തിരുവനന്തപുരം:മരുന്നും ആശുപത്രിഉപകരണങ്ങളും വാങ്ങാൻ രൂപീകരിച്ച കേരള മെഡിക്കൽ സർവീസസ് കോർപറേഷന്റെ ഇടപാടുകളിൽ വ്യാപക ക്രമക്കേടെന്ന് സി.എ.ജി.റിപ്പോർട്ട്. കൊവിഡ് കാലമായ 2020ൽ 15000 പി.പി.ഇ കിറ്റ് വാങ്ങിയതിൽ 10.23 കോടിയുടെ ക്രമക്കേടുണ്ടെന്ന ആരോപണം ശരിവെച്ചു.
ഇന്നലെ നിയമസഭയിൽ സമർപ്പിച്ച പൊതുജനാരോഗ്യസൗകര്യങ്ങളെ സംബന്ധിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം പരാമർശിക്കുന്നത്.
രണ്ടുവർഷംമുമ്പ് ഇടക്കാല റിപ്പോർട്ടിലും പിന്നീട് പ്രതിപക്ഷം നിയമസഭയിലും ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോൾ, സർക്കാർ നിഷേധിച്ചിരുന്നു.
അടിയന്തരസാഹചര്യത്തിൽ വില നോക്കാതെ വാങ്ങിയതാണെന്നും അതിന് കേന്ദ്രം അനുമതി നൽകിയെന്നുമുള്ള സർക്കാർവാദം സി.എ.ജി.തള്ളി. കുറഞ്ഞ ചെലവിൽ സാധനംകിട്ടുമെന്ന് അറിഞ്ഞുകൊണ്ട് നിരാകരിക്കുന്നതിനെ ന്യായീകരിക്കാനാവില്ലെന്ന് സി.എ.ജി.പറഞ്ഞു.
ആശുപത്രികളിൽ ഉപകരണങ്ങൾ വാങ്ങി കൂട്ടിയിട്ട് കോടികളുടെ പാഴ്ചെലവുണ്ടാക്കിയെന്നും റിപ്പോർട്ടിൽ കുറ്റപ്പെടുത്തി.
പ്രവർത്തിപ്പിക്കുവാൻ ആളില്ലാത്തവ,സജ്ജീകരണങ്ങൾ ഇല്ലെന്ന് അറിഞ്ഞിട്ടും വാങ്ങിയവ, പ്രവർത്തിപ്പിക്കാൻ കഴിയില്ലെന്ന് അറിഞ്ഞുകൊണ്ട് വാങ്ങിയവ, അറ്റകുറ്റപ്പണി നടത്താൻ കഴിയില്ലെന്ന് അറിഞ്ഞുകൊണ്ട് വാങ്ങിയവ, ആശുപത്രികൾ ആവശ്യപ്പെടാതെ വാങ്ങിക്കൂട്ടിയവ ഇങ്ങനെ കുത്തഴിഞ്ഞ രീതിയിലാണ് ഇടപാടുകൾ.
ന്യായീകരണം പൊളിച്ചടുക്കി
# പി.പി.ഇ.കിറ്റിന് യൂണിറ്റൊന്നിന് 545രൂപയാണ് സർക്കാർ നിശ്ചയിച്ചത്. ആറു കമ്പനികളുടെ
ക്വട്ടേഷനിൽ കുറഞ്ഞതുകയായ 550രൂപ രേഖപ്പെടുത്തിയത് അനിത ടെക്സ് കോട്ട്.
# ഇവരെ ഒഴിവാക്കി 800 മുതൽ 1550രൂപവരെ വില ആവശ്യപ്പെട്ട സാൻഫാർമ,എ.ആൻഡ് എ, ഇന്നോവ് ക്വാഷന്റ്, ബി.എൻ.എസ്.ഹെൽത്ത്, കിറ്റക്സ് തുടങ്ങിയ അഞ്ച് കമ്പനികളിൽ നിന്ന് 15000കിറ്റുകൾ വാങ്ങാൻ ഓർഡർ നൽകി. തുക മുൻകൂറായി നൽകുകയും ചെയ്തു.
# ക്രമക്കേടാണെന്ന് ചൂണ്ടിക്കാട്ടിയപ്പോൾ ഓർഡർ നൽകിയത് 50000കിറ്റുകൾക്കാണെന്നും വിലയുടെ 29% തുകയാണ് മുൻകൂർ നൽകിയതെന്നും സർക്കാർ വിശദീകരണം നൽകി .എന്നാൽ ഓർഡർ നൽകിയത് 15000 കിറ്റുകൾക്കാണെന്ന് രേഖകൾ . ഇത് ബോധപൂർവമുള്ള ക്രമക്കേടാണ്.
# ഉപകരണ ഇടപാടിൽ
നഷ്ടം 14 കോടി
# 21 ആശുപത്രികളിലായി 172 ഉപകരണങ്ങൾ വാങ്ങിച്ച് ഉപയോഗിക്കാൻ കഴിയാതിരുന്നതിനാൽ 7.28കോടി നഷ്ടം.
തിരുവനന്തപുരം,ആലപ്പുഴ മെഡിക്കൽകോളജുകളിലും തിരുവനന്തപുരം ഡെന്റൽകോളേജിലുമായി 59 ഉപകരണങ്ങൾ വാങ്ങി വെറുതെവച്ചിരിക്കേണ്ടി വന്നതിനാൽ 4.94 കോടി നഷ്ടം. അറ്റക്കുറ്റപ്പണിനടത്താനാകാത്ത 20 ഉപകരണങ്ങൾ വാങ്ങിയതിനാൽ 89 ലക്ഷത്തിന്റെ നഷ്ടം. മൊത്തം 14കോടിയുടെ നഷ്ടം.
#മരുന്ന് ആവശ്യമുള്ളത് വാങ്ങില്ല,
ആവശ്യമില്ലാത്തത് വാങ്ങിക്കൂട്ടും
ആവശ്യമുള്ള മരുന്നുകൾവാങ്ങാതെയും ആവശ്യമില്ലാത്ത മരുന്നുകൾ വാങ്ങികൂട്ടിയും ഓർഡർചെയ്ത മരുന്നുകൾ പൂർണമായി തരാതിരുന്നാൽ നടപടിയെടുക്കാതെയും ഗുണനിലവാരമില്ലാത്ത മരുന്നുകൾ നൽകിയാൽ നഷ്ടപരിഹാരം ഈടാക്കാതെയും കമ്പനികളെവഴിവിട്ട് സഹായിച്ചു. ഇതിലൂടെ കോടികളുടെ ബാധ്യതയെന്നും റിപ്പോർട്ട്.
82 ഇടപാടുകളിൽ ഓർഡർ ചെയ്ത അളവിൽ മരുന്ന് കിട്ടാതിരുന്നിട്ടും 1.64 കോടിയുടെ പിഴ ഈടാക്കിയില്ല. മരുന്ന് എത്തിക്കുന്നതിൽ കാലതാമസമുണ്ടായാൽ വിലയുടെ 10 % ലിക്വിഡേറ്റ് ഡാമേജായി ഈടാക്കാം.332 ഓർഡറുകളിൽ പിഴ ഈടാക്കാതെ 9.76കോടി നഷ്ടം വരുത്തി. ആശുപത്രികളിൽ മരുന്നുക്ഷാമം ഉണ്ടാവുകയും രോഗികൾക്ക് വൻവില കൊടുത്ത് സ്വകാര്യ മരുന്നുഷോപ്പുകളിൽ നിന്ന് വാങ്ങേണ്ടിയും വന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |