
തിരുവനന്തപുരം: തൊഴിൽ പരിശീലനം കഴിഞ്ഞിട്ടും ജോലികിട്ടാത്ത 30വയസിന് താഴെയുള്ളവർക്ക് സർക്കാർ പ്രഖ്യാപിച്ച കണക്ട് ടു വർക്ക് പദ്ധതിക്ക് അപേക്ഷിക്കാനുള്ള വരുമാന പരിധി ഒരു ലക്ഷത്തിൽ നിന്ന് അഞ്ച് ലക്ഷമായി ഉയർത്തി. പ്രതിമാസം ആയിരം രൂപ വീതം 12 മാസത്തേക്ക് സ്‌കോളർഷിപ്പ് നൽകുന്ന പദ്ധതിയാണിത്. കഴിഞ്ഞ ബഡ്ജറ്റിൽ പ്രഖ്യാപിച്ച പദ്ധതിയുടെ ഉദ്ഘാടനം 21ന് മുഖ്യമന്ത്രി നിർവഹിക്കാനിരിക്കെയാണ് വരുമാന പരിധി ഉയർത്തിയത്. പുതിയ മാർഗരേഖയ്ക്ക് ഒാൺലൈനായി ചേർന്ന മന്ത്രിസഭായോഗം അംഗീകാരം നൽകി.
ഇതുവരെ 10,000 പേർ മാത്രമാണ് പദ്ധതിയിൽ അപേക്ഷ നൽകിയത്. അഞ്ച് ലക്ഷം പേർക്ക് ആനുകൂല്യം നൽകുകയാണ് ലക്ഷ്യം. ബഡ്ജറ്റിൽ 600 കോടിയാണ് ഇതിനായി വകയിരുത്തിയത്. അപേക്ഷകർ കുറഞ്ഞതോടെയാണ് വ്യവസ്ഥകൾ ഉദാരമാക്കിയത്.
പദ്ധതിയിലേക്ക് eemployment.kerala.gov.in എന്ന വെബ് പോർട്ടൽ വഴി അപേക്ഷ സമർപ്പിക്കാം. ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ മുഖേന അപേക്ഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് തുക നൽകും.
കോളേജുകളിൽ 48
തസ്തികകളിൽ നിയമനം
2020-21 വർഷത്തിൽ സർക്കാർ ആർട്സ് ആൻഡ് സയൻസ് കോളേജുകളിൽ പുതുതായി അനുവദിച്ച കോഴ്സുകളിലേക്ക് 48 തസ്തികകളിൽ നിയമനം നടത്താനും മന്ത്രിസഭായോഗം തീരുമാനിച്ചു. മൂലത്തറ വലതുകര കനാൽ, വരട്ടയാർ മുതൽ വേലന്താവളം വരെ ദീർഘിപ്പിക്കുന്നതിന് ഭൂമി ഏറ്റെടുക്കും. 2018ലെ പ്രളയ ദുരിതാശ്വാസത്തിനായി ഷെയർ ആൻഡ് കെയർ ഫൗണ്ടേഷൻ നൽകിയ തുകയിൽ നിന്ന് കോഴിക്കോട്ടെ അഞ്ച് കുടുംബങ്ങൾക്ക് 18.40ലക്ഷം രൂപ നൽകും. കായിക താരങ്ങൾ ജോലിയിൽ പ്രവേശിക്കാത്തതിനെ തുടർന്നുണ്ടായ 26 എൻ.ജെ.ഡി ഒഴിവുകളിൽ, കായികരംഗത്ത് നിന്നും വിരമിച്ച 20പേരെയും നിലവിൽ സജീവമായ ആറ് താരങ്ങളേയും നിയമിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |