തിരുവനന്തപുരം: ഒളിവിൽ പോവാൻ ഒരുങ്ങുന്നതിനിടെയാണ് ഉണ്ണികൃഷ്ണൻ പോറ്റിയെ മിന്നൽ വേഗത്തിൽ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. റാന്നി കോടതിയിൽ നൽകിയ റിപ്പോർട്ടിൽ ക്രൈംബ്രാഞ്ച് വ്യക്തമാക്കിയതാണ് ഇക്കാര്യം. പോറ്റി ഒളിവിൽ പോകാനിടയുണ്ടെന്ന് വിവരം ലഭിച്ചു. മൊബൈൽ ഓഫായിരുന്നു. ഹൈക്കോടതി അന്വേഷണത്തിന് സമയപരിധി നിശ്ചയിച്ചിട്ടുള്ളതിനാൽ ഒളിവിൽ പോയാൽ അന്വേഷണം നീളും. അതിനാൽ ഡിവൈ.എസ്.പി എസ്.എസ്. സുരേഷ്ബാബു വ്യാഴാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടോടെ പോറ്റിയെ വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഭാര്യ ഗായത്രീദേവിയെ ഫോണിൽ വിളിച്ച് കസ്റ്റഡി വിവരമറിയിക്കാൻ പോറ്റിയെ അനുവദിച്ചു. ആവശ്യപ്പെട്ട ഭക്ഷണവും വെള്ളവും നൽകി. ബന്ധുക്കളെ ഫോണിൽ വിളിക്കാനും അനുവദിച്ചു. അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന എസ്.പി ശശിധരൻ ഈ സമയം ശബരിമലയിൽ അന്വേഷണത്തിലായിരുന്നു. കസ്റ്റഡിയിലെടുത്ത പോറ്റിയെ ഈഞ്ചയ്ക്കലിലെ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിച്ച് ചോദ്യം ചെയ്തു. ശബരിമലയിലെ അന്വേഷണം പൂർത്തിയാക്കിയ ശേഷം എസ്.പി എസ്.ശശിധരൻ ഈഞ്ചയ്ക്കലിലെ ക്രൈംബ്രാഞ്ച് ഓഫീസിൽ പുലർച്ചെ പന്ത്രണ്ടരയ്ക്കാണ് എത്തിയത്. വെള്ളിയാഴ്ച പുലർച്ചെ 2.40നാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് വിവരമറിയിച്ച് ഭാര്യാസഹോദരൻ ഹരികൃഷ്ണന് നോട്ടീസ് നൽകി. അഭിഭാഷകൻ ശാസ്തമംഗലം അജിത്തിന്റെ ഫോൺ ഓഫായിരുന്നതിനാൽ സന്ദേശമയച്ചു. പുലർച്ചെ മൂന്നിന് ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധന നടത്തി. തിരികെ ഈഞ്ചയ്ക്കലിലെ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിച്ചു. രാവിലെ ഏഴരയോടെ റാന്നി ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കി. 14ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ദേവസ്വം ബോർഡ് കമ്മിഷണറുടെ പരാതിയിലെടുത്ത കേസിലാണ് അറസ്റ്റ്. രണ്ടാമത്തെ കേസിലും അറസ്റ്റ് ഉടനുണ്ടാവും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |