SignIn
Kerala Kaumudi Online
Wednesday, 18 February 2026 4.10 PM IST

ഒരു ചായ എത്ര രൂപയ്ക്ക് വില്‍ക്കാം? ലാഭം കിട്ടാന്‍ വില കൂട്ടുന്നതിന് പകരം ചെയ്യേണ്ടത് മറ്റൊരു കാര്യം

Increase Font Size Decrease Font Size Print Page
tea

ചായ ഒരു വികാരമാണ് എന്ന് പറയുന്നത് വെറുതേയല്ല. ഒരു ദിവസത്തിന്റെ തുടക്കം നല്ലൊരു ചായയില്‍ നിന്നാകണം എന്ന് ആഗ്രഹിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. എന്തിനേറെ പറയുന്നു, രാവിലെ കിട്ടുന്ന ചായ മോശമാണെങ്കില്‍ ആ ദിവസം തന്നെ പോക്കാണ് എന്ന് കരുതുന്നവരുമുണ്ട്. ചായ കുടിക്കുന്ന സ്ഥലത്തിനും ആര്‍ക്കൊപ്പമാണ് ചായ കുടിക്കുന്നത് എന്നും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് വലിയ പ്രാധാന്യം നല്‍കുന്ന നിരവധിപേരെ നമുക്ക് ചുറ്റും കാണാന്‍ കഴിയും.

വീട്ടില്‍ നിന്നായാലും പുറത്താണെങ്കിലും ശരി ഒരു ചായ കുടിക്കുന്നതിന് പ്രത്യേക സമയനിഷ്ടയുള്ളവരുമുണ്ട്. സ്ഥിരം കുടിക്കുന്ന സ്ഥലത്ത് നിന്ന് മാറി മറ്റൊരു സ്ഥലത്ത് നിന്നാണ് ചായയെങ്കില്‍ 'അത് അങ്ങോട്ട് ശരിയായില്ല' എന്ന കമന്റ് നമ്മുടെ സുഹൃത്തുകളും പരിചയക്കാരുമൊക്കെ പറയുന്നത് ഒരുതവണയെങ്കിലും കേള്‍ക്കാത്തവരുമുണ്ടാകില്ല. വലിയൊരു വിഭാഗത്തിന് ചായ ഒരു വികാരമാണെങ്കില്‍ മറ്റൊരു വിഭാഗത്തിന് ചായ ജീവിക്കാനുള്ള മാര്‍ഗം കൂടിയാണ്.

ചായ വിറ്റാല്‍ ജീവിക്കാനുള്ള വരുമാനം കിട്ടുമോ? ചായ കച്ചവടം നടത്തി ജീവിതത്തിലെ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിയ എത്രയോപേര്‍ നമുക്ക് ചുറ്റുമുണ്ട്. അങ്ങനെയാണെങ്കില്‍ കേരളത്തില്‍ ഒരു ചായക്കട തുടങ്ങിയാല്‍ എത്ര വരുമാനം കിട്ടും? ഒരു ചായത്തട്ട് തുടങ്ങിയാല്‍ അത് ലാഭത്തിലേക്ക് എത്താന്‍ എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്? ഇക്കാര്യത്തില്‍ തന്റെ അഭിപ്രായം വ്യക്തമാക്കുകയാണ് സെലിബ്രിറ്റി ഷെഫ് സുരേഷ് പിള്ള.

സുരേഷ് പിള്ളയുടെ വാക്കുകള്‍: ഒരാള്‍ സ്വന്തം നിലയ്ക്ക് പാല് വാങ്ങി അയാള് തന്നെ ചായയുണ്ടാക്കി ഒരു ഗ്ലാസിന് 12-13 രൂപ നിരക്കില്‍ വില്‍പ്പന നടത്തിയാല്‍ ലാഭമുണ്ടാക്കാന്‍ കഴിയും. എന്നാല്‍ ഇതില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഒരു സ്ഥാപനം എന്ന നിലയ്ക്ക് ആരംഭിച്ച് ഒരു ബംഗാളിയെ അല്ലെങ്കില്‍ ഒരു അന്യസംസ്ഥാന തൊഴിലാളിയെ ചായ അടിക്കാന്‍ നിര്‍ത്തിയാല്‍ അയാള്‍ക്ക് 800 മുതല്‍ 1000 രൂപ വരെ നല്‍കേണ്ടി വരും. അങ്ങനെയാകുമ്പോള്‍ 18-20 രൂപയ്ക്ക് ചായ വിറ്റാല്‍ മാത്രമേ ലാഭം ലഭിക്കുകയുള്ളൂ.

12 രൂപയ്ക്ക് ചായ വിറ്റാലും നല്ല ലാഭമുണ്ടാക്കാന്‍ കഴിയും. അതിന് വേണ്ടത്, ആരാണോ നിക്ഷേപം നടത്തുന്നത് അയാള്‍ക്ക് തന്നെ ചായ അടിക്കാന്‍ കഴിയണം, പാല് വാങ്ങാന്‍ കഴിയണം, നല്ല ഗുണനിലവാരമുള്ള തേയില എവിടെ കിട്ടുമെന്ന് മനസ്സിലാക്കി വാങ്ങാന്‍ കഴിയണം. ഇങ്ങനെ ചെയ്ത ശേഷം ഒരു ദിവസം ആയിരം ചായയെങ്കിലും വില്‍ക്കാന്‍ കഴിയണം. എത്ര ആളുകള്‍ ചായ കുടിക്കാന്‍ ദിവസേന എത്തുന്നുവെന്നത് പ്രധാനമാണ്. ഒരു കട തുടങ്ങി ബോര്‍ഡ് ഒക്കെ സ്ഥാപിച്ച്, ജോലിക്കാരെയൊക്കെ നിര്‍ത്തി 12 രൂപയ്ക്ക് വില്‍പ്പന നടത്തിയാല്‍ അത് വലിയ നഷ്ടത്തിലേക്ക് ചെന്നെത്തും.

TAGS: TEA, KERALA, SALE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY