തിരുവനന്തപുരം: മുതിർന്ന സോഷ്യലിസ്റ്റ് നേതാവും ആർ.ജെ.ഡി സംസ്ഥാന വൈസ് പ്രസിഡന്റുമായ വിതുര ചാരുപാറ വസന്ത വിലാസത്തിൽ ചാരുപാറ രവി (76) അന്തരിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗമാണ്. ചികിത്സയിലിരിക്കെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്‌കാരം ഇന്ന് വൈകിട്ട് മൂന്നിന് വിതുരയിലെ വീട്ടുവളപ്പിൽ.
പതിനെട്ടാം വയസിൽ സംയുക്ത സോഷ്യലിസ്റ്റ് പാർട്ടിയിൽ അംഗമായി രാഷ്ട്രീയത്തിൽ തുടക്കം. അടിയന്തരാവസ്ഥക്കാലത്ത് ജയിൽവാസം അനുഭവിച്ചു. വിദ്യാഭ്യാസകാലത്ത് ഐ.എസ്.ഒയുടെ ഭാരവാഹിയായിരുന്നു. ജനതാപാർട്ടി മുതലുള്ള ജനതാദൾ പ്രസ്ഥാനങ്ങളുടെ ജില്ലാ, സംസ്ഥാന ഭാരവാഹിയായും നാഷണൽ കൗൺസിൽ അംഗമായും എക്സിക്യൂട്ടീവ് അംഗമായും പ്രവർത്തിച്ചു.
1980ൽ ജനതാ പാർട്ടി സ്ഥാനാർത്ഥിയായി ആര്യനാട് നിന്നും 1996ൽ നെയ്യാറ്റിൻകര മണ്ഡലത്തിൽ നിന്നും 2011ൽ നേമം മണ്ഡലത്തിൽ നിന്നും നിയമസഭയിലേയ്ക്ക് മത്സരിച്ചു. 1990ൽ റബർ ബോർഡ് വൈസ് ചെയർമാനായി. കെ.എസ്.ആർ.ടി.സി ഡയറക്ടർ ബോർഡംഗം, കാംകോ ചെയർമാൻ എന്നീ നിലകളിലും പ്രവർത്തിച്ചു.
തൊളിക്കോട് പഞ്ചായത്തംഗം, ചായം സഹകരണബാങ്ക് ഡയറകടർ ബോർഡ് അംഗം, കിളിമാനൂർ കാർഷിക ഗ്രാമവികസന ബോർഡ് അംഗം, എച്ച്.എം.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ശ്യാമള. മക്കൾ:അരുൺ (മാതൃഭൂമി), ആശ, അർച്ചന. മരുമക്കൾ: ശ്രീകുമാർ,സന്തോഷ് കുമാർ. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ, മന്ത്രിമാരായ വി.ശിവൻകുട്ടി, ജി.ആർ.അനിൽ, എം.പിമാരായ അടൂർപ്രകാശ്, ശശിതരൂർ, ആർ.ജെ.ഡി സംസ്ഥാന പ്രസിഡന്റ് എം.വി.ശ്രേയാംസ് കുമാർ തുടങ്ങിയവർ അനുശോചിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |