
കൊച്ചി: അറസ്റ്റ് ചെയ്യാനെത്തിയ പൊലീസ് സംഘത്തെ കണ്ട് യുവാവ് വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ചു. എരൂർ ലേബർ ജംഗ്ഷന് സമീപം പുരപറമ്പിൽ വീട്ടിൽ സനലിന്റെ മകൻ ശ്രീധറാണ് (20) ജീവനൊടുക്കിയത്.
2025ലെ വധശ്രമക്കേസിൽ പിടികിട്ടാപ്പുളളിയായ ശ്രീധർ വിട്ടിലുണ്ടെന്നറിഞ്ഞ് രാവിലെ 11.30 ഓടെയാണ് തൃപ്പൂണിത്തുറ ഹിൽപാലസ് സ്റ്റേഷനിലെ എസ്.ഐയുടെ നേതൃത്വത്തിൽ ഏഴംഗ പൊലീസ് വീട്ടിലെത്തിയത്.
പൊലീസ് വരുന്നത് കണ്ട് ശ്രീധർ കിടപ്പുമുറിയിൽ കയറി വാതിലടച്ചു. ഒരു മണിക്കൂർ പൊലീസ് കാത്തുനിന്നെങ്കിലും വാതിൽ തുറന്നില്ല. തുടർന്ന് പൊലീസ് വിളിപ്പിച്ചതു പ്രകാരം വീട്ടിലെത്തിയ പിതാവ് സനൽ അടുക്കള വാതിൽ പൊളിച്ച് അകത്തു കയറി. കിടപ്പുമുറിയുടെ ചില്ലു തകർത്ത് നോക്കിയപ്പോഴാണ് ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടത്. സംഭവസമയത്ത് വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല.
പോക്സോ ഉൾപ്പെടെ നാലു കേസുകളിൽ പ്രതിയാണെന്ന് ഹിൽപാലസ് പൊലീസ് അറിയിച്ചു. 2025 ഡിസംബർ 13ന് കണിയാമ്പുഴയിൽ ബൈക്ക് യാത്രക്കാരനെ തടഞ്ഞുനിർത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയാണ്. ശ്രീധറിനെ തേടി രണ്ടാഴ്ച മുമ്പും പൊലീസ് വീട്ടിലെത്തിയിരുന്നു. അന്ന് പൊലീസിനെ കണ്ട് ഓടിരക്ഷപ്പെട്ടു. പിതാവ് തൃപ്പൂണിത്തുറ നഗരസഭയിലെ ജീവനക്കാരനാണ്. മാതാവ്: മായ. സഹോദരി: അമ്മു. മൃതദേഹം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി മോർച്ചറിയിൽ. ഇന്ന് കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം സംസ്കരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |