ന്യൂഡൽഹി : മാസപ്പടിക്കേസിലെ പ്രോസിക്യൂഷൻ നടപടികൾ സ്റ്റേ ചെയ്യണമെന്ന സി.എം.ആർ.എല്ലിന്റെ ഹർജിയിൽ കോർപറേറ്റ് കാര്യ മന്ത്രാലയത്തിനും, എസ്.എഫ്.ഐ.ഒയ്‌ക്കും നോട്ടീസ് അയയ്ക്കാൻ ഡൽഹി ഹൈക്കോടതി ഉത്തരവിട്ടു. നാളെ ഉച്ചയ്‌ക്ക് രണ്ടരയ്‌ക്ക് വീണ്ടും പരിഗണിക്കുമ്പോൾ നിലപാട് അറിയിക്കണം. എസ്.എഫ്.ഐ.ഒയുടെ അന്വേഷണറിപ്പോർട്ടിലെ തുടർനടപടികൾ തടയണമെന്നാണ് കമ്പനിയുടെ ആവശ്യം. വാദം കേട്ട ശേഷം തീരുമാനമെടുക്കാമെന്ന നിലപാടിലാണ് ഹൈക്കോടതി.
മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയൻ ഉൾപ്പെടെ പ്രതിപട്ടികയിലുണ്ട്. ഇ.ഡി, എസ്.എഫ്.ഐ.ഒ അന്വേഷണങ്ങൾ റദ്ദാക്കണമെന്ന സി.എം.ആർ.എല്ലിന്റെ പ്രധാന ഹർജിയിലും നാളെ അന്തിമവാദം കേൾക്കും.
മാസപ്പടി ആരോപണത്തിലെ എസ്.എഫ്.ഐ.ഒ അന്വേഷണം ചട്ടവിരുദ്ധമാണെന്നാണ് പ്രധാനഹർജിയിൽ കമ്പനിയുടെ വാദം. ആദായനികുതി ഇന്ററിം സെറ്റിൽമെന്റ് കമ്മിഷൻ തീർപ്പാക്കിയ വിഷയത്തിൽ മറ്റ് അന്വേഷണങ്ങൾ കഴിയില്ലെന്നും വ്യക്തമാക്കി. ഇന്നലെ ഓൺലൈൻ മുഖേന സി.എം.ആർ.എല്ലിന് വേണ്ടി മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ, സിദ്ധാർത്ഥ് ലൂത്ര എന്നിവർ ഹാജരായി. നേരിട്ടു ഹാജരായി വാദിക്കാൻ സമയം ആവശ്യപ്പെട്ടു. തുടർന്ന് നാളെ വാദം കേൾക്കാൻ തീരുമാനിക്കുകയായിരുന്നു.
പ്രധാനഹർജി പരിഗണിക്കവെ, എസ്.എഫ്.ഐ.ഒ അന്വേഷണം തുടരാൻ അന്നത്തെ ജഡ്‌ജി സുബ്രഹ്മണ്യം പ്രസാദ് അനുമതി നൽകിയിരുന്നെങ്കിലും അന്വേഷണറിപ്പോർട്ട് സമർപ്പിക്കരുതെന്ന് വാക്കാൽ നിർദ്ദേശിച്ചിരുന്നതായി സി.എം.ആർ.എൽ ചൂണ്ടിക്കാട്ടി. കോടതിയുത്തരവ് ധിക്കരിച്ചാണ് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നതെന്നും കൂട്ടിച്ചേർത്തു. അങ്ങനെയെങ്കിൽ ആ ജഡ്‌ജി തന്നെ വാദം കേൾക്കുന്നതല്ലേ ഉചിതമെന്ന് കേസ് ഇന്നലെ പരിഗണിച്ച ജസ്റ്റിസ് ഗിരീഷ് കത്പാലിയ നിരീക്ഷിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |