
കൊല്ലം: ക്ഷീരകർഷകർ കളമൊഴിയുന്നതിന്റെ കാരണം കണ്ടെത്താൻ സർവേയുമായി ക്ഷീര വികസന വകുപ്പ്. തിരഞ്ഞെടുത്ത കർഷകരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച് റിപ്പോർട്ട് തയ്യാറാക്കും. തുടർന്ന് പ്രശ്ന പരിഹാരത്തിനുള്ള പദ്ധതികൾ ആവിഷ്കരിക്കും. ഡിസംബർ ആദ്യവാരം സർവേ പൂർത്തിയാക്കി വിശകലനത്തിലേക്ക് കടക്കാനാണ് തീരുമാനം.
വിലകൂടിയതും ഗുണനിലവാരമില്ലാത്തതുമായ കാലിത്തീറ്റ, തീറ്റപ്പുല്ലിന്റെ ലഭ്യതക്കുറവ്, മികച്ചയിനം പശുക്കളെ ലഭിക്കാത്തത്, വിവിധ രോഗങ്ങൾ തുടങ്ങിയവയാണ് കർഷകർ കാരണമായി പറയുന്നത്. സംസ്ഥാനത്തെ പാൽ ഉത്പാദനത്തിന്റെ ഏകദേശ കണക്ക് മാത്രമാണ് ക്ഷീര വികസന വകുപ്പിന്റെ പക്കലുള്ളത്. ആകെ ഉത്പാദനത്തിന്റെ ചെറിയൊരു ഭാഗം മാത്രമാണ് ക്ഷീരസംഘങ്ങളിൽ എത്തുന്നത്. പാൽ വിപണനരീതി, മൂല്യവർദ്ധിത ഉത്പന്നങ്ങളുടെ നിർമ്മാണം എന്നിവയിൽ മാർഗനിർദ്ദേശവും ലക്ഷ്യമിടുന്നുണ്ട്.
സംസ്ഥാനത്തെ 688 പഞ്ചായത്തുകളെയും 68 നഗരസഭകളെയുമാണ് സാമ്പിൾ സർവേയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഇവിടങ്ങളിലെ തിരഞ്ഞെടുത്ത 756 വാർഡുകളിലെ, 15 വീതം ക്ഷീര കർഷക വീടുകളെങ്കിലും സന്ദർശിച്ചാവും സർവേ നടത്തുക. ഇതിനായി ക്ഷീരമേഖലയിൽ ജോലി ചെയ്യുന്ന 378 പേരെ എന്യൂമറേറ്റർമാരായി നിയോഗിച്ചിട്ടുണ്ട്.
പരിശോധിക്കുന്നത്
പശുപരിപാലന രീതികൾ
പാൽ ഉത്പാദനം
കാലിത്തീറ്റയുടെ കണക്ക്
പാലിന്റെ ഉപഭോഗം, വിപണനം
തീറ്റപ്പുൽകൃഷി ഭൂമിയുടെ വിസ്തൃതി
തീറ്റപ്പുല്ലിന്റെ ലഭ്യത
സംസ്ഥാനത്തെ ക്ഷീര മേഖലയുടെ സമഗ്രമായ വിവരശേഖരമാണ് ലക്ഷ്യമിടുന്നത്. കൃത്യമായ കണക്കുകളുണ്ടെങ്കിലേ ഫലപ്രദമായി പദ്ധതികൾ ആവിഷ്കരിക്കാനാകൂ.
- ശാലിനി ഗോപിനാഥ്,
ഡയറക്ടർ, ക്ഷീര വികസന വകുപ്പ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |