
തിരുവനന്തപുരം: എ ക്ലാസ് മീനുകൾ മാത്രമേ മുഖ്യമന്ത്രി പിണറായി വിജയൻ കഴിക്കൂ എന്നും
ചൂരമീൻ ഇഷ്ടമില്ലാത്തതിനാൽ ഭക്ഷണം കഴിക്കാതെ ആനത്തലവട്ടം ആനന്ദന്റെ വീട്ടിൽ നിന്ന് മടങ്ങിയെന്നുമുള്ള സി.പി.ഐ നേതാവ് സി. ദിവാകരന്റെ പരാമർശം സാമൂഹ്യമാദ്ധ്യമങ്ങളിലടക്കം ചർച്ചയായി. അതേസമയം, തന്റെ അനുഭവമാണ് പറഞ്ഞതെന്നും വിവാദമാക്കേണ്ടതില്ലെന്നും ദിവാകരൻ പ്രതികരിച്ചപ്പോൾ പരാമർശത്തെ തള്ളി മന്ത്രി വി. ശിവൻകുട്ടിയും ആനത്തലവട്ടം ആനന്ദന്റെ മകൻ ജീവയും രംഗത്തെത്തി.
പിണറായി വിജയൻ സി.പി.എം സംസ്ഥാന സെക്രട്ടറിയായിരിക്കെ എൽ.ഡി.എഫ് ജാഥയ്ക്കിടെ ആനത്തലവട്ടം ആനന്ദന്റെ വീട്ടിൽ ഭക്ഷണം കഴിക്കാൻ പോയപ്പോഴുണ്ടായ അനുഭവമാണ് കഴിഞ്ഞമാസം ഒരു ഓൺലൈൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ദിവാകരൻ വെളിപ്പെടുത്തിയത്. കഴിഞ്ഞദിവസം കെ-ഡിസ്ക് സംഘടിപ്പിച്ച യംഗ് ഇനവേറ്റേഴ്സ് മീറ്റിൽ മുഖ്യമന്ത്രി തന്റെ കുട്ടിക്കാലത്തെ അനുഭവങ്ങളെക്കുറിച്ച് സംസാരിച്ചതിന് പിന്നാലെയാണ് ഈ അഭിമുഖം ഇപ്പോൾ ചർച്ചയായത്.
ചില ആളുകൾക്ക് ചില മീനുകൾ ആയിരിക്കും ഇഷ്ടമെന്നും എ ക്ലാസ്, ബി ക്ലാസ് മീൻ എന്നൊന്നും ഇല്ലെന്നും മന്ത്രി ശിവൻകുട്ടി പ്രതികരിച്ചു. ദിവാകരന്റെ പരാമർശം ഓർമ്മക്കുറവ് കൊണ്ടായിരിക്കാം. വാരിവലിച്ചു കഴിക്കുന്ന ആളല്ല പിണറായി. ദിവാകരൻ നല്ലരീതിയിൽ ഭക്ഷണം കഴിക്കുന്ന ആളാണെന്നും മന്ത്രി പറഞ്ഞു. ദിവാകരന്റെ പരാമർശം ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ജീവ നിഷേധിച്ചത്.
അതേസമയം, തന്റെ അനുഭവം ഒരു കൗതുകം എന്നനിലയിൽ പറഞ്ഞത് വിവാദമാക്കേണ്ട കാര്യമില്ലെന്ന് ദിവാകരൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. തന്റെ അനുഭവം തെറ്റാണെന്ന് മറ്റൊരാൾ പറഞ്ഞാൽ എങ്ങനെ ശരിയാകും. മറ്റൊന്നുമില്ലാത്തതിനാലാണ് ഇതിനെ വിവാദമാക്കുന്നത്. ആനത്തലവട്ടത്തിന്റെ മകന്റെ പോസ്റ്റ് കണ്ടില്ലെന്നും വ്യക്തമാക്കി.
ദിവാകരന്റ പരാമർശം
''ആനത്തലവട്ടം ആനന്ദൻ വി.എസ് പക്ഷക്കാരനായതിനാൽ അദ്ദേഹത്തിന്റെ വീട്ടിൽനിന്ന് പിണറായിക്ക് ഭക്ഷണം കഴിക്കാൻ താത്പര്യമുണ്ടായിരുന്നില്ല. അവിടെ കഴിക്കാൻ നൽകിയ ചൂരമീൻ ഇഷ്ടപ്പെടാത്തതിനാൽ കഴിക്കാതെ മടങ്ങി. എ ക്ലാസ് മീനുകൾ മാത്രമേ പിണറായി കഴിക്കൂ. അതിനാൽ, എൽ.ഡി.എഫ് ജാഥയുടെ ചുമതലയുണ്ടായിരുന്ന സി.പി.എം ജില്ലാ സെക്രട്ടറി സത്യനേശൻ, ബാലരാമപുരത്തെ പിറ്റേന്നത്തെ പരിപാടിക്കു വേണ്ടി പാളയം മാർക്കറ്റിൽ നിന്നും നെയ്മീൻ വാങ്ങി കറിവച്ചു നൽകിയിരുന്നു''.
ഭക്ഷണം കഴിച്ചാണ്
മടങ്ങിയത്: ജീവ
ആനത്തലവട്ടം ആനന്ദന്റെ മകൻ ജീവ ഫേസ്ബുക്കിൽ എഴുതിയ കുറിപ്പ്: ''പിണറായി സഖാവ് ഒരിക്കൽ വീട്ടിൽ നിന്നും ഭക്ഷണം കഴിച്ചിട്ടുണ്ട്. ഭക്ഷണം കഴിക്കുന്നതിനിടയിൽ മുഖമുയർത്തി അവിടെയുണ്ടായിരുന്ന സ്ത്രീകളിലൊരാളെ ചൂണ്ടി ഇതാണോ ആനന്ദന്റെ ഭാര്യ എന്നു പിണറായി ചോദിച്ചു. അപ്പോൾ അടുത്തുനിന്ന അമ്മയെ ചൂണ്ടി അച്ഛൻ പരിചയപ്പെടുത്തി. ഭക്ഷണമെല്ലാം കഴിച്ചു സന്തോഷത്തോടെ അമ്മയോടും യാത്ര പറഞ്ഞാണ് പിണറായി പോയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
കേരള കൗമുദി ശാലോം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് റിസേർച്ചുമായി നെന്മാറ നേതാജി മെമ്മോറിയൽ