ചിലും തിരിച്ചറിയാത്ത മൃതദേഹങ്ങളുടെ പോസ്റ്റ്‌മോർട്ടം നടപടികളും ഇപ്പോഴും പുരോഗമിക്കുകയാണ്. ചികിത്സയിൽക്കഴിയുന്ന പത്തുപേരിൽ നാലുപേരുടെ നില അതീവ ഗുരുതരമാണ്. കോട്ടപ്പുറം, കമ്മത് ലെയ്‌നിൽ അഭിജിത് എന്ന അഭി, തൃശൂർ മണക്കൂടി സ്വദേശി കോലാട്ടു പുരക്കൽ ഹൗസിൽ വിഷ്ണു, കോട്ടപ്പുറം ചേലാട്ട് ലെയ്‌നിൽ ഗിരീഷ്, സുരേഷ് സി എ എന്നിവരെയാണ് വെടിക്കെട്ട് അപകടത്തിൽ കാണാതായത്.
ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ തൃശൂർ പൂരത്തിന്റെ നടത്തിപ്പ് സംബന്ധിച്ച് മന്ത്രിതല ചർച്ചകൾ നടക്കുകയാണ്. സാമ്പിൾ വെടിക്കെട്ട് ഒഴിവാക്കണമെന്നും പൂരത്തിന്റെ ആചാരപരമായ ചടങ്ങുകൾ നടത്തണമെന്നുമാണ് പാറമേക്കാവ് ദേവസ്വം ഉൾപ്പെടെയുള്ളവർ ജില്ലാ ഭരണകൂടത്തെ അറിയിച്ചിട്ടുള്ളത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |