
തിരുവനന്തപുരം: അട്ടപ്പാടി മധുവധക്കേസിലെ പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോടതി വിധി പുറത്തുവന്നപ്പോൾ കേസിൽ നിർണായക മജിസ്റ്റീരിയിൽ റിപ്പോർട്ട് തയ്യാറാക്കിയ, ഇപ്പോൾ തിരുവനന്തപുരം ജില്ല കളക്‌ടറായ ജെറോമിക് ജോർജ് കുടപ്പനക്കുന്നിലെ കളക്‌ടറേറ്റിൽ ഔദ്യോഗിക ജോലിത്തിരക്കിലായിരുന്നു. വിധിയിൽ സന്തോഷവും ചാരിതാർത്ഥ്യവുമുണ്ടെന്നായിരുന്നു കേസിലെ ഉദ്യോഗസ്ഥ സാക്ഷി കൂടിയായിരുന്ന ജെറോമിക് ജോർജിന്റെ ആദ്യപ്രതികരണം. ഒറ്റപ്പാലം സബ് കളക്‌ടർ ആയിരിക്കെ ജെറോമിക് ജോർജ് നൽകിയ മജിസ്റ്റീരിയൽ അന്വേഷണ റിപ്പോർട്ടാണ് മധു കേസിൽ നിർണായകമായത്. സംഭവസമയത്ത് അട്ടപ്പാടിയിലെ നോഡൽ ഓഫീസർ കൂടിയായിരുന്നു അദ്ദേഹം. സംഭവത്തിൽ ആൾക്കൂട്ട ആക്രമണം ഉണ്ടായതായി ഈ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. സർവീസിന്റെ തുടക്കത്തിൽ ഏറെ വെല്ലുവിളി ഉയർത്തിയ അന്വേഷണമാണ് അട്ടപ്പാടി മധു കൊലപാതകം. കോടതിക്ക് ബോദ്ധ്യമായ കാര്യങ്ങളിലാകും ഇപ്പോൾ വിധി വന്നിരിക്കുന്നത്. ഏറെ വെല്ലുവിളികൾ ഉണ്ടായിരുന്നു. സത്യമേവ ജയതേ എന്നത് യഥാർത്ഥ്യമായി. മധുവിന്റെ കുടുംബത്തിന്റെ പോരാട്ടം കേസിൽ പ്രധാനമാണെന്നും ജെറോമിക് ജോർജ് കേരളകൗമുദിയോട് പറഞ്ഞു.
മധുവിനെ പൊലീസ് മുക്കാലിയിൽ നിന്ന് കസ്റ്റഡിയിൽ എടുക്കുമ്പോൾ പരിക്കുകൾ ഉള്ളതായി സാക്ഷിമൊഴികളില്ലെന്നും ആശുപത്രിയിൽ എത്തിയപ്പോൾ പരിക്ക് ഉണ്ടായിരുന്നെന്നുമായിരുന്നു ജെറോമിക് ജോർജിന്റെ മജിസ്റ്റീരിയിൽ റിപ്പോർട്ട്. മജിസ്റ്റീരിയൽ റിപ്പോർട്ട് കേസ് രേഖയിൽ മാർക്ക് ചെയ്യുന്നതിന്റെ ഭാഗമായും ഇൻക്വസ്റ്റ് നടത്തിയ ഉദ്യോഗസ്ഥനെന്ന നിലയിലും രണ്ട് തവണ ജെറോമികിനെ വിസ്‌തരിച്ചു. പൊലീസ് ജീപ്പിനുള്ളിലാണ് മധു മരിച്ചതെന്നാണ് അറിഞ്ഞതെന്നും ആശുപത്രിയിലെത്തിക്കുമ്പോൾ മധുവിന് ജീവനുണ്ടായിരുന്നില്ലെന്ന് മനസിലായതായും വിസ്‌താരവേളയിൽ ജെറോമിക് ജോർജ് പറഞ്ഞിരുന്നു. ഇൻക്വസ്റ്റിൽ പറഞ്ഞ 15 പരിക്കുകളല്ലാതെ മറ്റ് പരിക്കുകളൊന്നും കണ്ടില്ല. നഖത്തിൽ കണ്ട മുടിയും വായിൽ നിന്ന് ഒലിച്ചിറങ്ങിയ നിലയിൽ കണ്ട ഭക്ഷണാവശിഷ്ടങ്ങളും പരിശോധനയ്ക്കെടുത്തില്ല. ഇൻക്വസ്റ്റ് സമയത്ത് നടത്തിയ പ്രാഥമികാന്വേഷണത്തിൽ മധു മർദ്ദനത്തിനിരയായി പൊലീസ് ജീപ്പിൽ മരിച്ചെന്ന ആരോപണം ശ്രദ്ധയിൽപ്പെട്ടെങ്കിലും മഹസറിൽ രേഖപ്പെടുത്തിയിരുന്നില്ല. അട്ടപ്പാടിയിൽ ആദിവാസിക്ഷേമത്തിന് ആവിഷ്കരിച്ച പദ്ധതികൾ നടപ്പാക്കപ്പെടുന്നുണ്ടെന്ന് നോഡൽ ഓഫീസറെന്ന നിലയിൽ ഉറപ്പ് വരുത്തിയിരുന്നതായും അദ്ദേഹം കോടതിയിൽ പറഞ്ഞിരുന്നു. മധുവിനെ കസ്റ്റഡിയിലെടുത്ത എസ്.ഐ പ്രസാദ് വർക്കി, മധുവിനെ പരിശോധിച്ച ഡോക്‌ടർ ലീമ ഫ്രാൻസിസ്, മധുവിന്റെ ബന്ധു മുരുകൻ എന്നിവരുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു മജിസ്റ്റീരിയിൽ റിപ്പോർട്ട് ജെറോമിക് ജോർജ് തയ്യാറാക്കിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |