ന്യൂഡൽഹി: ജമ്മുകാശ്‌മീരിലെ കുപ്‌വാരയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച രാഷ്‌ട്രീയ റൈഫിൾസിലെ നായിക് ദിൽവർ ഖാൻ, സോപോരയിലെ ഒാപ്പറേഷനിടെ ഭീകരരെ തുരത്തിയ രാഷ്‌ട്രീയ റൈഫിൾസിലെ മേജർ മൻജിത്ത് എന്നിവർക്ക് രാജ്യത്തെ രണ്ടാമത്തെ പരമോന്നത പുരസ്‌കാരമായ കീർത്തിചക്ര സമ്മാനിക്കും. ജമ്മുകാശ്‌മീരിൽ അപകടത്തിൽ കൊല്ലപ്പെട്ട ബോർഡർ റോഡ് ഒാർഗനൈസേഷനിലെ മലയാളി ഉദ്യോഗസ്ഥനും ശാസ്‌താംകോട്ട സ്വദേശിയുമായ ജി.വിജയൻകുട്ടിക്ക് മരണാനന്തര ബഹുമതിയായി ശൗര്യ ചക്ര നൽകും.
വ്യോമസേനയുടെ മിഗ് യുദ്ധവിമാനത്തിലെ പൈലറ്റ് ഫ്ളൈറ്റ് ലെഫ്റ്റനന്റ് തരുൺ നായർക്ക് ധീരതയ്‌ക്കുള്ള വ്യോമസേനാ മെഡൽ. തരുണിന്റെ മാതാവും കരസേന മെഡിക്കൽ സർവീസ് മേധാവിയുമായ ലെഫ്. ജനറൽ സാധനാ സക്‌സേനാ നായർക്ക് പരംവിശിഷ്‌ട സേവാമെഡൽ. മലയാളികളായ സതേൺ എയർ കമാൻഡ് മേധാവി എയർമാർഷൽ ബാലകൃഷ്‌ണൻ മണികണ്ഠൻ, ലെഫ്. ജനറൽ വി.എം.ഭുവനാ കൃഷ്‌ണൻ, ലെഫ്. ജനറൽ ശങ്കർ നാരായണൻ, എയർമാർഷൽ സാജു ബാലകൃഷ്‌ണൻ (ആൻഡമാൻ നിക്കോബാർ കമാൻഡ് ഇൻ ചീഫ് ) എന്നിവർക്കും പരംവിശിഷ്‌ട സേവാമെഡൽ.
സൈനിക ഒാപ്പറേഷനുകളിലെ മികവിനുള്ള മെൻഷൻഡ് ഇൻ ഡെസ്‌പാച്ച് അവാർഡ് ഇ.എം.ഇ ബറ്റാലിയനിലെ മലയാളി പ്രവീൺ നായർക്ക്. മലയാളികളായ ഏഴുപേർക്ക് അതിവിശിഷ്‌ട സേവാമെഡലും അഞ്ചുപേർക്ക് വിശിഷ്‌ട സേവാമെഡലും മൂന്നുപേർക്ക് ജോലി പ്രതിബദ്ധത നാവികസേനാ മെഡലും സമ്മാനിക്കും.14 ശൗര്യ ചക്ര (മൂന്ന് മരണാനന്തരം), 66 സേനാ മെഡലുകൾ (7 മരണാനന്തരം) ഉൾപ്പെടെയുള്ള ബഹുമതികളാണ് ഇന്നലെ പ്രഖ്യാപിച്ചത്. പരം വിശിഷ്ട സേവാ, അതിവിശിഷ്‌ട സേവാ മെഡലുകൾ അടക്കം 305 പേർക്കും പുരസ്‌കാരം ലഭിക്കും.
ബഹുമതി ലഭിച്ച
മറ്റ് മലയാളികൾ
അതിവിശിഷ്‌ട സേവാ മെഡൽ
ലെഫ്. ജനറൽ വിജയ് ഭാസ്‌കരൻ നായർ, ലെഫ്. ജനറൽ സാധനാ എസ്.നായർ, മേജർ ജനറൽ ബാലചന്ദ്രൻ നമ്പ്യാർ, വൈസ് അഡ്മിറൽ സി.രാംമോഹൻ പ്രവീൺ നായർ, റിയർ അഡ്‌മിറൽ സിറിൽ തോമസ്, റിട്ട.എയർ വൈസ് മാർഷൽ പി.കെ. ശ്രീകുമാർ, ജോർജ് പി.ചെറിയാൻ (എ.ഡി.ജി.ബി.ആർ ബി.ആർ.ഒ)
വിശിഷ്‌ട സേവാമെഡൽ
മേജർ ജനറൽ വിനോദ് കുമാർ നമ്പ്യാർ, മേജർ ജനറൽ എം.രാജീവ് മേനോൻ, കമ്മഡോർ സുനിൽ രാജശേഖരൻ. എയർ വൈസ് മാർഷൽ എ.സുരേഷ് കുമാർ, എയർ കമ്മഡോർ സജി ജേക്കബ്.
ജോലി പ്രതിബദ്ധത
നാവികസേനാ മെഡൽ
റിയർ അഡ്‌മിറൽ ബിംല കുമാർ മാധവൻ നായർ, ക്യാപ്‌ടൻ ആർ.രഘുനായർ. ക്യാപ്ടൻ അജയ് ചെല്ലപ്പൻ.
മിഗ് 29ന്റെ നിയന്ത്രണം
വീണ്ടെടുത്തതിന് അംഗീകാരം
2024 മാർച്ച് 12ന് പരിശീലനപ്പറക്കലിനിടെ സാങ്കേതിക തകരാറിനെ തുടർന്ന് നിയന്ത്രണം നഷ്‌ടപ്പെട്ട മിഗ്29 വിമാനത്തിന്റെ നിയന്ത്രണം അതിസാഹസികമായി വീണ്ടെടുത്ത് സുരക്ഷിതമായി നിലത്തിറക്കിയതിനാണ് തരുൺ നായർക്ക് ധീരതയ്‌ക്കുള്ള വ്യോമസേനാ മെഡൽ സമ്മാനിക്കുന്നത്. റിട്ട. എയർമാർഷൽ കെ.പി. നായരുടെ മകനാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |