
മലപ്പുറം: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഏതെങ്കിലുമൊരു ഘട്ടത്തിൽ ഹിന്ദു വർഗീയവാദിയായെന്ന നിലപാട് സി.പി.എമ്മിനില്ലെന്ന് പൊളിറ്റ് ബ്യൂറോയംഗം എ. വിജയരാഘവൻ. മലപ്പുറം പ്രസ് ക്ലബ്ബിലെ മീറ്റ് ദ ലീഡർ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതുസാമൂഹിക നീതിക്ക് വിരുദ്ധമായ നിലപാടാണ് വെള്ളാപ്പള്ളി സ്വീകരിക്കുന്നതെങ്കിൽ അഭിപ്രായ വ്യത്യാസം സി.പി.എം പറയാറുണ്ട്. വെള്ളാപ്പള്ളിയെ ഒരു വർഗീയവാദിയായി ഇതുവരെ ആരും പറഞ്ഞിട്ടില്ല. അദ്ദേഹം അങ്ങനെയാണെന്ന് കരുതാനുമാവില്ല. എസ്.എൻ.ഡി.പിയെ കേരളത്തിന്റെ പൊതുസ്വത്തായി വേണം കാണാൻ. വിവിധ സമുദായങ്ങൾക്ക് നവോത്ഥാനപരമായ പ്രവർത്തനങ്ങൾ നടത്താൻ പ്രചോദനമേകിയ പ്രസ്ഥാനമാണിതെന്നും വിജയരാഘവൻ പറഞ്ഞു. വെള്ളാപ്പള്ളി നടേശന്റെ മലപ്പുറം പരാമർശം സംബന്ധിച്ച മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വെൽഫെയർ പാർട്ടിയുമായി കോൺഗ്രസ് സന്ധി ചെയ്തത് ആപത്കരമായ രാഷ്ട്രീയ നിലപാടാണ്. ജമാഅത്തെ ഇസ്‌ലാമി വിഴുങ്ങിയ ലീഗാണ് ഇപ്പോഴുള്ളതെന്നും വിജയരാഘവൻ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |