
കൊച്ചി: രാജ്യത്തിന്റെ പരമോന്നത ബഹുമതികളിലൊന്നായ പദ്മഭൂഷൺ ലഭിച്ച എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ആദരിക്കാൻ കേരളകൗമുദി കൊച്ചി യൂണിറ്റ് എറണാകുളം ടൗൺഹാളിൽ സംഘടിപ്പിച്ച 'പദ്മകാന്തി" സമ്മേളനം ജനപ്രതിനിധികളുടെയും സമുദായ അംഗങ്ങളുടെയും സാന്നിദ്ധ്യംകൊണ്ട് പ്രൗഢഗംഭീരമായി. ആദരവിനുള്ള മറുപടി പ്രസംഗത്തിൽ ബാല്യ കൗമാര കാലങ്ങളും സമുദായ നേതൃത്വത്തിലേക്കുള്ള നിയോഗവുമുൾപ്പെടെ പദ്മഭൂഷൻലബ്ധി വരെയുള്ള ഹ്രസ്വമായ ജീവചരിത്രം വിവരിച്ച വെള്ളാപ്പള്ളി വികാരാധീനനായി.
തന്നെ തകർക്കാൻ ശ്രമിക്കുന്നവരുടെ മുമ്പിൽ എന്നും തലയെടുപ്പോടെ നിന്ന ചരിത്രമേയുള്ളൂവെന്ന് ആവർത്തിച്ച അദ്ദേഹം കണിച്ചുകുളങ്ങര ക്ഷേത്രത്തിലെ ആചാരം പരിഷ്കരിക്കാൻ ശ്രമിച്ചതിന്റെ പേരിൽ അക്രമികളുടെ കൊലക്കത്തിക്ക് ഇരയായതും പ്ലാസ്റ്റിക് സർജറിയിലൂടെ ജീവിതത്തിലേക്ക് തിരിച്ചുവന്നതുമെല്ലാം അനുസ്മരിച്ചു. പലപ്പോഴും വികാരവിക്ഷോഭത്താൽ കണ്ഠമിടറിയ നേതാവിനെ സദസ് ഹർഷാരവത്തോടെ പ്രോത്സാഹിപ്പിച്ചു.
ആദരിക്കൽ സമ്മേളനം മന്ത്രി കെ. കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു. മുൻ ഗോവ ഗവർണർ അഡ്വ. പി.എസ്. ശ്രീധരൻപിള്ള അദ്ധ്യക്ഷനായി. കേരളകൗമുദി അസോസിയേറ്റ് എഡിറ്റർ വി.എസ്. രാജേഷ് ആമുഖ പ്രഭാഷണവും ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ട്രഷറർ സ്വാമി ശാരദാനന്ദ അനുഗ്രഹ പ്രഭാഷണവും നടത്തി.
കൊച്ചി മേയർ വി.കെ. മിനിമോൾ, ഡെപ്യൂട്ടി മേയർ ദീപക് ജോയി, ഹൈബി ഈഡൻ എം.പി, എം.എൽ.എമാരായ കെ. ബാബു, ടി.ജെ. വിനോദ്, കെ.എൻ. ഉണ്ണിക്കൃഷ്ണൻ, സ്പൈസസ് ബോർഡ് ചെയർപേഴ്സൺ അഡ്വ. സംഗീത വിശ്വനാഥൻ, ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ, ശ്രീനാരായണ വേൾഡ് മിഷൻ ചെയർമാൻ പി.എസ്. ബാബുറാം, എസ്.എൻ.ഡി.പി യോഗം കണയന്നൂർ യൂണിയൻ ചെയർമാൻ മഹാരാജാ ശിവാനന്ദൻ, കൺവീനർ എം.ഡി. അഭിലാഷ് എന്നിവർ സംസാരിച്ചു. കേരളകൗമുദി ഡെപ്യൂട്ടി എഡിറ്ററും കൊച്ചി-തൃശൂർ യൂണിറ്റ് ചീഫുമായ പ്രഭു വാര്യർ സ്വാഗതവും ബ്യൂറോ ചീഫ് ടി.കെ. സുനിൽകുമാർ നന്ദിയും പറഞ്ഞു.
കേരളകൗമുദിക്കു വേണ്ടി അസോസിയേറ്റ് എഡിറ്റർ വി.എസ്. രാജേഷും പ്രഭു വാര്യരും അഡ്വ.പി.എസ്. ശ്രീധരൻപിള്ളയും ചേർന്ന് വെള്ളാപ്പള്ളി നടേശനെ കീരിടം അണിയിച്ചു. മന്ത്രി കെ. കൃഷ്ണൻകുട്ടി കേരളകൗമുദിയുടെ ഉപഹാരം സമർപ്പിച്ചു. മേയർ വി.കെ. മിനിമോൾ, ഡെപ്യൂട്ടി മേയർ ദീപക് ജോയി, ഹൈബി ഈഡൻ എം.പി, കെ.എച്ച്.ആർ.എ പ്രസിഡന്റ് ജി. ജയപാൽ എന്നിവർ ജനറൽ സെക്രട്ടറിയെ പൊന്നാടയും മഹാരാജാ ശിവാനന്ദൻ, എം.ഡി. അഭിലാഷ് എന്നിവർ പുഷ്പഹാരവും അണിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |