
തിരുവനന്തപുരം: സ്വയം സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തുന്നവർക്ക് പട്ടികയിൽ ഇടമുണ്ടാവില്ലെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിന്റെ മുന്നറിയിപ്പ്. പാർട്ടിയെ പ്രതിസന്ധിയിലാക്കും വിധം പരസ്യ പ്രസ്താവനകൾ നടത്തുന്നവരെയും പരിഗണിക്കില്ല. ഇന്നലെ ചേർന്ന കെ.പി.സി.സി നേതൃയോഗത്തിലായിരുന്നു മുന്നറിയിപ്പ്.
വിജയ സാദ്ധ്യതയാണ് സ്ഥാനാർത്ഥിത്വത്തിന് മുഖ്യമായും പരിഗണിക്കുക സീറ്റ് കിട്ടുകയും തിരഞ്ഞെടുപ്പിൽ തോൽക്കുകയും ചെയ്താൽ അവരെ പിന്നെ ബോർഡുകൾ, കോർപ്പറേഷനുകൾ തുടങ്ങി മറ്റു പദവികളിലേക്ക് പരിഗണിക്കില്ല. സീറ്റ് ലഭിക്കാതിരിക്കുകയും പാർട്ടിക്ക് വേണ്ടി നല്ല നിലയിൽ അദ്ധ്വാനിക്കുകയും ചെയ്യുന്നവരെ, ഭരണം ലഭിച്ചാൽ അർഹമായ പദവികൾ നൽകി ഒപ്പം നിറുത്തും. പല കാരണങ്ങളാൽ മുമ്പ് മത്സര രംഗത്തു നിന്ന് മാറി നിൽക്കേണ്ടി വന്നവർക്കും അവസരം നൽകും.
സ്ഥാനാർത്ഥികളാവാൻ സാദ്ധ്യതയുള്ളവരെ പരസ്യമായി അധിക്ഷേപിക്കാൻ ആരു ശ്രമിച്ചാലും അവരും പട്ടികയിൽ നിന്ന് ഔട്ടാവും. എത്ര മുതിർന്ന നേതാവായാലും സ്വന്തം നിലയ്ക്ക് സ്ഥാനാർത്ഥിയാവണ്ട. അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിൽ അത് പാർട്ടി വേദികളിൽ പറയണം. ഒരു വിധത്തിലുള്ള അച്ചടക്കമില്ലായ്മയും അനുവദിക്കില്ലെന്ന കൃത്യമായ സൂചനയാണ് ദേശീയ നേതാക്കൾ കൂടി പങ്കെടുത്ത യോഗത്തിൽ സംഘടനാ ജനറൽ സെക്രട്ടറി നൽകിയത്. വോട്ടർ പട്ടികയിൽ വിട്ടുപോയ പ്രവർത്തകരുടെ പേരു ചേർക്കാനുള്ള നടപടികൾ ഊർജ്ജിതമാക്കാനും നിർദ്ദേശം നൽകി.പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നയിക്കുന്ന പുതുയുഗ യാത്ര വൻ വിജയമാക്കാനുള്ള പ്രവർത്തനം നടത്തണം. യാത്രയുടെ സമാപന ചടങ്ങിൽ രാഹുൽ ഗാന്ധി എത്തുമെന്നും വേണുഗോപാൽ അറിയിച്ചു.ദേശീയ നേതാക്കളായ സച്ചിൻ പൈലറ്റ്, കനയ്യകുമാർ, ദീപാദാസ് മുൻഷി തുടങ്ങിയവരും പങ്കെടുത്തു.
കോൺഗ്രസ് ഭവന സന്ദർശനം 20 മുതൽ
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ഭാഗമായി ഫെബ്രുവരി 20 മുതൽ 28 വരെ ബൂത്ത് കമ്മിറ്റികളുടെ നേതൃത്വത്തിൽ ബൂത്ത് തലത്തിൽ ഭവന സന്ദർശനം നടത്താൻ കെ.പി.സി.സി നേതൃയോഗം തീരുമാനിച്ചു. നേതാക്കൾ അവരവരുടെ പ്രദേശങ്ങളിൽ ഭവന സന്ദർശനത്തിന് നേതൃത്വം നൽകും. കേന്ദ്ര - സംസ്ഥാന സർക്കാരുകൾക്കെതിരായ ലഘുലേഖ ഭവന സന്ദർശന വേളയിൽ വിതരണം ചെയ്യും. തിരഞ്ഞെടുപ്പ് മുന്നൊരുക്ക പ്രവർത്തനങ്ങൾ യോഗം വിലയിരുത്തി. യു.ഡി.എഫിന്റെ പുതുയുഗയാത്ര വിജയിപ്പിക്കുന്നതിന് ആവശ്യമായ കാര്യങ്ങളും യോഗം ചർച്ച ചെയ്തു. കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് അദ്ധ്യക്ഷത വഹിച്ചു.
കോൺഗ്രസ്പ്രചാരണത്തിന് ദേശീയ നേതാക്കൾ
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞടുപ്പിന്റെ പ്രചാരണത്തിന് കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ , രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി എന്നിവർ പങ്കെടുക്കുന്ന പരിപാടികൾ മുൻകൂട്ടി തയ്യാറാക്കാൻ കെ.പി.സി.സി ക്യാമ്പെയിൻ കമ്മിറ്റി തീരുമാനിച്ചു. ഇന്നലെ കെ.പി.സി.സി ഓഫീസിൽ നടന്ന യോഗത്തിലാണ് തീരുമാനം. വി.ഡി.സതീശൻ നയിക്കുന്ന പുതുയുഗയാത്രയുടെ സമാപനത്തിൽ രാഹുൽ ഗാന്ധിയെ പങ്കെടുപ്പിക്കും. മാർച്ച് 7നാണ് പരിപാടി. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ, കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി, കെ.പി.സി.സി പ്രസിഡന്റ് സണ്ണിജോസഫ്, കെ.പി.സി.സി ക്യാമ്പെയിൻ കമ്മിറ്റി ചെയർമാൻ രമേശ് ചെന്നിത്തല, വൈസ് ചെയർമാൻ ഷാഫി പറമ്പിൽ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |