
കൊച്ചി: ഏകീകൃത കുർബാന നടപ്പാക്കുന്നത് സംബന്ധിച്ച പ്രതിസന്ധിയിൽ സിറോ മലബാർസഭ കടുത്ത നടപടിക്ക്. ഒരുവിഭാഗം വിശ്വാസികളുടെ പ്രതിഷേധം അവഗണിച്ചും വൈദികരുമായുണ്ടാക്കിയ സമവായം പാലിക്കും.
ജനാഭിമുഖ, അൾത്താര അഭിമുഖ രീതികൾ സംയോജിപ്പിച്ചാണ് ഏകീകൃത കുർബാന സഭ അംഗീകരിച്ചത്. സഭാ ആസ്ഥാനമായ എറണാകുളം അതിരൂപതയിലെ ഭൂരിപക്ഷം വൈദികരും ജനാഭിമുഖം ആവശ്യപ്പെട്ടതോടെയാണ് സമവായത്തിന് ധാരണയിലെത്തിയത്.
കഴിഞ്ഞ വർഷം ദുക്‌റാന തിരുനാളായ ജൂലായ് മൂന്നു മുതൽ നടപ്പായ സമവായം അംഗീകരിക്കാൻ വൺചർച്ച് വൺകുർബാന മൂവ്മെന്റ് എന്ന വിശ്വാസികളുടെ സംഘടന തയ്യാറല്ല. ഏകീകൃത കുർബാന മാത്രമേ അർപ്പിക്കാവൂവെന്നാണ് ഇവർ നിർബന്ധം പിടിക്കുന്നത്.
ജനാഭിമുഖ കുർബാനയും അനുവദിച്ചതോടെ വൈദികർ സമവായത്തിന് തയ്യാറായി. പരസ്യ പ്രതിഷേധങ്ങളിൽനിന്ന് പിന്മാറുകയും ചെയ്‌തു. തർക്കം മൂലം 1,100 ദിവസം അടച്ചിട്ട എറണാകുളം സെന്റ് മേരീസ് ബസലിക്ക കത്തീഡ്രലിൽ കഴിഞ്ഞ നവംബർ 30ന് കുർബാന അർപ്പിച്ച് വീണ്ടും തുറന്നു. ഇതിനെതിരെ വൺചർച്ച് വൺകുർബാന പ്രവർത്തകർ ഡിസംബർ 10ന് പള്ളിക്കുള്ളിൽ ആരംഭിച്ച പ്രതിഷേധം തുടരുകയാണ്. ക്രിസ്‌മസ് ശുശ്രൂഷകളും മുടങ്ങിയതോടെയാണ് സമവായത്തിൽ വിട്ടുവീഴ്‌ചയില്ലെന്ന നിലപാട് സഭ സ്വീകരിച്ചത്.
സമവായം
ഇങ്ങനെ
* എറണാകുളം അതിരൂപതയിൽ ഞായറാഴ്ചയും വിശേഷ ദിവസങ്ങളിലും ഒരു ഏകീകൃത കുർബാന അർപ്പിക്കണം
* ഏകീകൃതം അർപ്പിക്കുന്ന ദേവാലയങ്ങളിൽ ഒരു ജനാഭിമുഖ കുർബാന അർപ്പിക്കാം
* നവാഭിഷിക്തരായ വൈദികർക്കും ജനാഭിമുഖ കുർബാന അർപ്പിക്കാം
* ഏകീകൃതകുർബാന മാത്രം അർപ്പിക്കുന്ന പള്ളികളിൽ സ്ഥിതി തുടരും
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |