പാലക്കാട്: റോബിൻസൺ റോഡിലെ കെ.പി.എം റീജൻസി ഹോട്ടലിൽ ചൊവ്വാഴ്ച അർദ്ധരാത്രി കോൺഗ്രസ് വനിതാ നേതാക്കളുടെ മുറികളിൽ പൊലീസ് പരിശോധന നടത്തിയത് വൻ പ്രതിഷേധത്തിനും സംഘർഷത്തിനും ഇടയാക്കി. പാലക്കാട് ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനായി മറ്റ് രാഷ്ട്രീയ പാർട്ടികളിലെ നേതാക്കളടക്കം തങ്ങുന്ന ഹോട്ടലിൽ തുടക്കത്തിൽ വനിതാ പൊലീസിന്റെ അസാന്നിദ്ധ്യത്തിലായിരുന്നു പരിശോധന.
അനധികൃതമായി പണം എത്തിച്ചിട്ടുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്നാണ് പരിശോധനയെന്നാണ് പൊലീസ് ആദ്യം പറഞ്ഞത്. എന്നാൽ, സ്ഥലത്തെത്തിയ എ.എസ്.പി അശ്വതി ജിജി പതിവ് പരിശോധനയുടെ ഭാഗമാണെന്ന് തിരുത്തി. കോൺഗ്രസ് നേതാക്കളായ ഷിനിമോൾ ഉസ്മാൻ,ബിന്ദു കൃഷ്ണ എന്നിവരുടെ മുറികളിൽ ഉൾപ്പെടെയായിരുന്നു പരിശോധന. വിവരമറിഞ്ഞ് ഹോട്ടലിലെത്തിയ കോൺഗ്രസ് പ്രവർത്തകരും സി.പി.എം, ബി.ജെ.പി പ്രവർത്തകരും തമ്മിൽ വാക്കേറ്റവും ഉന്തും തള്ളുമായി. ഹോട്ടലിന് പുറത്തും പലതവണ ഏറ്റുമുട്ടി.
വനിതാ ഉദ്യോഗസ്ഥർ ഇല്ലാതെ പരിശോധന നടത്തുന്നതിനെതിരെ ഷാനിമോൾ ഉസ്മാൻ മുറിക്ക് പുറത്തിറങ്ങി പ്രതിരോധിച്ചു. ഇതിനു പിന്നാലെ ബിന്ദു കൃഷ്ണയും ഭർത്താവ് കൃഷ്ണകുമാറും താമസിച്ച മുറിയിൽ കയറി പരിശോധിച്ചു. ഇന്നലെ പുലർച്ചെ മുന്നു വരെ സംഘർഷസ്ഥിതി തുടർന്നു. എം,പിമാരായ വി.കെ.ശ്രീകണ്ഠൻ, ഷാഫി പറമ്പിൽ, കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാല എന്നിവരടക്കം ഹോട്ടലിലെത്തി പൊലീസിനെ തടയാൻ നേതൃത്വം നൽകി. പരിശോധനയിൽ എന്തു കിട്ടിയെന്ന് പൊലീസ് എഴുതി നൽകണമെന്ന് കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടു. തുടർന്ന് ഒന്നും ലഭിച്ചില്ലെന്ന് പൊലീസ് എഴുതി നൽകി. പൊലീസ് തങ്ങളെ അപമാനിക്കും വിധം പെരുമാറിയെന്ന് ഷാനിമോൾ ഉസ്മാനും ബിന്ദു കൃഷ്ണയും പ്രതികരിച്ചു. പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് യു.ഡി.എഫ് ഇന്നലെ എസ്.പി ഓഫീസ് മാർച്ച് നടത്തി. പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി.
പരിശോധിച്ചത് 12 മുറികളിൽ
ഹോട്ടലിൽ സി.പി.എം നേതാക്കളുടെ മുറികളിലും പൊലീസ് പരിശോധിച്ചു. എം.വിജിൻ എം.എൽ.എ, ടി.വി.രാജേഷ്, എം.വി.നികേഷ് കുമാർ എന്നിവരുടെ മുറികളിലായിരുന്നു പരിശോധന. 42 മുറികളുള്ള ഹോട്ടലിൽ 12 മുറികൾ മാത്രമാണ് പരിശോധിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |