തൃശൂർ: മലയാള സിനിമയിലെ ചീഫ് അസോസിയേറ്റ് ഡയറക്ടർ പി.കെ. ജയകുമാർ (അഡ്വ. ജയിൻ കൃഷ്ണ 45) നിര്യാതനായി. കോലഴി പൂവണി ക്ഷേത്രത്തിന് സമീപത്തെ വീട്ടിൽ നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അന്ത്യം. പുലർക്കാട്ടിൽ പരേതനായ കൃഷ്ണൻ കുട്ടിയുടെയും ചന്ദ്രികയുടെയും മകനാണ്. അവിവാഹിതനായിരുന്നു. പത്ത് വർഷത്തോളം സംവിധായകൻ ബി. ഉണ്ണിക്കൃഷ്ണന്റെ ചീഫ് അസോസിയേറ്റ് ഡയറക്ടറായിരുന്ന ജയകുമാർ, അനിൽ സി. മേനോൻ, സുനിൽ കാര്യാട്ടുകര, ജിബു ജേക്കബ് , വി.എസ്. രോഹിത് തുടങ്ങി ഒട്ടേറെ സംവിധായകർക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. മോഹൻലാലിനെ നായകനാക്കി ബി. ഉണ്ണിക്കൃഷ്ണൻ സംവിധാനം ചെയ്ത 'ആറാട്ടാ'ണ് അവസാനം ചെയ്ത സിനിമ. സ്വന്തമായി സിനിമ സംവിധാനം ചെയ്യാനിരിക്കേയായിരുന്നു മരണം. നിയമ ബിരുദധാരിയായ ജയകുമാർ ഫെഫ്ക ഡയറക്ടേഴ്സ് യൂണിയൻ ഭരണസമിതി അംഗമാണ്. സംസ്കാരം ഇന്ന് വൈകിട്ട് രണ്ടിന് ഷൊർണൂർ ശാന്തി തീരത്ത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |