
തിരുവനന്തപുരം: ഭക്തലക്ഷങ്ങൾ ഒഴുകിയെത്തിയതോടെ അനന്തപുരി അമ്പലമുറ്റംപോലെ പ്രാർത്ഥനാ നിർഭരമായി. അഭീഷ്ട വരദായിനിയായ ആറ്റുകാലമ്മ എങ്ങും നിറഞ്ഞുനിന്നു. ആറ്റുകാലമ്മയുടെ തിരുനടയിൽ പാട്ടുപുരയ്ക്കു മുന്നിൽ തയാറാക്കിയ അടുപ്പിലേക്ക് തീ പകർന്ന നിമിഷം... ചെണ്ടമേളവും വായ്‌ക്കുരവയും കതിനാവെടിയും അകമ്പടിയേകി. തൊട്ടടുത്ത നിമിഷം വായ്ക്കുരവകളുടെ അകമ്പടിയോടെ അടുപ്പുകളിലേക്കുള്ള അഗ്നി പ്രയാണത്തിനു തുടക്കമായി.
സർവമംഗളകാരിണിയായ ദേവിയെ സ്തുതിച്ച് ഭക്തർ അടുപ്പുകളിൽ അഗ്നി പകർന്നു. കഠിനവ്രതംനോറ്റെത്തിയ സ്ത്രീലക്ഷങ്ങൾ ആ പുണ്യമുഹൂർത്തത്തിലേക്ക് സ്വയം സമർപ്പിതരായി. കത്തിജ്വലിക്കുന്ന സൂര്യനോ അടുപ്പിലെ അഗ്നിയിൽ നിന്നുള്ള കാെടുംചൂടോ ഭക്തരെ തളർത്തിയില്ല. കലത്തിലേക്ക് അരിമണികൾ അർപ്പിക്കുമ്പോൾ പലരുടെയും കണ്ണുകൾ നിറഞ്ഞൊഴുകി. പൊങ്കാലയ്ക്കൊപ്പം പ്രാർത്ഥനകളും അവർ ദേവിക്കുമുന്നിൽ സമർപ്പിച്ചു.

ആറ്റുകാൽ ദേവീക്ഷേത്രത്തിൽ നിന്ന് കിലോമീറ്ററുകൾ അകലേക്കുവരെ പൊങ്കാല അടുപ്പുകൾ നിരന്നു. പലയിടങ്ങളിലും രണ്ടും മൂന്നും വരികളായാണ് അടുപ്പുകൾ നിരന്നത്. തലേദിവസം തന്നെ നിരത്തുകളിൽ അടുപ്പൊരുക്കി ദേവിയെ ധ്യാനിച്ചു കാത്തിരുന്നത് ആയിരങ്ങളാണ്. നഗരത്തിന്റെ മുക്കും മൂലയും പൊങ്കാലക്കലങ്ങളാൽ നിറഞ്ഞു. കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ ഭക്തർ പൊങ്കാലയ്ക്കെത്തിയെന്നാണ് നഗരക്കാഴ്ചകൾ വ്യക്തമാക്കുന്നത്.
സംസ്ഥാനത്തിന് പുറത്തു നിന്നുള്ളവരും വിദേശികളും പൊങ്കാലയുടെ പുണ്യം നുകരാനെത്തിയിരുന്നു. പൊങ്കാലദിനത്തിൽ പുലർച്ചെ നട തുറക്കുംമുൻപേ ദർശനത്തിനായി ആയിരങ്ങളാണ് എത്തിയത്. സംഘടനകളും സ്ഥാപനങ്ങളും ഭക്ഷണങ്ങളും പാനീയങ്ങളും ഭക്തർക്ക് സുഭിക്ഷമായി വിളമ്പി.

രണ്ടേകാലിനാണ് നിവേദ്യം. ക്ഷേത്രനടയിലെ പണ്ടാരയടുപ്പിൽ നിവേദിച്ച ശേഷമാണ് മറ്റ് കലങ്ങളിൽ നിവേദിക്കുന്നത്. ഇതിനായി 350 പൂജാരിമാരെയാണ് നിയോഗിച്ചിരിക്കുന്നത്. നിവേദ്യം കഴിയുന്നതോടെ സഫലമായ മനസുമായി ഭക്തർ വീടുകളിലേക്കു മടങ്ങും. ഇനി അടുത്തവർഷത്തേക്കുള്ള കാത്തിരിപ്പ്.
12 തരം വിഭവങ്ങൾ
വെള്ളച്ചോറ്, ശർക്കരപ്പായസം, മണ്ടപ്പുറ്റ്, തെരളി, മോദകം, വത്സൻ, പന്തിരുനാഴി, പയർനിവേദ്യം, നെയ്പായസം, ഇടിച്ചുപിഴിഞ്ഞ പായസം, അരവണ, ഉണ്ണിയപ്പം എന്നിങ്ങനെ 12 തരം വിഭവങ്ങളാണ് ദേവിക്ക് മുന്നിൽ സമർപ്പിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |