
കൂത്താട്ടുകുളം: നഗരസഭാംഗങ്ങളുടെ സത്യപ്രതിജ്ഞാചടങ്ങിൽ നിയുക്ത കോൺഗ്രസ് കൗൺസിലർക്ക് മുതിർന്ന കോൺഗ്രസ് നേതാവിന്റെ മർദ്ദനമേറ്റു. തിരഞ്ഞെടുപ്പ് സമയത്തെ അഭിപ്രായവ്യത്യാസങ്ങളുടെ തുടർച്ചയായിരുന്നു അതിക്രമം.
പതിനാറാം വാർഡ് കൗൺസിലർ ജോമി മാത്യു (30)വിനെയാണ് പി.കെ. ജോസഫ് (82) മർദ്ദിച്ചത്. മറ്റ് കൗൺസിലർമാരും നേതാക്കളും ഇടപെട്ട് രംഗം ശാന്തമാക്കി. പരിക്കേറ്റ ജോമിയെ കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി പ്രഥമശുശ്രൂഷ നൽകി. തിരിച്ചെത്തി ഏറ്റവും ഒടുവിലാണ് ജോമി സത്യപ്രതിജ്ഞ ചെയ്തത്.
ജോമി ആദ്യമായാണ് മത്സരിക്കുന്നതും വിജയിക്കുന്നതും. സത്യപ്രതിജ്ഞാ ചടങ്ങിനിടെ ഹാളിലുണ്ടായിരുന്ന പി.കെ. ജോസഫ് പെട്ടെന്ന് ജോമിയുടെ ഇരിപ്പിടത്തിനു പിന്നിലേക്ക് പാഞ്ഞെത്തി മർദ്ദിക്കുകയായിരുന്നു. സമീപത്തുണ്ടായിരുന്നവർ പിടിച്ചുമാറ്റി. ഇതിനിടെ പ്രവർത്തകരിൽ ചിലർ ജോസഫിനെയും മർദ്ദിച്ചു. ജോസഫിനെ പൊലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോയെങ്കിലും ശാരീരികാസ്വാസ്ഥ്യത്തെ തുടർന്ന് കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രഥമ കൗൺസിൽ യോഗത്തിൽ പങ്കെടുത്ത ശേഷം ജോമി മാത്യുവിനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
കോൺഗ്രസ് നേതൃത്വം ഇടപെട്ടിട്ടുണ്ട്. കുറ്റക്കാർക്കെതിരെ ശക്തമായ നടപടിക്കൊരുങ്ങുകയാണ് നേതൃത്വം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |