തിരുവനന്തപുരം: വീട്ടിലെ കുളിമുറി ഉപയോഗിച്ചതിന് പെൺകുഞ്ഞിന്റെ മുഖം തകർത്ത് രണ്ടാനമ്മ. 8 വയസുകാരനെ ഇസ്തിരിപ്പെട്ടിക്ക് പൊള്ളിച്ച് രണ്ടാനച്ഛൻ. രണ്ടു പെൺകുട്ടികളെ നിരന്തരം മാനഭംഗത്തിനിരയാക്കി അമ്മയുടെ കാമുകൻ...
മനസാക്ഷി മരവിക്കുന്ന അതിക്രമങ്ങൾ നിത്യസംഭവമായതോടെ കടുത്ത നടപടിക്ക് സർക്കാർ ഒരുങ്ങുന്നു. കുഞ്ഞുങ്ങളുടെ സംരക്ഷണമുറപ്പാക്കാൻ കർമ്മപദ്ധതി നടപ്പാക്കും. വീട്ടിൽ ബന്ധുക്കളിൽ നിന്ന് ദുരനുഭവം നേരിടുന്ന കുട്ടികൾക്ക് രഹസ്യമായി പരാതിയറിയിക്കാൻ സ്കൂളുകളിൽ ഹെൽപ്പ്ബോക്സ് സ്ഥാപിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. പരാതിയിൽ കുട്ടികളുടെ പേരെഴുതേണ്ടതില്ല. പ്രധാനാദ്ധ്യാപകൻ ആഴ്ചതോറും പരിശോധിച്ച് നടപടിയെടുക്കണം. ഗുരുതര പരാതികൾ സർക്കാരിനെ അറിയിക്കണം.
രണ്ടാനമ്മയുടെയും രണ്ടാനച്ഛന്റെയും സംരക്ഷണയിലുള്ള കുട്ടികളുടെ കണക്കെടുക്കും. സ്കൂളുകളുടെയും സന്നദ്ധ സംഘടനകളുടെയും സഹായത്തോടെയാണിത്. അതിക്രമങ്ങൾക്ക് ലഹരിയുപയോഗം, കുടുംബപ്രശ്നങ്ങൾ, രക്ഷിതാക്കളുടെ അവിഹിതബന്ധം എന്നിങ്ങനെ കാരണങ്ങൾ പലതാണ്. ബാലാവകാശ കമ്മിഷനും പൊലീസിനും ശിശുക്ഷേമസമിതിക്കും തടയാനാവുന്നില്ല. പീഡനം മിക്കതും രഹസ്യമായി ഒതുക്കുന്നു.
43,474
10 വർഷത്തിനിടെ ആക്രമണത്തിനിരയായവർ
282
കൊലചെയ്യപ്പെട്ട- കുഞ്ഞുങ്ങൾ
13,825
ലൈംഗികാതിക്രമ കേസുകൾ
1871
തട്ടിക്കൊണ്ടുപോയി തിരിച്ചുകിട്ടാത്തവർ
ഉടനടി കേസ്
1. വീടുകളിൽ കുട്ടികളെ ഉപദ്രവിച്ച പരാതിയിൽ പൊലീസ് ഉടനടി കേസെടുക്കും. ജുവനൈൽ ജസ്റ്റിസ് ആക്ടും പോക്സോ നിയമവും ചുമത്താം
2. കുട്ടികളെ ഉപദ്രവിക്കുന്നത് നിയമവിരുദ്ധമാണെന്ന് രക്ഷിതാക്കളെ ബോധവത്കരിക്കാൻ റെസ്പോൺസിബിൾ പേരന്റിംഗ് നടപ്പാക്കും
എട്ട് വയസുകാരനെ
തേപ്പ് പെട്ടിക്ക് പൊള്ളിച്ച
രണ്ടാനച്ഛൻ അറസ്റ്റിൽ
ചവറ: എട്ടു വയസുകാരനെ തേപ്പുപെട്ടി കൊണ്ട് പൊള്ളിച്ച രണ്ടാനച്ഛൻ ചവറ തെക്കുംഭാഗം ദിനേശ് ഭവനിൽ കൊച്ചനിയൻ (39) അറസ്റ്റിലായി. മൂന്നാം ക്ളാസിൽ പഠിക്കുന്ന ആദിദേവാണ് ക്രൂരതയ്ക്ക് ഇരയായത്. മുത്തശ്ശിയോട് വഴക്കിട്ടതിന് ശിക്ഷിച്ചതാണത്രേ. വലത് കാലിൽ മുട്ടിന് താഴെ സാരമായി മുറിവേറ്റു. മുത്തശ്ശി ആശുപത്രിയിൽ കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും അനുവദിച്ചില്ല. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം.
മാതാവ് ദീപ മൂന്നുമാസമായി വിദേശത്താണ്. ഏഴുവർഷം മുമ്പാണ് ഇവർ കൊച്ചനിയനെ വിവാഹം കഴിച്ചത്. ആ ബന്ധത്തിൽ ആറും രണ്ടും വയസുള്ള കുട്ടികളുണ്ട്. കൊച്ചനിയന്റെയും രണ്ടാം വിവാഹമാണ്.
മറ്റാരും അറിയാതിരിക്കാൻ കുട്ടിയെ സ്കൂളിൽ വിട്ടില്ല. കാലിലെ പൊള്ളൽ ശ്രദ്ധയിൽപ്പെട്ട അയൽക്കാരി സമീപത്തെ അങ്കണവാടിയിൽ വിവരമറിയിച്ചു. ഇളയ കുട്ടിക്കുള്ള അമൃതം പൊടി വാങ്ങാൻ ആദിദേവാണ് പോയത്. പഞ്ചായത്ത് മെമ്പറും അങ്കണവാടി ടീച്ചറും കാലിലെ പരിക്കിനെപ്പറ്റി ചോദിച്ചപ്പോൾ കുട്ടി എല്ലാം തുറന്നുപറഞ്ഞു. തുടർന്ന് ചൈൽഡ് ലൈനിൽ വിവരമറിയിച്ചു. കൊച്ചനിയനെ തെക്കുംഭാഗം പൊലീസ് വിളിച്ചുവരുത്തി അറസ്റ്റുചെയ്യുകയായിരുന്നു. കുട്ടിയെ ചൈൽഡ് വൈൽഫെയർ കമ്മിറ്റി സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.
'അച്ഛനെ വിലക്കിയാൽ മതി'
'എന്റെ അച്ഛനെ ഒന്നും ചെയ്യരുത്. എന്നെ ഇനി ഉപദ്രവിക്കരുതെന്ന് വിലിക്കിയാൽ മതി"...
ആലപ്പുഴ ചാരുംമൂട്ടിൽ പിതാവിന്റെയും രണ്ടാനമ്മയുടെയും ക്രൂരപീഡനം സഹിച്ചുവന്ന എട്ടുവയസുകാരിയുടെ അപേക്ഷയാണിത്. ബന്ധുവീട്ടിൽ കഴിയുന്ന കുട്ടിയെക്കാണാനെത്തിയ ശിശുക്ഷേമസമിതി ചെയർപേഴ്സൺ ബി.വസന്തകുമാരിയമ്മയോടാണ് അപേക്ഷ.
പിതാവ് അൻസർ, രണ്ടാനമ്മ ഷെഫിന എന്നിവരെ ഇന്നലെ രാത്രി പൊലീസ് കസ്റ്റഡിയിലെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |