
ന്യൂഡൽഹി: നിയമസഭ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസിന്റെ ആദ്യ സ്ഥാനാർത്ഥി പട്ടിക പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്ര മാർച്ച് ഏഴിന് സമാപിച്ച ശേഷം പ്രഖ്യാപിക്കും. സിറ്റിംഗ് സീറ്റുകൾ അടക്കം ഒറ്റ പേരിലേക്ക് എത്തിയ 50 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ ആദ്യം പ്രഖ്യാപിക്കും.
ഇന്നലെ ഡൽഹിയിലെത്തിയ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കെ.പി.സി.സി അദ്ധ്യക്ഷൻ സണ്ണി ജോസഫും ധാരണയായ സീറ്റുകളിലെ സ്ഥാനാർത്ഥി പട്ടിക സ്ക്രീനിംഗ് കമ്മിറ്റി അദ്ധ്യക്ഷൻ മധുസൂദനൻ മിസ്ത്രിക്ക് കൈമാറി. അടുത്തയാഴ്ചയോടെ കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗം ചേർന്ന് പട്ടികയ്ക്ക് അന്തിമാംഗീകാരം നൽകിയേക്കും.
പട്ടികയിൽ മാറ്റങ്ങൾ വരുത്താൻ സമിതിക്ക് അവകാശമുണ്ട്. എം.പിമാരുടെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട തീരുമാനം ഹൈക്കമാൻഡ് കൈക്കൊള്ളുമെന്ന് സണ്ണി ജോസഫ് അറിയിച്ചു.മറ്റു പാർട്ടികൾ നേരത്തെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുന്നതിൽ ആശങ്കയില്ലെന്ന് വി.ഡി. സതീശൻ പറഞ്ഞു.
കേരളത്തിലെ വോട്ടെടുപ്പ് ഏപ്രിൽ അവസാനമാകാനുള്ള സാദ്ധ്യത കണക്കിലെടുത്താണ് കോൺഗ്രസ് സ്ഥാനാർത്ഥി പ്രഖ്യാപനം നീട്ടുന്നത്. നേരത്തെ പ്രഖ്യാപിച്ചാൽ അതിനനുരിച്ച് പ്രചാരണം തുടങ്ങണം. അത് അധിക സാമ്പത്തിക ബാധ്യതയാവും.
കോൺഗ്രസിൽ വനിതാ
പ്രാതിനിധ്യം കുറഞ്ഞേക്കും
തിരുവനന്തപുരം: നിയസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ സ്ഥാനാർത്ഥി പട്ടികയ്ക്ക് അന്തിമ രൂപമായില്ലെങ്കിലും വനിതാ പ്രാതിനിധ്യത്തിൽ കാര്യമായ വർദ്ധനയുണ്ടാവാൻ സാദ്ധ്യത കുറവ്. സിറ്റിംഗ് എം.എൽ.എമാരിലെ ഏക വനിത ഉമാ തോമസാണ്.
മഹിളാ കോൺഗ്രസ് നേതാക്കളായ ബിന്ദുകൃഷ്ണ,ഷാനിമോൾ ഉസ്മാൻ എന്നിവരാണ് നിലവിൽ സ്ഥാനാർത്ഥി പട്ടികയിൽ ഉൾപ്പെടുമെന്ന് ഉറപ്പുള്ളവർ. സിറ്റിംഗ് എം.എൽ.എമാർക്കെല്ലാം (പാലക്കാട്, തൃപ്പൂണിത്തുറ മണ്ഡലങ്ങൾ ഒഴികെ) സ്ഥാനാർത്ഥിത്വം നൽകണമെന്ന തീരുമാനമുള്ളതിനാൽ , 19 സീറ്റുകളിൽ വനിതകൾക്ക് എത്തിനോക്കാനാവില്ല. മുൻ മന്ത്രി ജയലക്ഷ്മിയെ മാനന്തവാടിയിൽ പരിഗണിക്കുമെന്ന് കേട്ടിരുന്നെങ്കിലും അവസാന റൗണ്ടിൽ പുറത്തായെന്നാണ് അറിയുന്നത്. സുൽത്താൻബത്തേരിയിൽ മത്സരിക്കാൻ അവരോട് നിർദ്ദേശിച്ചെങ്കിലും, ഐ.സി.ബാലകൃഷ്ണൻ സമ്മതം മൂളാത്തതിനാൽ മാനന്തവാടി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉഷാ വിജയൻ സ്ഥാനാർത്ഥിയാവാനാണ് സാദ്ധ്യത.മുൻ എം.പി രമ്യ ഹരിദാസ് സ്ഥാനാർത്ഥിയാവുമെന്നാണ് സൂചന. കണ്ണൂരിൽ കെ.സുധാകരൻ എം.പി സ്ഥാനാർത്ഥിയായില്ലെങ്കിൽ സാദ്ധ്യത മുൻ മന്ത്രി എൻ.രാമകൃഷ്ണന്റെ മകൾ അമൃതാ രാമകൃഷ്ണനാവും.
സി.പി.എം ബന്ധമുപേക്ഷിച്ച് കോൺഗ്രസിലെത്തിയ മുൻ എം.എൽ.എ ഐഷാ പോറ്റി കൊട്ടാരക്കരയിൽ സ്ഥാനാർത്ഥിയാവുമെന്നുറപ്പാണ്. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അരിതാ ബാബു പട്ടികയിലുൾപ്പെട്ടേക്കാമെങ്കിലും കായംകുളം മണ്ഡലത്തിൽ മറ്റു ചിലരും പരിഗണനയിലാണ്. ഉമ്മൻചാണ്ടിയുടെ മകൾ മറിയ ഉമ്മന്റെ പേര് ചെങ്ങന്നൂരിൽപറഞ്ഞു കേൾക്കുന്നുണ്ട്.എന്നാൽ താൻ സ്ഥാനാർത്ഥിയാവാനുള്ള താത്പര്യം ആരോടും പറഞ്ഞിട്ടില്ലെന്ന് മറിയ ഉമ്മൻ പറയുന്നു . തിരഞ്ഞെടുപ്പു രംഗത്തേക്ക് അവർ വരുന്നതിൽ കുടുംബത്തിന് അത്ര യോജിപ്പില്ലെന്നും കേൾക്കുന്നു. നിയമസഭയിലെ ആകെ അംഗസംഖ്യയുടെ പത്തു ശതമാനം പോലും പ്രാതിനിധ്യം കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിൽ വനിതകൾക്ക് കിട്ടിയേക്കില്ല. ആർ.എം.പി സ്ഥാനാർത്ഥിയായി കെ.കെ.രമ വടകരയിൽ മത്സരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |