
കൊല്ലം: ഒന്നാം തീയതിതന്നെ ജീവനക്കാർക്ക് ശമ്പളം നൽകുമെന്നും യാത്രക്കാരെ കെഎസ്‌ആർടിസിയിലേയ്ക്ക് തിരികെ എത്തിക്കുമെന്നുമായിരുന്നു താൻ അധികാരമേൽക്കുമ്പോൾ പ്രഖ്യാപിച്ചതെന്നും രണ്ടും സാദ്ധ്യമായെന്നും ഗതാഗതമന്ത്രി കെ ബി ഗണേശ് കുമാർ. ഒന്നാം തീയതി മുഴുവൻ ശമ്പളവും നൽകാനുള്ള പദ്ധതി തയ്യാറാക്കാൻ നിർദേശിച്ചത് മുഖ്യമന്ത്രിയാണ്. ധനമന്ത്രി സഹായിച്ചുവെന്നും ഗണേശ് കുമാർ പറഞ്ഞു. കൊട്ടാരക്കരയിൽ ആധുനിക കെഎസ്‌ആർടിസി ബസ് ടെർമിനലിന്റെ ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു ഗതാഗതമന്ത്രി.
സ്വർണം പണയപ്പെടുത്തിയാൽ പോലും പണം നൽകരുതെന്ന് റിസർവ് ബാങ്ക് നിർദേശിച്ച ഡി കാറ്റഗറിയിൽ നിന്ന് ബി കാറ്റഗറിയിലേയ്ക്ക് കെഎസ്‌ആർടിസി ഉയർന്നുവെന്നും ഗണേശ് കുമാർ പറഞ്ഞു. അതേസമയം, ചടങ്ങ് ബഹിഷ്‌കരിച്ചവരുടെ പേരുകൾ ശിലയിലുണ്ടാകില്ലെന്ന് മന്ത്രി വ്യക്തമാക്കി. ചടങ്ങിൽ യുഡിഎഫ് പ്രതിനിധികൾ പങ്കെടുക്കാത്തതിൽ പ്രതികരിക്കുകയായിരുന്നു മന്ത്രി.
കെഎസ്‌ആർടിസി കേരളത്തിന്റെ ബ്രാൻഡാണെന്നും തകർന്നുപോയി എന്നുപറയുന്നിടത്തുനിന്ന് നന്നായി എന്നുപറയുന്ന നിലയിലേയ്ക്ക് മാറിയെന്നും ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു.
മാനേജിംഗ് ഡയറക്ടർ ഡോ. പി.എസ്. പ്രമോദ് ശങ്കർ, നഗരസഭാദ്ധ്യക്ഷ അനിതാ ഗോപകുമാർ, ഉപാദ്ധ്യക്ഷൻ എ. ഷാജു, മൈലം പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ചന്ദ്രശേഖർ, കെഎസ്‌ആർടിസി സി.എ.ഒ. ഷാജി, എക്സിക്യൂട്ടീവ് ഡയറക്ടർമാരായ ജി.പി. പ്രദീപ്കുമാർ, പി.എം. ഷറഫ് മുഹമ്മദ്, എ.ടി.ഒ. എ. അബ്ദുൽ നിഷാർ, വിവിധ സംഘടനാപ്രതിനിധികൾ, യൂണിയൻ നേതാക്കൾ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |