
തിരുവനന്തപുരം: ജനസംഖ്യയിൽ ഭൂരിപക്ഷം വരുന്ന ഈഴവർ ഉൾപ്പെടെയുള്ള പിന്നാക്ക സമുദായങ്ങളെ അവഗണിക്കുന്നത് തുടർന്നാൽ യു.ഡി.എഫിന് ഭരണത്തിൽ തിരിച്ചെത്താനാവില്ലെന്ന് കോൺഗ്രസിന്റെതന്നെ സർവേ റിപ്പോർട്ടുകൾ.
രാഷ്ട്രീയ തന്ത്രജ്ഞൻ സുനിൽ കനുഗോലുവിന്റെ രണ്ട് റിപ്പോർട്ടുകളിലും എ.ഐ.സി.സിയുടെ നിർദ്ദേശപ്രകാരം നടത്തിയ മറ്റു രണ്ട് രഹസ്യ സർവേകളിലും ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
നിയമസഭാ തിരഞ്ഞെടുപ്പിൽ ഈഴവ സമുദായത്തിന് കുറഞ്ഞത് 30 സീറ്റുകളെങ്കിലും നൽകണമെന്ന് റിപ്പോർട്ടുകളിൽ ഉണ്ടെന്നാണ് സൂചന. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഇതേ ഏജൻസികൾ നടത്തിയ രഹസ്യ സർവേയിലും 30 സീറ്റ് നൽകണമെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കാര്യം അന്ന് കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. അത് അവഗണിച്ചതാണ് കോൺഗ്രസ് 22 സീറ്റിൽ ഒതുങ്ങാൻ മുഖ്യകാരണമെന്ന് പുതിയ റിപ്പോർട്ടുകളിലുണ്ട്.
അന്ന് ഈഴവ സമുദായത്തിന് നൽകിയതാകട്ടെ ആകെ 14 സീറ്റ്. വിശ്വകർമ്മ,ധീവര തുടങ്ങിയ പിന്നാക്ക സമുദായങ്ങളെ പാടെ തഴഞ്ഞു. കോൺഗ്രസിൽ ഈഴവ എം.എൽ.എമാരുടെ എണ്ണം 2016ലേതുപോലെ ഒന്നിലൊതുങ്ങി. പിന്നാക്ക വിഭാഗങ്ങളിലെ അടിസ്ഥാന കോൺഗ്രസ് വോട്ടുകൾ വൻതോതിൽ എൽ.ഡി.എഫിലേക്കും ബി.ജെ.പിയിലേക്കും ഒലിച്ചുപോയി. ഇത് ആവർത്തിക്കാതിരിക്കാൻ മുൻകരുതൽ എടുക്കണമെന്നാണ് റിപ്പോർട്ടുകളിലെ നിർദ്ദേശം.
ഇടത്, വലത്
നേരിയ മാർജിൻ
1.കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിന് പിന്നാലെയായിരുന്നു സർവേകൾ. ശബരിമല സ്വർണക്കൊള്ളയും ഭരണവിരുദ്ധ വികാരവും മുസ്ലിം-ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളുടെ അകൽച്ചയുമൊക്കെ എൽ.ഡി.എഫിന് ഏറെ പ്രതികൂലമായ ഘട്ടത്തിലായിരുന്നു സർവേ നടത്തിയത്
2.ഇത്രയും അനുകൂല ഘടകങ്ങൾ ഉണ്ടായിരുന്നിട്ടും 80ൽപ്പരം നിയമസഭാ സീറ്റുകളിലേ യു.ഡി.എഫിന് ആധിപത്യം നേടാനായുള്ളൂ. 60 സീറ്റുകളിൽ മേൽക്കൈ എൽ.ഡി.എഫിനാണ്. രണ്ടു മുന്നണികൾക്കുമിടയിലെ ഈ നേരിയ മാർജിൻ പുതിയ രാഷ്ട്രീയ സാഹചര്യങ്ങളിൽ ഇല്ലാതായെന്ന് വരാം
നഷ്ടപ്പെട്ട വിശ്വാസം
വീണ്ടെടുക്കണം
എസ്.എൻ.ഡി.പി യോഗം- എൻ.എസ്.എസ് പുനരൈക്യത്തിന്റെ അനുരണനങ്ങൾ സൃഷ്ടിക്കുന്ന അടിയൊഴുക്കുകൾ നിയമസഭാ തിരഞ്ഞെടുപ്പിൽ ഉറപ്പായും പ്രതിഫലിക്കും. കോൺഗ്രസിനും പ്രതിപക്ഷനേതാവ് വി.ഡി.സതീശനും എതിരായ പൊതുവികാരമാണ് രണ്ട് സമുദായങ്ങളുടെയും ജനറൽ സെക്രട്ടറിമാർ പ്രകടിപ്പിച്ചത്. ഈ അതൃപ്തി മാറ്റി
രണ്ട് പ്രബല ഹിന്ദുസമുദായങ്ങളെ ഒപ്പം നിറുത്തേണ്ട ബാദ്ധ്യത വി.ഡി.സതീശന് മാത്രമല്ല,കോൺഗ്രസിനും യു.ഡി.എഫിനുമുണ്ട്. ഒപ്പം, ഈഴവരാദി പിന്നാക്ക സമുദായങ്ങൾക്ക് നഷ്ടപ്പെട്ട വിശ്വാസം സ്ഥാനാർത്ഥി നിർണയത്തിലടക്കം കോൺഗ്രസ്
വീണ്ടെടുക്കുകയും വേണം. അടുത്ത ഭരണം ഉറപ്പെന്ന് ദിവാസ്വപ്നം കണ്ടിരുന്നാൽ കോൺഗ്രസിന് വലിയവില കൊടുക്കേണ്ടി വരുമെന്നാണ് സർവേകൾ നൽകുന്ന സൂചന.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |