
കൊല്ലം∙ ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പത്തിൽ നിന്ന് സ്വർണം അപഹരിച്ച കേസിൽ അറസ്റ്റിലായിരുന്ന മുൻ അഡ്മിനിസ്ട്രേറ്റിവ് ഓഫീസർ എസ്. ശ്രീകുമാറിന് ജാമ്യം. അറസ്റ്റിലായി 43–ാം ദിവസമാണ് ആറാം പ്രതിയായ ശ്രീകുമാറിന് കൊല്ലം വിജിലൻസ് കോടതി ജഡ്ജി ഡോ. സി.എസ്. മോഹിത് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ശില്പപ്പാളികൾ കടത്തുന്നതിന് ദിവസങ്ങൾക്കു മുൻപാണ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായി ശ്രീകുമാർ ജോലിയിൽ പ്രവേശിച്ചതെന്നും കേസിനാസ്പദമായ രേഖയിൽ ഒപ്പുവച്ചത് ഉന്നത ഉദ്യോഗസ്ഥരുടെ നിർദ്ദേശ പ്രകാരമാണെന്നുമുള്ള പ്രതിഭാഗം വാദം കണക്കിലെടുത്താണ് ജാമ്യം. കേസന്വേഷണം നിർണായക ഘട്ടത്തിൽ നിൽക്കുമ്പോൾ ജാമ്യം നൽകുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന് പ്രോസിക്യൂഷൻ വാദിച്ചിരുന്നു. ശബരിമല മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിനു പിന്നാലെ ജയിൽ മോചിതനാകുന്ന രണ്ടാമത്തെ ആളാണ് ശ്രീകുമാർ.
കെ.പി. ശങ്കരദാസിന്റെ റിമാൻഡ് നീട്ടി
മറ്റൊരു പ്രതി കെ.പി. ശങ്കരദാസിന്റെ ജുഡീഷ്യൽ റിമാൻഡ് 14 ദിവസത്തേക്ക് ദീർഘിപ്പിച്ചു. ശാരീരിക ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് വീൽ ചെയറിലാണ് ശങ്കരദാസിനെ കോടതിയിൽ ഹാജരാക്കിയത്. ശബരിമലയിൽ സ്വർണക്കൊള്ള നടന്ന സമയത്ത് ദേവസ്വം ബോർഡ് അംഗമായിരുന്നു ശങ്കരദാസ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |