കൊച്ചി: സംസ്ഥാനത്തെ ഹൈക്കോടതിയടക്കമുള്ള എല്ലാ കോടതികളുടെയും ഇടക്കാല ഉത്തരവുകൾ, സ്റ്റേ ഉത്തരവുകൾ, ഇടക്കാല ജാമ്യം തുടങ്ങിയവയുടെ കാലാവധി ഹൈക്കോടതി ജൂൺ 15 വരെ നീട്ടി. സംസ്ഥാനത്ത് വീണ്ടും ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇടക്കാല ഉത്തരവുകളുടെ കാലാവധി ഹൈക്കോടതി മേയ് 31 വരെ നീട്ടി നൽകിയിരുന്നു. ലോക്ക് ഡൗൺ വീണ്ടും നീട്ടാൻ സർക്കാർ തീരുമാനിച്ചതിനെത്തുടർന്ന് ഇന്നലെ ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് സി.ടി. രവികുമാർ, ജസ്റ്റിസ് ഷാജി. പി. ചാലി എന്നിവരുൾപ്പെട്ട ഫുൾബെഞ്ച് ഇക്കാര്യം വീണ്ടും പരിഗണിച്ച് കാലാവധി നീട്ടിയത്. ഇൗ വിഷയം ഫുൾബെഞ്ച് ജൂൺ 14 നു വീണ്ടും പരിഗണിക്കുന്നുണ്ട്.
കൊവിഡ് സാഹചര്യത്തിൽ ഉന്നതാധികാര സമിതിയുടെ ശുപാർശ പ്രകാരം തടവുകാരിൽ ഒരു വിഭാഗത്തിന് മേയ് 31 വരെ ജാമ്യം നൽകിയിരുന്നു. ഇതും ജൂൺ 15 വരെ നീട്ടിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |