
ടി.ഐ. മധുസൂദനന്റേത് ബൂർഷ്വാ ശൈലി
കണ്ണൂർ: സി.പി.എം പുറത്താക്കിയ കണ്ണൂർ മുൻ ജില്ലാ കമ്മിറ്റിയംഗം വി.കുഞ്ഞികൃഷ്ണന്റെ പുസ്തകത്തിൽ ടി.ഐ. മധുസൂദനൻ എം.എൽ.എയ്ക്കും പാർട്ടി നേതൃത്വത്തിനും അതിരൂക്ഷ വിമർശനം. 'നേതൃത്വത്തെ അണികൾ തിരുത്തണം' എന്ന പുസ്തകം ഫെബ്രുവരി നാലിനാണ് പുറത്തിറങ്ങുന്നത്. കേരളത്തിലെ പാർട്ടിയിൽ ചങ്ങാത്ത മുതലാളിത്തം നിലനിൽക്കുന്നുവെന്നും സി.പി.എം തിരഞ്ഞെടുപ്പ് പാർട്ടിയായി മാറിയെന്നും 16 അദ്ധ്യായങ്ങളുള്ള പുസ്കകം വിമർശിക്കുന്നു.
ടി.ഐ. മധുസൂദനന്റേത് ബൂർഷ്വാ രാഷ്ട്രീയ ശൈലിയാണ്. എതിർക്കുന്നവരോട് മരണം വരെ പക വച്ചു പുലർത്തുന്നു. പയ്യന്നൂരിലെ പാർട്ടിയെ കൈപ്പിടിയിൽ ഒതുക്കാൻ ശ്രമിക്കുന്നു.
ആശ്രിതരെ സൃഷ്ടിച്ച് അവരെ ഉപയോഗിച്ച് എതിരാളികൾക്കെതിരെ ക്യാമ്പയിൻ നടത്തുന്നു. സഹകരണ സ്ഥാപനങ്ങളിൽ ജോലി നൽകുന്നത് താനാണെന്ന ബോധം വളർത്തുന്നു.
2007ൽ മധുസൂദനൻ ഏരിയാ സെക്രട്ടറി ആയതുമുതലാണ് പയ്യന്നൂരിലെ പാർട്ടിയിൽ പ്രശ്നങ്ങൾ ആരംഭിച്ചത്. സി.കൃഷ്ണൻ, വി.നാരായണൻ തുടങ്ങിയ നേതാക്കളെ അംഗീകരിക്കാൻ മധുസൂദനൻ തയ്യാറാകാത്തത് വിഭാഗീയതയ്ക്ക് കാരണമായി. പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയിട്ടും ഇടപെട്ടില്ല. എല്ലാകാലത്തും മധുസൂദനനെ നേതൃത്വം സംരക്ഷിക്കുന്നുവെന്നും പുസ്തകം ആരോപിക്കുന്നു.
ഫെബ്രുവരി 4ന് വൈകിട്ട് നാലരയ്ക്ക് പയ്യന്നൂർ ഗാന്ധി പാർക്കിൽ ജോസഫ് സി. മാത്യു പുസ്തകം പ്രകാശനം ചെയ്യും. ഡോ. വി.എസ്. അനിൽകുമാറിന് ആദ്യപ്രതി കൈമാറിയാണ് പ്രകാശനം.
രക്തസാക്ഷി ഫണ്ടിന്റെ
വിശദമായ കണക്ക്
ഓഡിറ്റ് റിപ്പോർട്ട് പോലെയാണ് പുസ്തകത്തിന്റെ രണ്ടാം ഭാഗം. ധനരാജ് രക്തസാക്ഷി ഫണ്ട്, ഏരിയാ കമ്മിറ്റി ഓഫീസ് നിർമ്മാണ ഫണ്ട്, തിരഞ്ഞെടുപ്പ് ഫണ്ട് എന്നിവയിലെ ക്രമക്കേടുകളുടെ വിശദമായ കണക്കുകൾ പുസ്തകത്തിലുണ്ട്. രസീത് ബുക്കുകൾ, കൗണ്ടർ ഫോയിൽ നമ്പറുകൾ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്.
പൊലീസ് സംരക്ഷണത്തിന്
ഹൈക്കോടതി ഉത്തരവ്
കൊച്ചി: സി.പി.എം പുറത്താക്കിയ കണ്ണൂരിലെ നേതാവ് വി. കുഞ്ഞികൃഷ്ണന്റെ പുസ്തക പ്രകാശനച്ചടങ്ങിന് പൊലീസ് സംരക്ഷണം നൽകണമെന്ന് ഹൈക്കോടതി. സി.പി.എമ്മിൽ നിന്ന് തനിക്കും കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും ജീവനു ഭീഷണിയുണ്ടെന്ന് കാട്ടി കുഞ്ഞികൃഷ്ണൻ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ഉത്തരവ്. ഫെബ്രുവരി നാലിന് വൈകിട്ട് 5ന് പയ്യന്നൂർ ഗാന്ധിപാർക്കിലാണ് കുഞ്ഞികൃഷ്ണൻ രചിച്ച 'നേതൃത്വത്തെ അണികൾ തിരുത്തണം' എന്ന പുസ്തകത്തിന്റെ പ്രകാശനം. പാർട്ടി രക്തസാക്ഷി ധനരാജിന്റെ പേരിലുള്ള ഫണ്ട് സമാഹരണത്തിൽ ക്രമക്കേടുണ്ടെന്ന ആരോപണത്തിന് പിന്നാലെ ജനുവരി 26നാണ് കുഞ്ഞികൃഷ്ണനെ സി.പി.എം പുറത്താക്കിയത്. ടി.ഐ. മധുസൂദനൻ എം.എൽ.എ അടക്കമുള്ളവർക്കെതിരെയായിരുന്നു ആരോപണം.
പുസ്തകം പ്രസിദ്ധീകരിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ പാർട്ടി ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷ്, പയ്യന്നൂർ ലോക്കൽ സെക്രട്ടറി പി. സന്തോഷ്, ടി.ഐ. മധുസൂദനൻ എന്നിവരുടെ നിർദ്ദേശപ്രകാരം തന്റെ വീടിന് മുന്നിൽ പ്രവർത്തകർ പ്രകടനം നടത്തുകയും പടക്കമെറിയുകയും ചെയ്തതായി കുഞ്ഞികൃഷ്ണന്റെ ഹർജിയിൽ പറയുന്നു. തന്നെ പിന്തുണച്ചയാളുടെ ഇരുചക്രവാഹനവും കത്തിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |