തിരുവനന്തപുരം; ശ്രീനാരായണഗുരു ജയന്തി ആഘോഷം സംഘടിപ്പിക്കാൻ ഒ.ബി.സി മോർച്ചയെ ഏൽപ്പിച്ചതിനെച്ചൊല്ലി ബി.ജെ.പിയിൽ പൊട്ടിത്തെറി.
ശ്രീനാരായണഗുരു പിന്നാക്കക്കാരുടേത് മാത്രമാണെന്നും പിന്നാക്ക വിഭാഗക്കാർ
മാത്രം ജയന്തി ദിനം ആഘോഷിക്കട്ടെയെന്നുമുള്ള സങ്കുചിത ചിന്തയാണ് ഈ നടപടിക്ക് പിന്നിലെന്ന് ആരോപിച്ച് ബി.ജെ.പി ദേശീയ കൗൺസിൽ അംഗം കെ.എ.ബാഹുലേയൻ രാജി വച്ചു.മുൻ ഡി.ജി.പി സെൻ കുമാറും കഴിഞ്ഞ ദിവസം ഇതേ വിഷയത്തിൽ
നേതൃത്വത്തിനെതിരെ രംഗത്ത് വന്നിരുന്നു.
ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ബാഹുലേയന്റെ രാജി പ്രഖ്യാപനം. എസ്.എൻ.ഡി.പി യോഗം അസിസ്റ്റന്റ് സെക്രട്ടറി കൂടിയാണ് ബാഹുലേയൻ. 'ചതയ ദിനാഘോഷം നടത്താൻ ബി.ജെ.പി ഒ.ബി.സി മോർച്ചയെ ഏൽപ്പിച്ച സങ്കുചിത ചിന്താഗതിയിൽ പ്രതിഷേധിച്ച് ബി.ജെ.പി വിടുന്നു' എന്നായിരുന്നു പോസ്റ്റ്. ശ്രീകൃഷ്ണ ജയന്തി ആഘോഷം ഇങ്ങനെയല്ലല്ലോ ആഘോഷിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.ഒ.ബി.സി മോർച്ചയെ പരിപാടി നടത്താൻ എന്തിന് ഏൽപ്പിച്ചെന്ന ചോദ്യമാണ് ഫേസ്ബുക്കിലെ കുറിപ്പിൽ സെൻകുമാർ ഉന്നയിച്ചത്. ബി.ജെ.പിയല്ലേ പരിപാടി നടത്തേണ്ടത്. ഒ.ബി.സി മോർച്ചക്കാരുടേത് മാത്രമല്ലല്ലോ ഗുരു.
നാം ഒരു വർഗത്തിന്റെ മാത്രം ആളല്ലെന്നും ,നാം ജാതി ഭേദം വിട്ട് സംവത്സരങ്ങൾ കഴിഞ്ഞിരിക്കുന്നുവെന്നും ഗുരുദേവൻ അരുളി ചെയ്തത് നിങ്ങൾക്കിപ്പോഴും അറിയില്ലേ എന്നും സെൻകുമാർ ചോദിച്ചു.
അതേ സമയം, ഗുരുവിന്റെ ആദർശങ്ങൾ പിൻപറ്റുന്ന പാർട്ടിയാണ് ബി.ജെ.പിയെന്നും, ബി.ജെ.പി ഓഫീസുകൾ കേന്ദ്രീകരിച്ച് ആഘോഷങ്ങൾ സംഘടിപ്പിക്കാറുണ്ടെന്നും പാർട്ടി ദേശീയ നിർവാഹക സമിതിയംഗം പി.കെ.കൃഷ്ണദാസ് ഫേസ്ബുക്കിൽ കുറിച്ചു. മഹാത്മാ ഗാന്ധി-നാരായണഗുരു കൂടിക്കാഴ്ചയുടെ ശതാബ്ദി ഉദ്‌ഘാടനം ചെയ്തത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്. ഹിന്ദു ആചാര്യനും നവോത്ഥാന നായകനുമാണ് നാരായണ ഗുരുവെന്നും കൃഷ്ണദാസ് പറഞ്ഞു..
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |