SignIn
Kerala Kaumudi Online
Wednesday, 18 February 2026 10.02 PM IST

രമേശ് ചെന്നിത്തല കേരളകൗമുദിയോട്..... തിരഞ്ഞെടുപ്പിനെ സമീപിക്കുന്നത് വ്യക്തമായ ദിശാബോധത്തോടെ

Increase Font Size Decrease Font Size Print Page
p

തിരുവനന്തപുരം: വെറുതെ ആക്ഷേപങ്ങളുന്നയിക്കലല്ല, നാളത്തെ കേരളം എങ്ങനെയാവണം എന്ന വ്യക്തമായ ദിശാബോധത്തോടെയാവും യു.ഡി.എഫ് നിയമസഭാ തിരഞ്ഞെടുപ്പിനെ സമീപിക്കുകയെന്ന് കോൺഗ്രസ് തിരഞ്ഞെടുപ്പ് പ്രചാരണ സമിതി അദ്ധ്യക്ഷൻ രമേശ് ചെന്നിത്തല. സംസ്ഥാനം അഭിമുഖീകരിക്കുന്ന ഗൗരവതരമായ പ്രശ്നങ്ങൾക്കുള്ള കൃത്യമായ പരിഹാരമാവും ജനങ്ങൾക്ക് മുമ്പാകെ വയ്ക്കുക. അതേസമയം, ഭരണത്തിന്റെ കൃത്യമായ വിലയിരുത്തലും ഉണ്ടാവുമെന്നും പുതിയ ചുമതല ഏറ്റെടുത്ത അദ്ദേഹം കേരളകൗമുദിയോട് പറഞ്ഞു.

?എങ്ങനെയൊക്കെയാവും പ്രചാരണ തന്ത്രങ്ങൾ

സോഷ്യൽ മീഡിയ ഉൾപ്പെടെയുള്ള സംവിധാനങ്ങളെല്ലാം ഫലപ്രദമായ തരത്തിൽ ഉപയോഗിക്കും. അതിനൊപ്പം പരമ്പരാഗത രീതിയിലുള്ള ചില കാര്യങ്ങളും ആവശ്യമായി വരും. മല്ലികാർജുൻ ഖർഗെ, രാഹുൽഗാന്ധി, പ്രിയങ്കഗാന്ധി തുടങ്ങിയ ദേശീയ നേതാക്കളുടെ സാന്നിദ്ധ്യവുമുണ്ടാവും. രാഹുൽഗാന്ധി കൂടുതൽസമയം കേരളത്തിൽ ഉണ്ടാവണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. എല്ലാ വിഭാഗത്തിൽപ്പെട്ട ആൾക്കാരുമായും ആശയവിനിമയം നടത്തി, അവരുടെ നിർദ്ദേശങ്ങളടക്കം ഉൾക്കൊണ്ടാവും മുന്നോട്ടുപോവുക.

?യു.ഡി.എഫിന് അനുകൂലമാവുന്ന ഘടകങ്ങൾ

ജനങ്ങൾ ഒരുമാറ്റം ആഗ്രഹിക്കുന്നു. ലോക്‌‌സഭാ തിരഞ്ഞെടുപ്പിലും ഉപതിരഞ്ഞെടുപ്പുകളിലും തദ്ദേശതിരഞ്ഞെടുപ്പിലും കണ്ടത് ഈ വികാരമാണ്. സി.പി.ഐ നേതാവ് സി.ദിവാകരൻ പറഞ്ഞത് യഥാർത്ഥ വസ്തുതയാണ്. ഇവിടെ ഒരു ചുക്കും നടക്കുന്നില്ല. യുവജനങ്ങൾ വൻതോതിൽ പലായനം ചെയ്യുന്നു. നിയമനങ്ങൾ നല്ല നിലയ്ക്ക് നടക്കുന്നില്ല.

?വലിയ വികസനം നടക്കുന്നുണ്ടെന്നാണല്ലോ സർക്കാർ പറയുന്നത്

അതൊക്കെ അമിത പ്രചാരണമാണ്. കാര്യമായ നിക്ഷേപങ്ങളൊന്നും വരുന്നില്ല. ജീവനക്കാരുടെ ആനുകൂല്യങ്ങൾ നിഷേധിക്കുന്നു. കശുഅണ്ടി, കയർ, കൈത്തറി തുടങ്ങി പരമ്പരാഗത വ്യവസായങ്ങളും തകർന്നിരിക്കുന്നു. ദീർഘവീക്ഷണത്തോടെയുള്ള പദ്ധതികളില്ല. ജനങ്ങളുടെ ജീവിതപ്രശ്നങ്ങൾക്കുള്ള പരിഹാരവും സമഗ്ര വികസനവുമാവും യു.ഡി.എഫ് മുന്നോട്ടു വയ്ക്കുക.

?പ്രതിസന്ധികളുടെ കാരണം എന്താണെന്നാണ് യു.ഡി.എഫ് വിലയിരുത്തുന്നത്

ഇവിടെ നിക്ഷേപത്തിന് ആരും വരുന്നില്ലെന്നതാണ് പ്രധാന വിഷയം. ദേശീയ പണിമുടക്ക് ഇവിടെ മാത്രമാണ് ഹർത്താലായി മാറിയത്. പണിമുടക്കിനോട് ഞങ്ങളാരും എതിരല്ല. ജനങ്ങളെ ബുദ്ധിമുട്ടിച്ചുള്ള സമരങ്ങൾ പാടില്ലെന്നാണ് ഞങ്ങളുടെ കാഴ്ചപ്പാട്. ആരോഗ്യമേഖലയിലെ തകർച്ചയാണ് മറ്റൊരു ഗൗരവവിഷയം. പാവപ്പെട്ടവന് താങ്ങാൻ പറ്റാത്തതാണ് ചികിത്സാചെലവ്. യു.ഡി.എഫ് വന്നാൽ യൂണിവേഴ്സൽ ഇൻഷ്വറൻസ് പദ്ധതി നടപ്പാക്കും. കേരളത്തെ വീണ്ടെടുക്കുക, അഴിമതിമുക്ത ഭരണം എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.

?തിര. പ്രചാരണസമിതി അദ്ധ്യക്ഷൻ എന്ന നിലയിൽ മത്സരരംഗത്തുണ്ടാവുമോ

തീർച്ചയായും ഉണ്ടാവും. പ്രതിപക്ഷനേതാവായിരുന്നപ്പോഴും കെ.പി.സി.സി അദ്ധ്യക്ഷനായിരുന്നപ്പോഴുമെല്ലാം ഞാൻ മത്സരിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ നാലുദിവസം മാത്രമാണ് ഞാൻ മണ്ഡലത്തിൽ പ്രചാരണ രംഗത്തുണ്ടായിരുന്നത്. ഹരിപ്പാട് എന്നത് എന്റെ അമ്മവീടാണ്. ജനങ്ങളുമായി അത്രയ്ക്ക് ബന്ധവും അടുപ്പവുമുണ്ട്. അവിടെ രാഷ്ട്രീയമില്ല. പ്രചാരണ സമിതി അദ്ധ്യക്ഷൻ എന്നനിലയ്ക്ക് പാർട്ടിയെയും പൊതുസമൂഹത്തെയും ഉൾപ്പെടെ ഒരുമിപ്പിച്ച് കൊണ്ടുപോവുക എന്നതാണ് ഉദ്ദേശിക്കുന്നത്.

?എത്ര സീറ്റുകളാണ് പ്രതീക്ഷിക്കുന്നത്

നൂറിലധികം സീറ്റുകൾ നേടി യു.ഡി.എഫ് ഭരണത്തിൽ വരുമെന്നാണ് ഞങ്ങളുടെ വിലയിരുത്തൽ. നിലവിലെ മിക്ക എം.എൽ.എമാരും മത്സരിക്കാനാണ് സാദ്ധ്യത. കഴിയുന്നത്ര നേരത്തെ സ്ഥാനാർത്ഥി പ്രഖ്യാപനമുണ്ടാവും.

TAGS: CHENNITHALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY