
ആലപ്പുഴ : തിരഞ്ഞെടുപ്പിന് ശേഷമുള്ള വിലയിരുത്തലിൽ അമ്പലപ്പുഴയിൽ വിജയം ഉറപ്പിക്കാനാകാതെ സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് മുന്നോടിയായി ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ ബൂത്തുതല കണക്കുകളുടെ അവലോകനത്തിലാണ് അമ്പലപ്പുഴയിലെ പോരാട്ടം കടുപ്പമായിരുന്നെന്ന് നേതൃത്വം വിലയിരുത്തിയത്.
എൽ.ഡി.എഫ് സ്ഥാനാർത്ഥി എച്ച്.സലാമിന് യു.ഡി.എഫ് പിന്തുണയ്ക്കുന്ന സ്വതന്ത്രൻ ജി.സുധാകരനെക്കാൾ 8,000 വോട്ടുകളുടെ കുറവുണ്ടാകുമെന്നാണ് പാർട്ടിയുടെ കണക്ക്. പരമ്പരാഗത സി.പി.എം വോട്ടുകളും ഉറച്ച പാർട്ടി വോട്ടുകളും ചോർന്നിട്ടില്ലെങ്കിലും അനുഭാവികളുടെ വോട്ടുകളിൽ കുറവുണ്ടായിട്ടുണ്ടെന്നാണ് ബൂത്തുതല നിരീക്ഷണം. പുതുതലമുറ വോട്ടുകൾ ആർക്ക് അനുകൂലമാകുമെന്നതിൽ വ്യക്തതയില്ലാതിരിക്കെ ,ഏതെങ്കിലും അപ്രതീക്ഷിത സാഹചര്യങ്ങൾ അനുകൂലമായി രൂപപ്പെട്ടിട്ടുണ്ടെങ്കിൽ 5000 വോട്ടിന്റെ ഭൂരിപക്ഷവും സി.പി.എം പ്രതീക്ഷിക്കുന്നുണ്ട്.
ജി.സുധാകരന് ബി.ജെ.പി വോട്ടുകൾ ലഭിച്ചിട്ടുള്ളതായും യോഗം നിരീക്ഷിച്ചു. കളർകോട്, കൈതവന, പഴവീട് തുടങ്ങിയ മേഖലകളിൽ പാർട്ടിക്ക് ലഭിക്കാൻ സാദ്ധ്യതയുണ്ടായിരുന്ന നിഷ്പക്ഷമതികളുടെ വോട്ടുകൾ പൂർണമായി കിട്ടിയിട്ടില്ല. അരൂരിലെ ബൂത്തുതല കണക്കുകൾ അവലോകനം ചെയ്തപ്പോൾ അറുന്നൂറോളം വോട്ടുകൾക്ക് എൽ.ഡി.എഫ് പിന്നിലാണെന്നാണ് വിലയിരുത്തൽ.ചെങ്ങന്നൂർ, മാവേലിക്കര, ചേർത്തല എന്നിവിടങ്ങളിൽ വിജയം ഉറപ്പാണെന്നും വിലയിരുത്തി. ഹരിപ്പാട്, കുട്ടനാട് സീറ്റുകൾ നഷ്ടമാകുമെന്ന് കരുതുന്ന സി.പി.എം, കുട്ടനാട്ടിൽ 7500 ഓളം വോട്ടുകൾക്ക് പിന്നിലാകുമെന്നും കണക്കായിട്ടുണ്ട്. സംസ്ഥാന സെക്രട്ടേറിയറ്റിന്റെ വിലയിരുത്തലിന് ശേഷം ജില്ലാ സെക്രട്ടേറിയറ്റും മണ്ഡലം കമ്മിറ്റികളും റിപ്പോർട്ടിംഗിനായി വീണ്ടും ചേരും. അതേസമയം അമ്പലപ്പുഴയിൽ 5000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് എച്ച്.സലാം സമൂഹ മാദ്ധ്യമത്തിൽ കുറിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |