കൊച്ചി: ശാരീരിക- മാനസിക വൈകല്യങ്ങളുള്ള കുട്ടികളുടെ വ്യക്തിവികാസത്തിന് നൃത്തപഠനം ഉതകുമെന്ന് നർത്തകൻ എറണാകുളം ഗാന്ധിനഗർ സ്വദേശി സുനിൽ നെല്ലായ്. സ്‌കൂളുകളിൽ 9-ാം ക്ലാസ് വരെ നൃത്തപഠനം നിർബന്ധമാക്കിയാൽ പഠനവൈകല്യങ്ങൾ ലഘൂകരിക്കാം.
ജന്മനാ വലതുകൈക്ക് സ്വാധീനമില്ലാതിരുന്ന അങ്കമാലി സ്വദേശി ജോബിയും ഒരു വയസുള്ളപ്പോൾ വലതുകൈയിലെ രണ്ട് വിരലുകൾ നഷ്ടപ്പെട്ട എറണാകുളം സ്വദേശി ഡോ. ദേവിക നായരും സുനിലിന്റെ ശിഷ്യരായിരുന്നു. ഇരുവരും വൈകല്യങ്ങളെ അതിജീവിച്ചത് നൃത്തത്തിലൂടെയാണ്. എൻജിനിയറിംഗിൽ പിഎച്ച്.ഡി നേടിയ ദേവിക ഓസ്ട്രേലിയയിലാണ്. 9-ാം വയസിൽ കൈയുടെ സ്വാധീനം വീണ്ടെടുത്ത ജോബി അങ്കമാലിയിൽ നൃത്താദ്ധ്യാപകനും.
പൊരുതി നേടിയ യോഗ്യത
പെൺകുട്ടികളെ മാത്രം പഠിപ്പിച്ചിരുന്ന തൃപ്പൂണിത്തുറ ആർ.എൽ.വി കോളേജിൽ 1984ൽ നിയമപോരാട്ടത്തിലൂടെ ഭരതനാട്യത്തിന് പ്രവേശനം നേടിയ ആദ്യത്തെ ആൺതരിയാണ് സുനിൽ. നാട്യശാസ്ത്രം രചിച്ച ഭരതമുനിയും നാട്യത്തിന്റെ രാജാവ് നടരാജനും ആണുങ്ങളല്ലേ എന്ന സുനിലിന്റെ വാദം ഏറ്റു. ഏഴു വർഷത്തെ ഭരതനാട്യം പി.ജി ഡിപ്ലോമയും ഓൾ സെയിന്റ്സ് കോളേജിൽ നിന്ന് ചരിത്രത്തിൽ ബിരുദവും നേടി, ഏഴു വർഷം ആർ.എൽ.വിയിലും ഏഴു മാസം കാലടി ശ്രീശങ്കര യൂണിവേഴ്സിറ്റിയിലും ഗസ്റ്റ് അദ്ധ്യാപകനായി. രാജ്യത്തിനകത്തും പുറത്തുമായി ആയിരത്തിലേറെ വേദികളിൽ നൃത്തം അവതരിപ്പിച്ചു. 20ലേറെ സീരിയലുകളിലും ചില സിനിമകളിലും അഭിനയിച്ചു.
കലാകുടുംബം
സുനിലിന്റെ മധുക്കരമുക്ക് മന നൃത്തക്കളരിയാണ്. ഭാര്യ രശ്‌മി നാരായണൻ വടുതല ചിന്മയ വിദ്യാലയത്തിൽ ഹിന്ദി അദ്ധ്യാപിക. ഗായികയും ഗാനരചയിതാവുമാണ്. 'സഹപാഠി 75" എന്ന സിനിമയിൽ 'മറഞ്ഞു... മഴമേഘങ്ങൾ" എന്ന ഗാനം എഴുതി ചിട്ടപ്പെടുത്തി ആലപിച്ചു. സുനിലിന്റെ ഭരതനാട്യത്തിന് ഗാനം എഴുതി ചിട്ടപ്പെടുത്തും. മകൾ മാളവിക എം.ബി.ബി.എസ് വിദ്യാർത്ഥിനി. മകൻ മാധവ് പ്ലസ് വൺ വിദ്യാർത്ഥി. ഇരുവരും നൃത്ത, സിനിമ, സീരിയൽ താരങ്ങൾ. മാധവ് ഏഷ്യാനെറ്റിൽ ശ്രീ അയ്യപ്പനായും ഫ്ലവേഴ്സിൽ നന്ദനം സീരിയലിൽ കൃഷ്ണനായും വേഷമിട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |