
വയനാട്: സിപിഎം വയനാട് ജില്ലാ നേതൃത്വത്തെ പ്രതിസന്ധിയിലാക്കി മുതിർന്ന നേതാവ് എ വി ജയൻ പാർട്ടി വിട്ടു. 35 വർഷമായി പാർട്ടിയുടെ സജീവ സാന്നിദ്ധ്യമായിരുന്ന ജയൻ പാർട്ടിയിൽ തുടരാനാവാത്ത സാഹചര്യമാണെന്ന് വ്യക്തമാക്കി രാജിക്കത്ത് നൽകുകയായിരുന്നു. വ്യക്തിപരമായ വേട്ടയാടലുകളും വിഭാഗീയതയുമാണ് തീരുമാനത്തിന് പിന്നിലെന്ന് അദ്ദേഹം ആരോപിച്ചു. ഒരു സ്വകാര്യ ചാനലിലൂടെയാണ് എ വി ജയൻ താൻ രാജി വച്ചതിന്റെ കാരണം വെളിപ്പെടുത്തിയത്.
'35 കൊല്ലം പാർട്ടിക്ക് വേണ്ടി പൂർണ്ണമായി സമർപ്പിച്ച വ്യക്തിയാണ് ഞാൻ. എന്നാൽ ഇപ്പോൾ ഭീഷണിയുടെ സ്വരത്തിലാണ് കാര്യങ്ങൾ നടക്കുന്നത്. മാന്യമായി പ്രവർത്തിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് പാർട്ടി വിടുന്നത്.' അദ്ദേഹം പ്രതികരിച്ചു.

ശശീന്ദ്രൻ- റഫീഖ് പക്ഷത്തിനെതിരെ നിലപാടെടുത്തത് മുതൽ തനിക്കെതിരെ ആസൂത്രിതമായ നീക്കങ്ങൾ നടക്കുന്നുണ്ടെന്നും കഴിഞ്ഞ ജില്ലാ സമ്മേളനം മുതൽ ഒരു വിഭാഗം തന്നെ നിരന്തരം ലക്ഷ്യം വയ്ക്കുകയാണെന്നും പാർട്ടിക്കുള്ളിലെ ചർച്ചകൾക്ക് പകരം ഭീഷണിയുടെ സ്വരത്തിലാണ് തീരുമാനങ്ങൾ എടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
തന്നെ രാഷ്ട്രീയമായി തകർക്കാൻ ചില സിപിഎം നേതാക്കൾ കോൺഗ്രസ് നേതൃത്വത്തിന് വിവരങ്ങൾ ചോർത്തി നൽകിയെന്ന ഗുരുതരമായ ആരോപണവും ജയൻ ഉന്നയിച്ചു. പാർട്ടിയിൽ നടക്കുന്ന ആസൂത്രിത അട്ടിമറി നീക്കങ്ങൾ ഭാവിയിൽ സിപിഎമ്മിന് വലിയ തിരിച്ചടിയുണ്ടാക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
കഴിഞ്ഞ ദിവസമാണ് കൊട്ടാരക്കര മുൻ എംഎൽഎയും സിപിഎം നേതാവുമായ ഐഷാ പോറ്റി കോൺഗ്രസിൽ ചേർന്നത്. കൊട്ടാരക്കരയിൽ മൂന്ന് തവണ എംഎൽഎയായ ഐഷാ പോറ്റി മൂന്ന് പതിറ്റാണ്ടു നീണ്ട ഇടത് ബന്ധം അവസാനിപ്പിച്ചാണ് കോൺഗ്രസിൽ ചേക്കേറിയത്. മാത്രമല്ല കഴിഞ്ഞ വർഷം സിപിഎം കൊട്ടാരക്കര ഏരിയ കമ്മിറ്റിയിൽ നിന്നും ഐഷാ പോറ്റിയെ ഒഴിവാക്കിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |