
കൊച്ചി: നാലു വയസുകാരിയെ ചട്ടുകം ചൂടാക്കി പൊള്ളിച്ച പെറ്റമ്മയെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. കാട്ടിത്തറ സ്വദേശിയായ 30കാരിയാണ് ക്രൂരത കാട്ടിയത്. അനുസരിക്കുന്നില്ലെന്നും രാത്രി ഉറങ്ങാതിരിക്കുന്നെന്നും പറഞ്ഞാണ് കുട്ടിയുടെ സ്വകാര്യ ഭാഗത്ത് ഉൾപ്പെടെ പൊള്ളലേൽപ്പിച്ചത്.
മരടിലെ സ്‌കൂളിൽ എൽ.കെ.ജി വിദ്യാർത്ഥിയാണ് ബാലിക. ക്ലാസ് ടീച്ചറാണ് കുട്ടിയുടെ ദേഹത്ത് പൊള്ളലേറ്റ പാട് ആദ്യം കണ്ടത്. തുടർന്ന് പൊലീസിൽ അറിയിച്ചു. ഇന്നലെ രാവിലെ അമ്മയെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്തു. കുറ്റം സമ്മതിച്ചതോടെ അറസ്റ്റ് രേഖപ്പെടുത്തി. കുട്ടിയെ വൈദ്യപരിശോധനയ്‌ക്ക് വിധേയമാക്കി. മൂത്തമകനെയും പ്രതി സമാനമായി ഉപ്രവിച്ചിട്ടുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം.
കുട്ടികളെ ചൈൽഡ് വെൽഫെയർ കമ്മിറ്റി സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. ആരോഗ്യപ്രശ്‌നങ്ങളില്ല. ബാലികയ്ക്ക് കൗൺസലിംഗ് നൽകും. പൊലീസിന്റെയും ചൈൽഡ് വെൽഫെയർ കമ്മിറ്റി ആഭ്യന്തര അന്വേഷണ സമിതിയുടെയും റിപ്പോർട്ടുകൾ പരിഗണിച്ചായിരിക്കും കുട്ടിയെ വിട്ടുനൽകുന്നതിൽ അന്തിമതീരുമാനമുണ്ടാവുക.
അമ്മയ്ക്ക് മാനസിക പ്രശ്‌നങ്ങളൊന്നുമില്ലെന്ന് പൊലീസ് സ്ഥിരീകരിച്ചു. കുട്ടിയുടെ പിതാവും സഹോദരങ്ങളും ഉൾപ്പെടെ കൂട്ടുകുടുംബം പോലെയാണ് ഇവർ കഴിയുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |