SignIn
Kerala Kaumudi Online
Thursday, 19 February 2026 9.19 AM IST

പാർത്ഥസാരഥി ക്ഷേത്രത്തിൽ ക്രൈസ്‌തവ പുരോഹിതർ പ്രവേശിച്ച് പ്രാർത്ഥിച്ച സംഭവം; ആചാരലംഘനമല്ല, ഹർജി തള്ളി ഹൈക്കോടതി

Increase Font Size Decrease Font Size Print Page
parthasarathi-temple

കൊച്ചി: അടൂർ പാർത്ഥസാരഥി ക്ഷേത്രത്തിൽ ക്രിസ്‌ത്യൻ പുരോഹിതർ പ്രവേശിച്ച സംഭവത്തിൽ ആചാരലംഘനമില്ലെന്ന് ഹൈക്കോടതി. ഓർത്തഡോക്‌സ് സഭ കടമ്പനാട് ഭദ്രാസനാധിപൻ ഡോ.സഖറിയാസ് മാർ അപ്രേമും മറ്റൊരു പുരോഹിതനുമാണ് അനുമതിയോടെ ക്ഷേത്രത്തിൽ പ്രവേശിച്ചത്. ഇത് ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജി തള്ളിക്കൊണ്ടാണ് കോടതിയുടെ ഉത്തരവ്. സനിൽ നാരായണൻ നമ്പൂതിരി എന്നയാളാണ് ഹ‌ർജി നൽകിയത്.

തന്ത്രിയുടെ അനുമതിയോടെയുള്ള പ്രവേശനം ആചാര ലംഘനമല്ലെന്നും ക്ഷേത്രത്തിലെ അതിഥിയായാണ് പുരോഹിതർ എത്തിയതെന്നും ജസ്റ്റിസുമാരായ എ രാജ വിജയരാഘവൻ, കെ വി ജയകുമാർ എന്നിവരുടെ ബെഞ്ച് ഹർജി തള്ളിക്കൊണ്ട് ചൂണ്ടിക്കാട്ടി. പുരോഹിതന്റെ ആഗ്രഹപ്രകാരമാണ് ക്ഷേത്രത്തിലേയ്ക്ക് പ്രവേശനം അനുവദിച്ചത്. അതിഥികളെ ബഹുമാനിക്കുക എന്നത് ക്ഷേത്ര സംസ്‌കാരത്തിന്റെ ഭാഗമാണ്. തന്ത്രിയാണ് ക്ഷേത്രാചാരങ്ങളിലെ അവസാന വാക്ക് അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ അനുമതിയോടെ അതിഥി എന്ന നിലയിലുള്ള പ്രവേശനം ക്ഷേത്രത്തിൽ പ്രവേശിക്കാനുള്ള അവകാശത്തിൽ നിന്ന് വ്യത്യസ്തമാണ്. അത്തരത്തിലുള്ള പ്രവേശനം നിയമമോ ചട്ടമോ ക്ഷേത്രാചാരമോ ലംഘിക്കുന്നതല്ലെന്നും കോടതി പറഞ്ഞു.

2023 സെപ്‌‌തംബർ ഏഴിന് ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ചുള്ള ശോഭായാത്ര ഉദ്ഘാടനം ചെയ്യാനാണ് ഡോ.സഖറിയാസ് മാർ അപ്രേം പാർത്ഥസാരഥി ക്ഷേത്രത്തിലെത്തിയത്. ഇതിനുശേഷം ക്ഷേത്രത്തിനുള്ളിൽ പ്രവേശിക്കണമെന്ന് അദ്ദേഹം ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നു. തുടർന്ന് ക്ഷേത്രോപദേശക സമിതി തന്ത്രിയുടെ അനുമതി തേടിയതിനുശേഷം അദ്ദേഹത്തെ പ്രവേശിപ്പിച്ചു. ക്ഷേത്രത്തിനുള്ളിൽ പ്രവേശിച്ച പുരോഹിതൻ പ്രാർത്ഥിക്കുകയും ചെയ്തു. ഇത് ചോദ്യം ചെയ്തായിരുന്നു ഹ‌ർജി.

TAGS: PARTHASARATHI TEMPLE, CHRISTIAN PRIESTS IN PARTHASARATHI TEMPLE, HIGHCOURT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY