
ടെഹ്റാൻ: കളിചിരികളുമായി പാറിപ്പറക്കേണ്ടവരായിരുന്നു അവർ. ഒന്നുമറിയാത്ത നിഷ്കളങ്കരായ ഈ കുരുന്നുകൾ ഇന്ന് ലോകത്തിന് നൊമ്പരമാണ്. വേദനകളില്ലാത്ത ലോകത്തേക്ക് അവർ യാത്രയായി. ഇറാനിലുണ്ടായ യു.എസ്-ഇസ്രയേൽ ആക്രമണത്തിന്റെ ഏറ്റവും ക്രൂരമായ മുഖമാണ് സംസ്കാരത്തിനായി നിരനിരയായി എടുത്ത ഈ കുഴികൾ. ഇവിടെ അന്ത്യവിശ്രമം കൊള്ളുന്ന കുരുന്നുകളെയും ഒരിക്കലും ലോകം മറക്കില്ല.
ആക്രമണത്തിന്റെ ആദ്യ ദിനമായ ശനിയാഴ്ച കൊല്ലപ്പെട്ട 7നും 12നും ഇടയിൽ പ്രായമുള്ള നൂറിലേറെ പെൺകുട്ടികൾക്കായി ഒരുക്കിയ കുഴിമാടങ്ങളാണിവ. ഇവർ പഠിച്ചിരുന്ന തെക്കൻ ഇറാനിലെ മിനാബിലെ ഷജാരേ തയ്യബേ സ്കൂൾ ആക്രമണത്തിൽ തകർന്നടിയുകയായിരുന്നു. സ്ഫോടനത്തിന്റെ തീവ്രത മൂലം മിക്ക കുട്ടികളെയും തിരിച്ചറിയാൻ പോലും കഴിഞ്ഞില്ല. നിസ്സഹായരായി മാതാപിതാക്കൾ തങ്ങളുടെ മക്കളെ തേടി അലഞ്ഞു.
183 പെൺകുട്ടികൾ സ്ഫോടനത്തിൽ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ട്. എന്നാൽ 165 പേരാണ് കൊല്ലപ്പെട്ടതെന്ന് ചില സംഘടനകൾ പറയുന്നു. നൂറിലേറെ പേർക്ക് പരിക്കേറ്റു. ഹോർമോസ്ഗൻ പ്രവിശ്യയിൽ ഒമാൻ ഉൾക്കടലിന് സമീപമാണ് സ്കൂളിന്റെ സ്ഥാനം. ഇറാൻ റെവല്യൂഷണറി ഗാർഡിന്റെ കേന്ദ്രം സ്കൂളിനടുത്തുണ്ട്. ഈ കേന്ദ്രത്തെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണമാകാം സ്കൂളിനെയും തകർത്തതെന്ന് കരുതുന്നു. തങ്ങൾ ബോധപൂർവ്വം സ്കൂളിനെ ആക്രമിച്ചില്ലെന്നും അന്വേഷണം ആരംഭിച്ചെന്നുമാണ് യു.എസിന്റെ പ്രതികരണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |