ന്യൂഡൽഹി: വയനാട് പാക്കേജ്, എയിംസ് അടക്കമുള്ള ആവശ്യങ്ങളുന്നയിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നു രാവിലെ 10.30ന് ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്‌ച നടത്തും. വയനാട് ദുരന്തമുണ്ടായ ഉടൻ സ്ഥലം സന്ദർശിച്ച പ്രധാനമന്ത്രി വാഗ്‌ദാനം ചെയ്‌ത സഹായം അടക്കം ചർച്ച ചെയ്യാൻ മുഖ്യമന്ത്രി ഇന്നലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ആരോഗ്യമന്ത്രി ജെ.പി. നദ്ദ, ധനമന്ത്രി നിർമ്മല സീതാരാമൻ എന്നിവരെ കണ്ടിരുന്നു.
ആഭ്യന്തര മന്ത്രിയായശേഷം അമിത് ഷായുമായി മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ ആദ്യ കൂടിക്കാഴ്‌ചയായിരുന്നു ഇന്നലത്തേത്. കൃഷ്ണമേനോൻ മാർഗിലെ ഔദ്യോഗിക വസതിയിൽ നടന്ന കൂടിക്കാഴ്‌ചയിൽ അമിത് ഷായും മുഖ്യമന്ത്രിയും മാത്രമാണ് പങ്കെടുത്തത്. ദുരന്ത സഹായം അനുവദിക്കേണ്ടത് അമിത് ഷാ അദ്ധ്യക്ഷനായ സമിതിയാണ്. വായ്‌പാ പരിധി വർദ്ധിപ്പിക്കൽ അടക്കം വിഷയങ്ങളിൽ ധനകാര്യ മന്ത്രി നിർമ്മല സീതാരാമനുമായി ചർച്ച നടത്തി. വയനാട് വിഷയം ചർച്ചയായില്ലെന്നും മറ്റ് കാര്യങ്ങളിൽ അനുകൂലമായ ഉറപ്പ് ലഭിച്ചതായും ഒപ്പമുണ്ടായിരുന്ന സംസ്ഥാന ധനമന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |