
തിരുവനന്തപുരം: പി.എസ്.എൽ.വി. സി 62 റോക്കറ്റിന്റെ കഴിഞ്ഞ ദിവസത്തെ വിക്ഷേപണ ദൗത്യം പരാജയപ്പെട്ടതുമൂലം സാമ്പത്തിക നഷ്ടമുണ്ടാകുന്നത് ഉപഗ്രഹങ്ങൾ അയയ്ക്കാൻ കരാറൊപ്പിട്ട ഇന്ത്യൻ സ്ഥാപനങ്ങൾക്കു മാത്രം. വിദേശ ഉപഗ്രഹങ്ങൾക്ക് ഇൻഷ്വറൻസ് പരിരക്ഷയുണ്ട്. അതിനാൽ അവയുടെ നഷ്ടം അതത് രാജ്യങ്ങൾക്ക് ഇൻഷ്വറൻസ് ക്ലെയിമിലൂടെ നികത്താനാകും.
ഡി.ആർ.ഡി.ഒ വികസിപ്പിച്ച 'അന്വേഷ' എന്ന അത്യാധുനിക ഉപഗ്രഹമായിരുന്നു ദൗത്യത്തിലെ പ്രധാന പേലോഡ്. ഇതിനൊപ്പം ഇന്ത്യയിലെ സ്റ്റാർട്ടപ്പുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയുടെ എട്ടെണ്ണവും ഉണ്ടായിരുന്നു. ഏഴെണ്ണം വിദേശരാജ്യങ്ങളുടേത്.
ഇന്ത്യൻ സ്ഥാപനങ്ങളുടെ ഉപഗ്രഹങ്ങൾ കുറഞ്ഞ ചെലവിൽ വിക്ഷേപിക്കുന്നവയാണ്. ഇവ ഇൻഷ്വർ ചെയ്തിട്ടില്ലെന്നാണ് അറിയുന്നത്. ദൗത്യം പരാജയപ്പെട്ടതോടെ അവയ്ക്ക് വൻ സാമ്പത്തിക നഷ്ടം നേരിടും.
വിദേശ ഉപഗ്രഹങ്ങൾ അതത് രാജ്യങ്ങളിൽ നിർമ്മിച്ച് കടൽമാർഗം ഇന്ത്യയിൽ എത്തിച്ചവയാണ്. ബ്രിട്ടൻ, സ്പെയിൻ, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് എത്തിച്ച ഇൗ ഉപഗ്രഹങ്ങൾക്ക് ഇൻഷ്വറൻസുള്ളതിനാൽ സാമ്പത്തിക നഷ്ടമുണ്ടാകില്ല. യൂറോപ്യൻ ഉപഗ്രഹ വിക്ഷേപണത്തിന് വ്യക്തമായ ഇൻഷ്വറൻസ് നയമുണ്ട്. അമേരിക്കയിലുമുണ്ട്. എന്നാൽ, ഇന്ത്യയിലില്ല. ഇന്ത്യൻ ബഹിരാകാശ വാണിജ്യ ഏജൻസിയായ ന്യൂസ്പെയ്സ് അതത് സ്ഥാപനങ്ങളുമായി ഒപ്പുവയ്ക്കുന്ന കരാർ വ്യവസ്ഥകൾ അനുസരിച്ചാണ് നിരക്കും ഇൻഷ്വറൻസും ഉപാധികളും നിശ്ചയിക്കുന്നത്.
9,000 ഉപഗ്രഹങ്ങൾ
ബഹിരാകാശത്ത് മൊത്തം 9000 ഉപഗ്രഹങ്ങളുള്ളതിൽ കേവലം 300 എണ്ണം മാത്രമാണ് ഇൻഷ്വറൻസ് പരിരക്ഷയോടെ വിക്ഷേപിച്ചിട്ടുള്ളത്. രണ്ട് പി.എസ്.എൽ.വി ദൗത്യങ്ങൾ തുടർച്ചയായി പരാജയപ്പെട്ടതോടെ ഇന്ത്യയിലെ ബഹിരാകാശ വിക്ഷേപണങ്ങൾക്കും ഇൻഷ്വറൻസ് നിർബന്ധമാക്കുന്ന സാഹചര്യമുണ്ടായേക്കാം. ഡി.ആർ.ഡി.ഒ വികസിപ്പിച്ച 'അന്വേഷ' 1650 കിലോഗ്രാം ഭാരമേറിയ ഭൂനിരീക്ഷണ ഉപഗ്രഹമാണ്. ഇതിന്റെ പ്രധാന ദൗത്യം സൈനികാവശ്യങ്ങളായിരുന്നു. അത് എന്തൊക്കെയാണെന്ന് ഇതുവരെ പുറത്തുവിട്ടിട്ടില്ല. വർഷങ്ങൾ നീണ്ട പരീക്ഷണങ്ങളിലൂടെ വികസിപ്പിച്ചതാണിത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |