
മലപ്പുറം: വെൽഫെയർ പാർട്ടിയുമായുള്ള ബന്ധം തദ്ദേശ തിരഞ്ഞെടുപ്പിൽ മലപ്പുറം, കോഴിക്കോട് ജില്ലകളിൽ കൂടുതൽ സീറ്റുകൾ ലഭിക്കാൻ വഴിയൊരുക്കുമെന്ന ആത്മവിശ്വാസത്തിൽ മുസ്ലിം ലീഗ്. കോൺഗ്രസുമായുള്ള പ്രാദേശിക പോരിലെ പരിക്ക് കുറയ്ക്കും. വെൽഫെയർ ബന്ധത്തെ ചൊല്ലി സമസ്തയിലെ ലീഗ് വിരുദ്ധരുടെ നീക്കങ്ങൾക്ക് നേതൃത്വത്തിന്റെ പിന്തുണ ലഭിക്കാത്തതും വിവാദ പ്രതികരണങ്ങൾ വേണ്ടെന്ന സമസ്ത അദ്ധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങളുടെ നിലപാടും ലീഗിന് കരുത്തേകുന്നുണ്ട്. വെൽഫെയർ ബന്ധത്തിൽ മുജാഹിദ് വിഭാഗങ്ങളും സമവായ പാതയിലാണ്.
പൊന്നാനി ലോക്‌സഭ സീറ്റിൽ വെൽഫെയർ ബന്ധം സി.പി.എമ്മും സമസ്തയിലെ ലീഗ് വിരുദ്ധരും മുഖ്യ പ്രചാരണായുധമാക്കിയിട്ടും ഭൂരിപക്ഷം പ്രതീക്ഷകൾക്കപ്പുറം ഉയർന്നു. പാലക്കാട്, നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലും വെൽഫെയർ ബന്ധത്തെ ചൊല്ലിയുള്ള വിവാദങ്ങൾ വിലപ്പോയില്ല.
വെൽഫെയർ പാർട്ടിക്ക് സ്വാധീനമുള്ള ഇടങ്ങളിലാണ് സഖ്യത്തിന് മുസ്‌ലിം ലീഗ് തയ്യാറായിട്ടുള്ളത്. പ്രാദേശികമായി എതിർപ്പിന് സാദ്ധ്യതയുള്ള ഇടങ്ങളിലൊന്നും വെൽഫെയർ ധാരണയ്ക്ക് ലീഗ് തയ്യാറായിട്ടില്ല. നിയമസഭ തിരഞ്ഞെടുപ്പിൽ അധിക സീറ്റ് ഉന്നമിടുന്ന ലീഗിന് തദ്ദേശ തിരഞ്ഞെടുപ്പിൽ മികച്ച വിജയം അനിവാര്യമാണ്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ മലപ്പുറത്ത് പത്തോളം പഞ്ചായത്തുകളിൽ ഭരണം പിടിച്ചെടുക്കാൻ വെൽഫെയർ സഖ്യത്തിലൂടെ സാധിച്ചെന്നാണ് ലീഗിന്റെ വിലയിരുത്തൽ.
ലക്ഷ്യം നൂറ് സീറ്റ്
യു.ഡി.എഫുമായുള്ള പ്രാദേശിക സഖ്യത്തിലൂടെ വെൽഫെയർ പാർട്ടി ലക്ഷ്യമിടുന്നത് നൂറിൽ കുറയാത്ത സീറ്റുകൾ. ഇതിൽ പകുതിയും മലപ്പുറം ജില്ലയിൽ നിന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ മലപ്പുറത്ത് 25 മെമ്പർമാരുണ്ട്. സംസ്ഥാനത്ത് 300ഓളം സീറ്റുകളിലാണ് വെൽഫെയർ പാർട്ടി മത്സരിക്കുന്നത്. ഇതിൽ യു.ഡി.എഫുമായി ധാരണയില്ലാത്ത സീറ്റുകളുമുണ്ട്. സീറ്റുകളുടെ കാര്യത്തിൽ ലീഗ് ഇത്തവണ വേണ്ടത്ര പരിഗണിച്ചില്ലെന്നും ലീഗിനും കോൺഗ്രസിനും നേട്ടമുണ്ടാവുന്ന ഇടത്ത് മാത്രമേ സഖ്യത്തിന് തയ്യാറായിട്ടുള്ളൂ എന്നുമാണ് വെൽഫെയർ പാർട്ടിയുടെ വികാരം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |