
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് വിലയിരുത്തൽ യോഗങ്ങളിൽ ബിജെപി ദേശീയ, സംസ്ഥാന നേതൃത്വങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി പ്രാദേശിക നേതാക്കൾ. ഘടകക്ഷികൾക്ക് വാരിക്കോരി സീറ്റ് നൽകിയതും സർവേ നടത്തി സ്ഥാനാർത്ഥികളെ തീരുമാനിച്ചതിലും അവർ കടുത്ത വിയോജിപ്പ് അറിയിച്ചു.
ഘടകകക്ഷികളായ ബിഡിജെഎസിനും ട്വന്റി 20ക്കും സീറ്റ് നൽകുന്നതിൽ തീരുമാനമെടുത്തത് കേന്ദ്രമാണെന്നാണ് സംസ്ഥാന നേതാക്കൾ നൽകിയ വിശദീകരണം. സർവേകളിലൂടെയാണ് കേന്ദ്രം ഈ തീരുമാനമെടുത്തത്. എന്നാൽ, ഇങ്ങനെ സ്ഥാനാർത്ഥികളെ കണ്ടെത്തുന്നത് കേരളത്തിന് യോജിച്ച രീതിയല്ലെന്നും ഓരോ തിരഞ്ഞെടുപ്പിലും കേരളത്തെ കേന്ദ്രം പരീക്ഷണശാലയായി കണക്കാക്കുകയാണെന്നും ചില നേതാക്കൾ വിമർശിച്ചു. ക്രിസ്‌ത്യൻ ഔട്ട്‌റീച്ച് നടത്തിയതിന്റെ യാതൊരു ഫലവും തിരഞ്ഞെടുപ്പിൽ ഉണ്ടായില്ലെന്നും പ്രാദേശികനേതാക്കൾ തുറന്നടിച്ചു.
ട്വന്റി 20ക്ക് 19 സീറ്റ് നൽകിയത് സംസ്ഥാന നേതൃത്വത്തിന്റെ വീഴ്‌ചയാണ്. സംഘപരിവാറിന്റെ ശക്തിയുള്ള മണ്ഡലങ്ങൾ പോലും ഇതുപോലൊരു പാർട്ടിക്ക് നൽകിയതിൽ പ്രാദേശിക നേതാക്കൾ കുറ്റപ്പെടുത്തി. പല മണ്ഡലങ്ങളിലും സ്ഥാനാർത്ഥിയുണ്ടോ എന്ന് ചോദിച്ച് ട്വന്റി 20 നേതാക്കൾ നടക്കുകയായിരുന്നു. നേരത്തേ ബിജെപി ഒഴിവാക്കിയ നേതാക്കൾ പോലും ട്വിന്റി 20 സ്ഥാനാർത്ഥികളായി വന്നു. സ്ഥാനാർത്ഥികളിൽ പലർക്കും രാഷ്‌ട്രീയ പ്രവർത്തനമോ തിരഞ്ഞെടുപ്പ് പ്രവർത്തനമോ അറിയില്ലായിരുന്നുവെന്നും വിമർശനങ്ങളുയർന്നു.
വോട്ടർപട്ടികയിൽ പേരുണ്ടോ എന്നുപോലും പ്രാഥമിക പരിശോധന നടത്തിയില്ല. ഒന്നുമറിയില്ലെന്ന ക്ഷമാപണത്തോടെയാണ് ഘടകകക്ഷി സ്ഥാനാർത്ഥികൾ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസുകളിലെത്തിയതെന്നും ബിജെപി പ്രാദേശിക നേതാക്കൾ വിമർശിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |