SignIn
Kerala Kaumudi Online
Thursday, 19 February 2026 4.05 AM IST

നൃത്തമാടി കറക്കിയ വൃത്തം സിന്നുവിന് സമ്മാനിച്ചത് ഗിന്നസ്

Increase Font Size Decrease Font Size Print Page
cinnu-one

കൊച്ചി: ഭരതനാ‌ട്യച്ചുവടുകൾക്കൊപ്പം അരയിൽ കറങ്ങുന്ന 'ഹുല ഹൂപ്പ്" വളയം. അതിനൈപുണ്യം വേണ്ട പ്രകടനം ബിരുദ വിദ്യാർത്ഥി സിന്നു കുര്യാക്കോസിന് സമ്മാനിച്ചത് ഗിന്നസ് റെക്കാഡ്. കഴിഞ്ഞ കേരളപ്പിറവി ദിനത്തിലായിരുന്നു സിന്നുവിന്റെ ഗിന്നസ് ദൗത്യം. ശാസ്ത്രീയ നൃത്തത്തിനൊപ്പം ഹുല ഹൂപ്പും സംയോജിപ്പിച്ച് ഇത്തരമൊരു നേട്ടം ലോകത്താദ്യം.

എറണാകുളം വാഴക്കുളം ചാവറ ഇന്റർനാഷണൽ അക്കാഡമി ഓഡിറ്റോറിയത്തിലായിരുന്നു ഗിന്നസ് പരീക്ഷണം. ഭരതനാ‌ട്യത്തിനൊപ്പം മൂന്ന് മിനിട്ടിനിടെ സിന്നുവിന്റെ അരയിൽ കറങ്ങുന്ന റിംഗ് 251 തവണ ഭ്രമണംചെയ്തു. ആദ്യ മിനിട്ടിൽ 89 കറക്കം. തുടർന്ന് യഥാക്രമം 78, 84 വൃത്തങ്ങൾ പൂർത്തിയാക്കി. ഗിന്നസ് അധികൃതർ നിഷ്കർഷിച്ച മാനദണ്ഡങ്ങളിൽ വിദഗ്ദ്ധരുടെ മേൽനോട്ടത്തിലായിരുന്നു പ്രകടനം. ഓരോ റൗണ്ടും എണ്ണാനായി റിംഗിൽ റിബൺ കൊണ്ട് അടയാളമിട്ടിരുന്നു.

ബംഗളൂരു ക്രിസ്തുജയന്തി കൽപിത സർവകലാശാലയിൽ ബി.എസ്.സി ബയോടെക്നോളജി/ബയോകെമിസ്ട്രി അവസാനവർഷ വിദ്യാർത്ഥിയാണ് സിന്നു. 10 വയസുമുതൽ ശാസ്ത്രീയ നൃത്തം പഠിക്കുന്നുണ്ട്. എട്ടാം ക്ലാസിലായിരുന്നപ്പോൾ റിയാലിറ്റി ഷോയിൽ കണ്ട പ്രകടനം പ്രചോദനമായി. ശ്രമകരമെങ്കിലും പരിശീലിച്ചു. സ്വായത്തമായതോടെ ഗിന്നസ് എന്ന ചിന്തയുയർന്നു. ഇന്ത്യൻ ബുക്, ഏഷ്യൻ ബുക്, ഇന്റർനാഷണൽ ബുക് ഒഫ് റെക്കാഡ്സ് എന്നിവയും നേടിയിട്ടുണ്ട്.

ആർ.പി.എഫ് ഉദ്യോഗസ്ഥൻ കല്ലൂർക്കാട് കുളമ്പുകാട്ട് കെ.കെ.കുര്യാക്കോസിന്റേയും കാർമ്മൽ പബ്ലിക് സ്കൂൾ അദ്ധ്യാപിക ബെൻസി പോളിന്റേയും മകളാണ്. 12-ാം ക്ലാസ് വിദ്യാർത്ഥി അന്നു സഹോദരിയാണ്.

ഹുല ഹൂപ്പ്

അരയിൽ വട്ടം ചുറ്റിച്ച് കളിക്കാനുള്ള വളയം. നാടൻ പേരുകളില്ല. സ്പോർട്സ് ഷോറൂമുകളിൽ പല ഇനങ്ങൾ ലഭ്യമാണ്. താരതമ്യേന കനം കുറഞ്ഞതാണ് സിന്നുവിന് ഇഷ്ടം. ഇതിന് ശരാശരി 500 രൂപ വരും.

 എം.എസ്.സിക്ക് ചേരണം. അതിനിടെ മറ്റൊരു വ്യത്യസ്ത പ്രകടനവും പ്രതീക്ഷിക്കാം.

- സിന്നു

TAGS: DANCE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY