
തിരുവനന്തപുരം: ശബരിമല സ്വർണക്കൊളളയിൽ പ്രതിഷേധിച്ച് യൂത്ത്കോൺഗ്രസ് നിയമസഭയിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പ്രവർത്തകർ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതോടെയാണ് സംഘർഷം ഉണ്ടായത്. പൊലീസ് വാഹനത്തിനുനേരെയും കല്ലേറുണ്ടായി. ഇതോടെ പൊലീസ് നിരവധി തവണ ജലപീരങ്കിയും കണ്ണീർവാതവും പ്രയോഗിച്ചു.
പിരിഞ്ഞുപോകാൻ ആവശ്യപ്പെട്ടിട്ടും അതുകൂട്ടാക്കാതെ നിന്ന പ്രവർത്തകർക്കുനേരെയാണ് കണ്ണീർ വാതകം പ്രയോഗിച്ചത്. ഇതിനെത്തുടർന്ന് വനിതാപ്രവർത്തകരുൾപ്പെടെയുള്ളവർക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായി. പരിക്കേറ്റ പ്രവർത്തകരെ ആശുപത്രിയിലേക്ക് മാറ്റി. സംഘർഷവുമായി ബന്ധപ്പെട്ട് രണ്ടുപ്രവർത്തകരെ പൊലീസ് അറസ്റ്റുചെയ്തു. യൂത്തുകോൺഗ്രസ് പ്രസിഡന്റ് ഒ ജെ ജനീഷ്, അബിൻ വർക്കി എന്നിവരുടെ നേതൃത്വത്തിലായിരുന്നു മാർച്ച്.
അതേസമയം, ശബരിമല സ്വർണക്കൊള്ള വിഷയത്തിലെ ബഹളത്തെത്തുടർന്ന് നിയമസഭ ഇന്നുപിരിഞ്ഞു. ദേവസ്വം മന്ത്രി വിഎൻ വാസവൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്ലക്കാർഡുകൾ ഉൾപ്പടെ ഉയർത്തിയായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതിഷേധം. പാരഡി പാട്ടുകൾ പാടിയും ഇരുപക്ഷവും പ്രതിഷേധിച്ചു. 'പോറ്റിയെ കേറ്റിയേ' എന്ന പാട്ട് പ്രതിപക്ഷം സഭയിൽ പാടി. സ്പീക്കറുടെ ഇരിപ്പിടം മറച്ച് ബാനർ പിടിച്ചാണ് പ്രതിപക്ഷാംഗങ്ങൾ നടുത്തളത്തിൽ ഇറങ്ങിയത്.
പിന്നാലെ ഭരണപക്ഷവും മുദ്രാവാക്യം വിളികളുമായി നടുത്തളത്തിൽ എത്തി. 'സ്വർണം കട്ടത് ആരപ്പാ, കോൺഗ്രസ് ആണേ അയ്യപ്പാ' എന്ന് പാടിയാണ് ഭരണപക്ഷം എത്തിയത്. മന്ത്രി വി ശിവൻകുട്ടി മെെക്കിലൂടെ പാട്ട് പാടി. ഉണ്ണികൃഷ്ണൻ പോറ്റിയുമായി കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധിക്ക് ബന്ധമുണ്ടെന്ന് ഭരണപക്ഷം ആരോപിച്ചു. സോണിയാ ഗാന്ധിയുടെ വീട്ടിൽ സ്വർണമുണ്ടെന്നും അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യണമെന്നും ശിവൻകുട്ടി പറഞ്ഞു. സഭാ ചട്ടങ്ങൾ പാലിച്ച് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകാതെ പ്രതിപക്ഷം ബഹളം വയ്ക്കുന്ന്ത് ഭീരുത്വമാണെന്ന് പാലർമെന്ററികാര്യ മന്ത്രി എംബി രാജേഷ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |