തുറവൂർ (ആലപ്പുഴ): മദ്യത്തിനു പകരം സാനിറ്റൈസർ കുടിച്ചെന്ന് സംശയിക്കുന്ന സുഹൃത്തുക്കളായ രണ്ടുപേരെ വീടുകളിൽ മരിച്ച നിലയിൽ കണ്ടെത്തി.ചാവടി കൊല്ലശേരിൽ പരേതരായ കരുണാകരന്റെയും സരോജിനിയുടെയും മകൻ ബൈജു (50), സുഹൃത്തും സമീപവാസിയുമായ ചാവടി കൈതവളപ്പിൽ ചാർളിയുടെയും ഏലിയാമ്മയുടെയും മകൻ സ്റ്റീഫൻ (46) എന്നിവരാണ് മരിച്ചത്.ഇന്നലെ രാവിലെ സമീപവാസികളാണ് ഇരുവരെയും സ്വന്തം വീടുകളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യയും മകളുമായി അകന്നു കഴിയുന്ന ബൈജു വീട്ടിൽ ഒറ്റയ്ക്കാണ്. സ്റ്റീഫന്റെ മുറിയിൽ നിന്ന് ഒഴിഞ്ഞ സാനിറ്റൈസർ കുപ്പിയും ഗ്ളാസും കണ്ടെത്തി. സോഡ ഒഴിച്ച് സാനിറ്റൈസർ കുടിച്ചാൽ ലഹരി കിട്ടുമെന്ന് ഇരുവരും പറയാറുണ്ടായിരുന്നെന്ന് സുഹൃത്തുക്കൾ പൊലീസിനോടു പറഞ്ഞു. കടുത്ത പ്രമേഹരോഗിയായ ബൈജു ഡ്രൈവറാണ്. ഭാര്യ: ഷീജ. മകൾ: അപർണ. സ്റ്റീഫൻ കൂലിപ്പണിക്കാരനാണ്. ഭാര്യ: ബേബി. മക്കൾ: ക്രിസ്റ്റീന, സ്റ്റെഫിന, പരേതനായ സ്റ്റെഫീൻ. മൃതദേഹങ്ങൾ തുറവൂർ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാകൂവെന്ന് പൊലീസ് പറഞ്ഞു. ചാവടി മേഖലയിലെ മെഡിക്കൽ സ്റ്റോറുകൾ ഉൾപ്പെടെയുള്ള കടകളിൽ നിന്ന് സാനിറ്റൈസർ വൻതോതിൽ വിറ്റുപോകുന്നതായും മദ്യപാനികൾ ഇവ ഉപയോഗിക്കുന്നതായും കേരളകൗമുദി മാസങ്ങൾക്ക് മുൻപ് റിപ്പോർട്ട് ചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |