തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കും മൂന്ന് ശതമാനം ഡി.എ.യും പെൻഷൻകാർക്ക് ക്ഷാമാശ്വാസവും അനുവദിച്ചുകൊണ്ട് സർക്കാർ ഇന്നലെ ഉത്തരവ് പുറത്തിറക്കി. അടുത്ത മാസം ശമ്പളത്തിനൊപ്പം ഡി.എ.യും കിട്ടും. എന്നാൽ, കുടിശിക ലഭിക്കുമെന്ന് പറയുന്നില്ല.
2021 ജൂലായ് മുതലുള്ള 39 മാസത്തെ ഡി.എ കിട്ടാനുണ്ട്. 35 ദിവസത്തെ ശമ്പളത്തിന് തുല്യമാണ് ഈ തുക.
ഈ വർഷം ജൂലായിൽ പ്രഖ്യാപിച്ച ഡി.എ.ആനുകൂല്യം ഉടനടി സംസ്ഥാനത്തും നൽകുന്നുവെന്ന് തോന്നുന്ന തരത്തിലാണ് ഉത്തരവ്. ഈ വർഷം ഏപ്രിലിലും ഒരു ഗഡു ഡി.എ.യും ഡി.ആറും അനുവദിച്ചിരുന്നു. അതിലും എപ്പോഴത്തെ ഡി.എ.ആണെന്ന് വ്യക്തമാക്കിയിരുന്നില്ല.മുൻകാല പ്രാബല്യവും നൽകിയില്ല. അതോടെ 78 മാസത്തെ മൊത്തം ശമ്പളത്തിന്റെ അഞ്ചു ശതമാനം തുകയാണ് ജീവനക്കാർക്ക് നഷ്ടമായത്.
ഉപഭോക്തൃ വില സൂചികയിലധിഷ്ഠിതവും വിലക്കയറ്റ സമീകരണമെന്ന നിലയിലും നൽകുന്ന കാലാകാലങ്ങളിലെ ഡി .എ ജീവനക്കാരന്റെ അവകാശമാണ്. എന്നാൽഅർഹമായ തീയതി സൂചിപ്പിക്കാതെ, ക്ഷാമബത്ത സർക്കാരിന്റെ ഔദാര്യമെന്ന നിലയിലാണ് ഇപ്പോൾ ഉത്തരവുകളിറക്കുന്നത്.രണ്ടാം പിണറായി സർക്കാർ കഴിഞ്ഞ മൂന്ന് വർഷക്കാലത്ത് ആകെ അനുവദിച്ചത് രണ്ടു ഗഡു ഡി .എ മാത്രമാണ്.
ഡി എ കുടിശിക നിഷേധം:
28ന് പ്രതിഷേധ മാർച്ച്
തിരുവനന്തപുരം: ജീവനക്കാർക്ക് അർഹമായ 78 മാസത്തെ അഞ്ചു ശതമാനം ഡി എ നിഷേധിച്ചതിൽ പ്രതിഷേധിച്ച് ഒക്ടോബർ 28 ന് വിവിധ സർവീസ് സംഘടനകളുടെ ആഭിമുഖ്യത്തിൽ സെക്രട്ടേറിയറ്റ് മാർച്ച് നടത്തും.
സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ കൺവീനർ ഇർഷാദ് എം. എസ്, കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി പുരുഷോത്തമൻ കെ.പി, കേരള ഫൈനാൻസ് സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡന്റ് പി. എൻ മനോജ്കുമാർ, ജനറൽ സെക്രട്ടറി എസ്. പ്രദീപ്കുമാർ, കേരള ലാ സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡന്റ് കുമാരി അജിത.പി, ജനറൽ സെക്രട്ടറി മോഹനചന്ദ്രൻ എം. എസ്, കേരള ലെജിസ്ലേച്ചർ സെക്രട്ടേറിയറ്റ് എംപ്ലോയീസ് ഓർഗനൈസേഷൻ പ്രസിഡന്റ് ഷിബു ജോസഫ്, ജനറൽ സെക്രട്ടറി വി. എ ബിനു എന്നിവരാണ് ഇക്കാര്യം അറിയിച്ചത്.
39 മാസത്തെ ഡി.എ.കുടിശ്ശിക നൽകാത്ത നടപടി സർക്കാരിന്റെ പോക്കറ്റടിയാണെന്ന് ആക്ഷൻ കൗൺസിൽ കൺവീനർ ഇർഷാദ് ആരോപിച്ചു. 2021 ജൂലായ് ഒന്നു മുതൽ കിട്ടേണ്ടതായ ഡി എ അനുവദിച്ചത് 2024 ഒക്ടോബർ മുതലാണ്. 35 ദിവസത്തെ ശമ്പളത്തിന് തുല്യമായ തുക നഷ്ടപ്പെട്ടു. രണ്ടാം പിണറായി സർക്കാർ ആകെ അനുവദിച്ചത് 2 ഗഡു ഡി എ മാത്രമാണ്. ഏപ്രിൽ മാസത്തിൽ ഡി എ അനുവദിച്ചപ്പോഴും കുടിശിക അനുവദിച്ചിരുന്നില്ല.ഇതോടെ ആകെ 78 മാസത്തെ 5% ശതമാനം തുക ജീവനക്കാർക്ക് അന്യമായി.ആറു ഗഡു ഡി എ ഇനിയും അനുവദിക്കാനുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |