
തിരുവനന്തപുരം: ക്ഷാമബത്ത ജീവനക്കാരുടെ അവകാശമല്ലെന്നും സർക്കാരിന്റെ നയപരമായ തീരുമാനമാണെന്നും കുടിശിക നൽകുന്നത് വലിയ സാമ്പത്തിക ബാദ്ധ്യത വരുത്തുമെന്നുമുള്ള സർക്കാർ നിലപാടിൽ ജീവനക്കാരുടെ സംഘടനകൾക്ക് കടുത്ത അമർഷം. പ്രതിപക്ഷ സംഘടനകളും എൻ.ജി.ഒ സംഘം എതിർപ്പ് പരസ്യമായി പ്രകടിപ്പിച്ചിട്ടുണ്ട്. ധർമ്മസങ്കടത്തിലാണ് ഭരണാനുകൂല സംഘടനകൾ.
ക്ഷാമബത്ത കുടിശിക അനുവദിക്കാത്തതിലും അനുവദിച്ച കുടിശികയുടെ മുൻകാല പ്രാബല്യം നിഷേധിക്കുന്നതിലും പ്രതിഷേധിച്ച് എൻ.ജി.ഒ അസോസിയേഷൻ ഇപ്പോൾ തന്നെ സമരരംഗത്താണ്. സർക്കാരിന്റെ സത്യവാംങ്മൂലത്തിന്റെ അടിസ്ഥാനത്തിൽ ഹൈക്കോടതി വിധി വന്ന ശേഷം ഇടപെടാനാണ് എൻ.ജി.ഒ സംഘിന്റെ തീരുമാനം. സത്യവാങ്മൂലം തിരുത്തുന്നില്ലെങ്കിൽ ശക്തമായ പ്രക്ഷോഭത്തിലേക്ക് നീങ്ങാനാണ് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിലിന്റെ നീക്കം.
ക്ഷാമബത്തയുടെ ആറു ഗഡുക്കളാണ് ഇനി അനുവദിക്കേണ്ടത്. അനുവദിച്ച അഞ്ചു ഗഡുക്കളുടെ മുൻകാല പ്രാബല്യംവച്ച് കുടിശിക ഇനത്തിൽമാത്രം 17,770 കോടിയോളം ജീവനക്കാർക്ക് കിട്ടേണ്ടതാണ്.
ജീവനക്കാർക്ക് അനുകൂലമായുള്ള കൊൽക്കത്ത ഹൈക്കോടതിയുടെ വിധിക്കെതിരെ പശ്ചിമ ബംഗാൾ സർക്കാർ സുപ്രീംകോടതിയെ സമീപിച്ചപ്പോൾ ക്ഷാമബത്ത ജീവനക്കാരുടെ അവകാശമെന്നു തന്നെയാണ് വിധിച്ചത്. വിവിധ ഹൈക്കോടതികളും സമാനമായ വിധി പുറപ്പെടുവിച്ചിട്ടുണ്ട്. ഇതെല്ലാം അവഗണിച്ചാണ് കേരള സർക്കാരിന്റെ നീക്കമെന്നാണ് സംഘടനകളുടെ അഭിപ്രായം.
``ഹൈക്കോടതിയിലെ കേസിൽ തെറ്റായ വിവരമാണ് സർക്കാർ നൽകിയത്. ക്ഷാമബത്തയും അലവൻസുകളും ചേർന്നതാണ് ശമ്പളം എന്ന് കോടതി നേരത്തെ വിധിച്ചിട്ടുണ്ട്. ട്രൈബ്യൂണലിൽ കേസ് നടക്കുകയാണ്. ശക്തമായ പ്രക്ഷോഭം നടത്തേണ്ട സ്ഥിതിയാണ്.``
-എ.എം.ജാഫർഖാൻ,
സംസ്ഥാന പ്രസിഡന്റ്,
ൻ.ജി.ഒ അസോസിയേഷൻ.
``ഡി .എ അവകാശമല്ല എന്ന് പറയുന്നതിലൂടെ വേതനം അപഹരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഏത് നിയമനിർമ്മാണത്തിലൂടെയാണ് സർക്കാർ ഡി എ അനുവദിക്കാൻ പുതിയ രീതി അവലംബിച്ചത്?. പിണറായി വിജയൻ ഭരണം സ്വയംപ്രഖ്യാപിത തൊഴിലാളി വിരുദ്ധ സർക്കാരായി മാറിയിരിക്കുന്നു.``
-എം. എസ് ഇർഷാദ്,
കൺവീനർ, സെക്രട്ടേറിയറ്റ്
ആക്ഷൻ കൗൺസിൽ
``കേന്ദ്രത്തിൽ നിന്നു കണക്ക് പറഞ്ഞു വാങ്ങിയിട്ട് അത് അർഹരായവർക്ക് നൽകാതിരിക്കുന്നത് ന്യായീകരിക്കാനാവില്ല. വിലക്കയറ്റത്തിന് ആനുപാതികമായാണ് ക്ഷാമബത്ത പ്രഖ്യാപിക്കുന്നത്. സുപ്രീം കോടതി അടക്കം ക്ഷാമബത്ത ജിവനക്കാരുടെ അവകാശമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോഴത്തെ ഹർജിയിൽ ഹൈക്കോടതി വിധി വന്നശേഷം പ്രക്ഷോഭം അടക്കമുള്ള കാര്യങ്ങൾ തീരുമാനിക്കും.``
-പി.സുനിൽകുമാർ,
ദേശീയ വൈസ് പ്രസിഡന്റ്,
എൻ.ജി.ഒ സംഘ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |