
പാലക്കാട്: അനധികൃത ലോൺ ആപ്പിന്റെ നിരന്തര ഭീഷണിയെ തുടർന്ന് കഞ്ചിക്കോട് മേനോൻപാറയിൽ യുവാവ് ജീവനൊടുക്കി. മേനോൻപാറ സ്വദേശി അജീഷാണ് (37) ഇക്കഴിഞ്ഞ തിങ്കളാഴ്ച ആത്മഹത്യ ചെയ്തത്,
മോർഫ് ചെയ്തുണ്ടാക്കിയ ദൃശ്യങ്ങൾ കാണിച്ചുള്ള ലോൺ ആപ്പ് അധികൃതർ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായി ബന്ധുക്കളും സുഹൃത്തുക്കളും പറഞ്ഞു. അജീഷിനെ ലോൺ ആപ്പ് ജീവനക്കാർ ഭീഷണിപ്പെടുത്താൻ ഉപയോഗിച്ച ദൃശ്യങ്ങളും സന്ദേശങ്ങളും പുറത്തു വന്നിട്ടുണ്ട്. അജീഷിന്റെ കുടുംബം നൽകിയ പരാതിയെ തുടർന്ന് കൊഴിഞ്ഞാമ്പാറ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
6000 രൂപയാണ് ക്രെഡി ലോൺ എന്ന അനധികൃത ലോൺ ആപ്പിൽ നിന്നും അജീഷ് വായ്പയെടുത്തത്. പലിശ സഹിതം തുക തിരിച്ചടച്ചു. വീണ്ടും ലോൺ ആപ്പ് ജീവനക്കാർ പണം ആവശ്യപ്പെട്ട് അജീഷിനെ സമീപിച്ചു. പണം നൽകാതായതോടെ ഭീഷണിപ്പെടുത്തി. അജീഷിന്റെ ചിത്രങ്ങൾ ഉപയോഗിച്ച് നിർമ്മിച്ച വ്യാജ നഗ്നദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് പറഞ്ഞതോടെയാണ് മാനസികമായി തളർന്നത്, പിടിക്കപ്പെടാതിരിക്കാൻ കനേഡിയൻ മൊബൈൽ നമ്പർ ഉപയോഗിച്ചുള്ള വാട്സ്ആപ്പ് അക്കൗണ്ടിലൂടെയാണ് ലോൺ ആപ്പ് ജീവനക്കാർ അജീഷിനെ ഭീഷണിപ്പെടുത്തിയിരുന്നത്. അജീഷിന്റെ മൊബൈൽ ഫോൺ സൈബർ സെല്ലിന്റെ സഹായത്തോടെ പൊലീസ് ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും. വായ്പ തുകയേക്കാൾ പലിശ സഹിതം തിരിച്ചടച്ചിട്ടും ഭീഷണി തുടർന്നതായി ബന്ധുക്കൾ ആരോപിച്ചു. അനധികൃത ലോൺ ആപ്പ് ഉടമകൾക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് സഹോദരങ്ങളും വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |